Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിമാനം ഹൈജാക്ക് ചെയ്താല്‍ നേരിടാൻ കരിപ്പൂര്‍ സജ്ജം

22 May 2026 08:10 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ബംഗളൂരുവില്‍നിന്ന് ഉച്ചക്കുശേഷം 3.07ന് കരിപ്പൂരിലേക്ക് എത്തിയ വിമാനം തീവ്രവാദികള്‍ ഹൈജാക്ക് ചെയ്യുന്നു. ഉടൻ രക്ഷാ പ്രവർത്തനവുമായി കരിപ്പൂർ എയർപോർട്ട് അഥോറിറ്റി രംഗത്ത്.


കരിപ്പൂരില്‍ എത്തിയ എബിസി എയർലൈൻ ആണ് യാത്രക്കാരുടെ കൂട്ടത്തില്‍ വിമാനത്തില്‍ കയറിയ നാലു തീവ്രവാദികളുടെ നേതൃത്വത്തില്‍ ഹൈജാക്ക് ചെയ്തത്. ആകെ 25 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ വിവരം പൈലറ്റ് വഴി എടിസിയെയും തുടർന്ന് എയർപോർട്ട് അഥോറിറ്റിയെയും അറിയിക്കുന്നു. തുടർന്ന് രക്ഷപ്രവർത്തനത്തിന്റെ ഭാഗമായി വിലപേശല്‍ നടത്തി എൻഎസ്ജിയുടെ നേതൃത്വത്തില്‍ തീവ്രവാദികളെ കീഴടക്കി യാത്രക്കാരെ രക്ഷിച്ചു.


യാത്രാമധ്യേ വിമാനം ഹൈജാക്ക് ചെയ്താല്‍ എങ്ങനെ നേരിടണമെന്നതിന്റെ ഭാഗമായാണ് കരിപ്പൂരില്‍ ആന്റി ഹൈജാക്ക് മോക്ക് എക്സർസൈസ് സംഘടിപ്പിച്ചത്. വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടാല്‍ സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, പ്രതികരണ സമയം, വിവിധ ഏജൻസികളുടെ ഏകോപനം, കമാൻഡ് കണ്ട്രോള്‍ തുടങ്ങിയവയാണ് ഇതുവഴി വിലയിരുത്തിയത്.


വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങള്‍ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഇത്തരത്തിലുള്ള സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചാണ് മോക്ക് എക്സർസൈസ് നടത്തുന്നത്.


മോക്ക് എക്സർസൈസിന് ശേഷം ശേഷം എല്ലാ ഏജൻസികളുടെയും സഹകരണത്തോടെ വിശദമായ അവലോകന യോഗം എയർപോർട്ട് ഡയറക്ടറുടെ നേതൃത്വത്തില്‍ നടത്തി.

മികച്ച പ്രവർത്തനരീതികളും മെച്ചപ്പെടുത്തേണ്ട മേഖലകളും സംബന്ധിച്ചു വിവിധ വകുപ്പുകളില്‍ ഉള്ളവർ സംസാരിച്ചു.


എയർലൈനുകള്‍, ദുരന്ത നിവാരണ സേന, ജില്ലാ ഭരണകൂടം, എയർപോർട്ട് അഥോറിറ്റി, സിഐഎസ്‌എഫ് ടീം, പോലീസ്, എയർപോർട്ട് ഹെല്‍ത്ത് ഓർഗനൈസേഷൻ, ഐബി, എമിഗ്രേഷൻ, മെഴ്സി, റിലീഫ് ആശുപത്രികള്‍, തുടങ്ങി വിവിധ ഏജൻസികള്‍ മോക്ക് എക്സർസൈസില്‍ പങ്കെടുത്തു.

എയർപോർട്ട് ഡയറക്ടർ മുകേഷ് യാദവ്, സബ് കളക്ടർ സാക്ഷി മോഹൻ, സിഐഎസ്‌എഫ് കമാൻഡന്റ് ജെഎസ് രാത്തോഡ്, ഡിവൈഎസ്പി സുഭാഷ് ബാബു തുടങ്ങിയവർ നേതൃത്വം നല്‍കി.

Follow us on :

More in Related News