Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറുടെ മൊഴി; ഉത്തരക്കും കാമുകന്‍ രജീഷിനും ജീവപര്യന്തം

18 Nov 2024 10:38 IST

Shafeek cn

Share News :

തിരുവനന്തപുരം: വര്‍ക്കലയില്‍ രണ്ടു വയസുകാരനായ ഏകലവ്യനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. വര്‍ക്കല ചെറുന്നിയൂര്‍ സ്വദേശി ഉത്തരക്കും (27) കാമുകന്‍ രജീഷിനുമാണ് കോടതി ശിക്ഷ വിധിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജി കെ വിഷ്ണുവാണ് ശിക്ഷി വിധിച്ചത്.


2018 ഡിസംബര്‍ 15 നാണ് രണ്ട് വയസ്സുകാരന്‍ ഏകലവ്യന്‍ അമ്മയുടെയും കാമുകന്റെയും കൈകളാല്‍ ദാരുണമായി കൊല്ലപ്പെട്ടത് .ഭര്‍ത്താവ് മനുവുമായി പിണങ്ങിയ ഉത്തര കാമുകന്‍ രജീഷുമായി വര്‍ക്കലയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. മിക്ക ദിവസങ്ങളിലും മകനെ ഉത്തര മാരകമായി മര്‍ദ്ദിച്ചിരുന്നു. സംഭവദിവസം രാവിലെ ശ്വാസതടസ്സവും ശാരീരിക അസ്സസ്ഥകളുമായി ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.


കുട്ടിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചതായും വാരിയെല്ല് പൊട്ടിയതായും കണ്ടെത്തിയിരുന്നു. കുട്ടിയുടെ ശരീരമാസകലം ക്ഷതവും കണ്ടെത്തിയിരുന്നു. ഇത്രയും പൈശാചികവും ക്രൂരവുമായ പീഡനം ഏറ്റുവാങ്ങിയ ശരീരം മുമ്പ് പോസ്റ്റ് മോര്‍ട്ടം ചെയ്തിട്ടില്ലെന്ന ഡോക്ടറുടെ മൊഴിയും കേസില്‍ വഴിത്തിരിവായി. തങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാനായി കുട്ടിയെ ഒഴിവാക്കുന്നതിനു വേണ്ടി കൊലപ്പെടുത്തുകയായിരുന്നു വെന്ന് ഇവര്‍ പിന്നീട് പൊലീസിനോട് സമ്മതിച്ചു. കൊലപാതകം നടത്തിയതിന് ജീവപര്യന്തം തടവും 50000 രൂപ പിഴയും , കുട്ടിയെ ഉപദ്രവിച്ച കുറ്റത്തിന് ജെ ജെ ആക്ട് പ്രകാരം രണ്ടു വര്‍ഷം തടവും 50000 രൂപ പിഴയുമാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ ജഡ്ജ് കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്.

Follow us on :

More in Related News