Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സര്‍ക്കാരിനെയും കേരള പൊലീസിനേയും വിമര്‍ശിച്ച് കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ് മുഖപ്രസംഗം

12 Oct 2024 11:37 IST

- Antony Ashan

Share News :

കോഴിക്കോട്: സര്‍ക്കാരിനെയും കേരള പൊലീസിനേയും വിമര്‍ശിച്ച് കാന്തപുരം വിഭാഗം മുഖപത്രമായ സിറാജ് മുഖപ്രസംഗം. കേരള പൊലീസില്‍ ആര്‍ എസ് എസ് വത്ക്കരണം ഊര്‍ജിതമാണ്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസുകളില്‍ നടപടിയില്ല. കേരള പൊലീസിന്റെ പല നടപടികളിലും ആര്‍എസ്എസ് വിധേയത്വം പ്രകടമാണെന്നും ന്യൂനപക്ഷ സമുദായ സംഘടനകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്നും സിറാജ് വിമര്‍ശിച്ചു. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന കെ പി ശശികലയ്ക്കെതിരെ നടപടി സ്വീകരിച്ചില്ല. ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. അവരെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ല. സാധാരണഗതിയില്‍ പൊലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതികളാണ് ഉയരുന്നത്. എന്നാല്‍ കേരള പൊലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആര്‍ എസ് എസിന്റെ ഉപകരണമായി മാറുകയാണെന്നും സിറാജ് കുറ്റപ്പെടുത്തി.

  • എഡിറ്റോറിയലിന്റെ പൂര്‍ണ്ണരൂപം:

മുന്‍ ഡി ജി പി. ആര്‍ ശ്രീലേഖ ബി ജെ പിയില്‍ ചേര്‍ന്നിരിക്കുന്നു. നരേന്ദ്ര മോദിയോടുള്ള ആരാധനയും പൊതുപ്രവര്‍ത്തനത്തിന് ഏറ്റവും അനുയോജ്യമായ പാര്‍ട്ടിയെന്ന ബോധ്യവും മൂലമാണ് ബി ജെ പി അംഗത്വമെടുത്തതെന്നാണ് ശ്രീലേഖയുടെ വിശദീകരണം. പിന്നാലെ, ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല ശ്രീലേഖയുടെ സംഘ്പരിവാര്‍ ബന്ധമെന്നും സര്‍വീസിലിരിക്കെ തന്നെ അവര്‍ സംഘ്പരിവാര്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നുമുള്ള വെളിപ്പെടുത്തലുമായി ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല രംഗത്തുവരികയും ചെയ്തു. 12 വര്‍ഷം മുമ്പ് സംഘ്പരിവാര്‍ സംഘടിപ്പിച്ച ദീപാവലി ആഘോഷച്ചടങ്ങ് ആര്‍ ശ്രീലേഖ ഉദ്ഘാടനം ചെയ്ത കാര്യവും ശശികല ചൂണ്ടിക്കാട്ടി.

പുതുമയുളള കാര്യമല്ല ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥരും സിവില്‍ ഉദ്യോഗസ്ഥരും ന്യായാധിപന്മാരും സൈനിക മേധാവികളും ബി ജെ പിയില്‍ ചേക്കേറുന്നതും സംഘ്പരിവാര്‍ സംഘടനകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതും. കേരളത്തില്‍ ഡി ജി പിമാരായിരുന്ന സെന്‍കുമാറും ജേക്കബ് തോമസും നേരത്തേ ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്. അല്‍ഫോന്‍സ് കണ്ണന്താനം ഉള്‍പ്പെടെ ബി ജെ പിയില്‍ ചേര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരും ധാരാളം. അത് നിയമപരമായി വിലക്കെപ്പെട്ട കാര്യമല്ല. സര്‍വീസ് കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനം വിലക്കപ്പെട്ടതാണെങ്കിലും സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

എന്നാല്‍ ബി ജെ പിയോടും സംഘ്പരിവാര്‍ സംഘടനകളോടുമുള്ള കൂറ് സര്‍വീസ് കാലത്ത് തന്നെ പ്രകടമാക്കുന്നതും ഔദ്യോഗിക സംവിധാനം വര്‍ഗീയ സംഘടനകള്‍ക്ക് അനുകൂലമായി ഉപയോഗപ്പെടുത്തുന്നതും ഗൗരവതരമായി കാണേണ്ടതുണ്ട്. ആര്‍ ശ്രീലേഖ സര്‍വീസിലിരിക്കെ തന്നെ സംഘ്പരിവാര്‍ പരിപാടികളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്ന കാര്യമാണല്ലോ ശശികല തുറന്നു പറഞ്ഞത്. നിലവില്‍ സര്‍വീസിലിരിക്കുന്ന എ ഡി ജി പി അജിത് കുമാറിന്റെ ആര്‍ എസ് എസുമായുള്ള ബന്ധവും സ്ഥിരീക്കപ്പെട്ടു. ആര്‍ എസ് എസിന്റെ പ്രമുഖ നേതാക്കളുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ് അദ്ദേഹം.

കേരള പോലീസിന്റെ പല നടപടികളിലും ആര്‍ എസ് എസ് വിധേയത്വം പ്രകടമാണ്. ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ പ്രതിസ്ഥാനത്ത് വരുന്ന കേസുകളില്‍, എത്ര പരാതികള്‍ ഉയര്‍ന്നാലും കേസ് ചാര്‍ജ് ചെയ്യുന്നത് അപൂര്‍വമാണ്. അഥവാ നിയമനടപടികള്‍ സ്വീകരിച്ചാല്‍ തന്നെ പ്രതികളെ മാനസികരോഗികളോ ലഹരിക്കടിമപ്പെട്ടവരോ ആക്കി കേസുകള്‍ അട്ടിമറിക്കുകയും ചെയ്യും. അതേസമയം, സംഘ്പരിവാര്‍ വിരുദ്ധ നിലപാടുകാരായ സാമൂഹിക- രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കും ന്യൂനപക്ഷ സംഘടനാ പ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരില്‍ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്, നിരന്തരം വിദ്വേഷ പ്രസംഗം നടത്തുന്ന ഹിന്ദുഐക്യവേദി നേതാവ് കെ പി ശശികലക്കെതിരെ ലഭിച്ച പരാതികളില്‍ ഒന്നില്‍ പോലും നിയമനടപടി സ്വീകരിക്കാത്തത് തുടങ്ങി നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട് ഈ വിഷയത്തില്‍.

ശബരിമല ഹര്‍ത്താലുമായി ബന്ധപ്പെട്ട് കോഴിക്കോട് മിഠായിത്തെരുവില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയപ്പോള്‍, അവരെ പ്രതിരോധിക്കാന്‍ മേലുദ്യോഗസ്ഥര്‍ ബോധപൂര്‍വം അനുവദിച്ചില്ലെന്ന് സാമൂഹിക മാധ്യമങ്ങളില്‍ തുറന്നെഴുതിയത് അന്നേരം സംഭവ സ്ഥലത്തുണ്ടായിരുന്ന സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ ഉമേഷ് വള്ളിക്കുന്നാണ്.

നിയമനടപടികളില്‍ സംഘ്പരിവാര്‍ വിധേയത്വം കാണിക്കുക മാത്രമല്ല, അതീവ രഹസ്യമായ ഫയലുകളടക്കം പോലീസ് വകുപ്പിലെ പല രഹസ്യ തീരുമാനങ്ങളും സേനയിലെ ആര്‍ എസ് എസ് സെല്‍, സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുന്നുവെന്ന് ഇന്റലിജന്‍സ് കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഇതടിസ്ഥാനത്തില്‍ സംഘ്പരിവാര്‍ അനുകൂലികളായ പോലീസുകാരെ കണ്ടെത്തി വിവരം നല്‍കാന്‍ ആഭ്യന്തരവകുപ്പ് പോലീസ് മേധാവികളോട് ആവശ്യപ്പെടുകയുമുണ്ടായി. ശബരിമല വിവാദ കാലത്ത് ക്ഷേത്രപ്രവേശനത്തിനായി സ്ത്രീകള്‍ എത്തുന്ന വിവരം മറ്റുള്ളവര്‍ക്ക് മുമ്പേ ആര്‍ എസ് എസുകാര്‍ക്കു ലഭിച്ചത് പോലീസില്‍ നിന്നായിരുന്നല്ലോ.

സാധാരണഗതിയില്‍ പോലീസ് ഭരണകക്ഷികളുടെ ഉപകരണമായി മാറുന്നുവെന്ന പരാതിയാണ് ഉയരാറുള്ളത്. എന്നാല്‍ കേരള പോലീസ് ഭരണപക്ഷത്തിന്റെ കടുത്ത വിരോധികളായ ആര്‍ എസ് എസിന്റെ ഉപകരണമായി മാറുന്നുവെന്നാണ് പരാതി. ഭരണകക്ഷിയെ എതിര്‍ക്കുന്നവര്‍ മാത്രമല്ല, ഭരണപക്ഷത്തെ സി പി ഐ ഉള്‍പ്പെടെ ഈ ആരോപണമുന്നയിക്കുന്നു. പാര്‍ട്ടി യോഗങ്ങളില്‍ സി പി എമ്മുകാരില്‍ നിന്നും ഉയരുന്നുണ്ട് ഈ പരാതിയെന്നാണ് വിവരം. അത്രയും ശക്തമാണ് പോലീസിലെ ആര്‍ എസ് എസ് സ്വാധീനം.

സേനക്കകത്തെ ആര്‍ എസ് എസിന്റെ പ്രവര്‍ത്തനമാണ് പോലീസുകാര്‍ക്കിടയില്‍ സംഘ്പരിവാര്‍ വിധേയത്വം ശക്തിപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. പോലീസിലെ ആര്‍ എസ് എസ് വിംഗ് 2017 ആഗസ്റ്റ് 17ന് കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തില്‍ പഠനശിബിരം നടത്തി സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വാട്സ്ആപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് പ്രതിമാസം യോഗം ചേരാനും തീരുമാനിച്ച വിവരം റിപോര്‍ട്ട് ചെയ്തത് സി പി എം നിയന്ത്രണത്തിലുളള കൈരളി ചാനലാണ്. ഇതിന്റെ പ്രതിഫലനമാണ് സേനയുടെ സംഘ്പരിവാര്‍ അനുകൂല നടപടികളും സര്‍വീസില്‍ നിന്ന് വിരമിച്ചവരുടെ ബി ജെ പിയിലേക്കുളള ചേക്കേറലും.

സര്‍വീസ് കാലത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചിട്ടും അത് ലംഘിച്ചും ഔദ്യോഗിക സ്വാധീനം ഉപയോഗപ്പെടുത്തിയും ഒരു വിഭാഗം കാവിവത്കരണ പരിപാടികള്‍ ഊര്‍ജിതമായി നടത്തുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ ആര്‍ജവമില്ലായ്മയാണ് പോലീസിലെ സംഘ്പരിവാര്‍ അനുകൂലികള്‍ക്ക് ഊര്‍ജം പകരുന്നത്.




Follow us on :

More in Related News