Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Feb 2025 15:54 IST
Share News :
ഗോള്‍കീപ്പര്‍ കമല്‍ജിത് സിങിനെ വായ്പാ കരാറില്‍ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. ഒഡീഷ എഫ്‌സിയില്‍ നിന്നെത്തുന്ന താരം സീസണ്‍ മുഴുവന്‍ ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍), ഐ ലീഗ് എന്നിവയിലെ സമ്പന്നമായ അനുഭവവുമായി എത്തുന്ന കമല്‍ ജിതിന്റെ സാന്നിധ്യം അവശേഷിക്കുന്ന സീസണില്‍ ടീമിനെ ശക്തിപ്പെടുത്തുമെന്നാണ് ക്ലബ്ബിന്റെ പ്രതീക്ഷ.
1995 ഡിസംബര്‍ 28ന് പഞ്ചാബിലായിരുന്നു കമല്‍ ജിതിന്റെ ജനനം. എഐഎഫ്എഫ് അക്കാദമിയില്‍ നിന്ന് ഫുട്‌ബോള്‍ കരിയറിന് തുടക്കമിട്ട താരം, 2014ല്‍ സ്‌പോര്‍ട്ടിങ് ക്ലബ് ഡി ഗോവയില്‍ ചേര്‍ന്ന് പ്രൊഫഷണല്‍ ഫുട്‌ബോളിലും വരവറിയിച്ചു. 2014 മുതല്‍ 2016 വരെ സ്‌പോര്‍ട്ടിങ് ഗോവക്കായി കളിച്ച് തന്റെ പ്രൊഫഷണല്‍ കരിയറിനും താരം തുടക്കമിട്ടു. 2014 ഒക്ടോബര്‍ 29ന് ഡ്യൂറന്റ് കപ്പില്‍ യുണൈറ്റഡ് എസ്‌സിക്കെതിരെയായിരുന്നു കമല്‍ജിതിന്റെ അരങ്ങേറ്റം.
2017ല്‍ മിനര്‍വ പഞ്ചാബിലെത്തി, ഇവിടെ ക്ലബ്ബിനായി രണ്ട് ഐ ലീഗ് മത്സരങ്ങളില്‍ ഗോള്‍വല കാത്തു. ഇതേവര്‍ഷം എഫ്‌സി പൂനെ സിറ്റിയില്‍ ചേര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും അരങ്ങേറി. 2019 വരെ ക്ലബ്ബില്‍ തുടര്‍ന്ന താരം 11 ഐഎസ്എല്‍ മത്സങ്ങളില്‍ കളിച്ച് വിലപ്പെട്ട അനുഭവവും സ്വന്തമാക്കി. 2019-2020 സീസണില്‍ ഹൈദരാബാദ് എഫ്‌സിക്കൊപ്പമായിരുന്നു. മികവാര്‍ന്ന പ്രകടനത്തിലൂടെ ടീമില്‍ സ്ഥിരസാന്നിധ്യമായി, 12 മത്സരങ്ങളില്‍ ഹൈദരാബാദിനായി കളിച്ചു. ഒഡീഷ എഫ്‌സിയായിരുന്നു അടുത്ത തട്ടകം, 2020-2022 സീസണില്‍ തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ ഗോള്‍വല കാത്തു. 2022-2024 സീസണില്‍ ഈസ്റ്റ് ബംഗാള്‍ എഫ്‌സിക്കായി 25 മത്സരങ്ങള്‍ കളിച്ച ശേഷം വീണ്ടും ഒഡീഷ എഫ്‌സിയിലേക്ക് മടങ്ങി. അണ്ടര്‍ 19, അണ്ടര്‍ 23 തലങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 19കാരന്‍ 2014 ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടംനേടി അന്താരാഷ്ട്ര അനുഭവവും നേടി.
കമല്‍ജിത് സിങിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് പുതിയ സൈനിങിനെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസ് പറഞ്ഞു. വിജയകരമായ ഒരു സീസണ്‍ ലക്ഷ്യമിടുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കഴിവും ടീമിന് വിലപ്പെട്ടതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നത് തന്റെ കരിയറിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണെന്ന് കമല്‍ജിത് സിങ് പറഞ്ഞു. ടീമിന്റെ വിജയത്തിനായി സംഭാവന നല്‍കാനും, ടീമിന്റെ ആകെ ലക്ഷ്യവുമായി ബന്ധിപ്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഗോള്‍കീപ്പിങ് വിഭാഗം ശക്തിപ്പെടുത്താനും ടീമിനകത്ത് ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനും കമല്‍ജിതിന്റെ വരവ് സഹായകരമാവുമെന്ന് ക്ലബ്ബ് വിശ്വസിക്കുന്നു. അവശേഷിക്കുന്ന സീസണില്‍ ക്ലബ്ബിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് അദ്ദേഹത്തിന്റെ സാന്നിധ്യം സഹായകമാകുമെന്നും ക്ലബ്ബിന് ആത്മവിശ്വാസമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.