Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jul 2026 10:31 IST
Share News :
തിരുവനന്തപുരം: കുറഞ്ഞ വിലയിൽ ചിക്കൻ വിഭവങ്ങൾ നൽകുന്ന ആകർഷകമായ 'കോംബോ ഓഫർ' പരസ്യം കണ്ട് ഭക്ഷണം കഴിച്ചവർക്ക് കടുത്ത ഭക്ഷ്യവിഷബാധ. തിരുവനന്തപുരം കടയ്ക്കാവൂർ തെക്കുംഭാഗം എസ്ആർവി എൽപി സ്‌കൂളിന് സമീപമുള്ള ഭക്ഷണശാലയിൽ നിന്ന് ഷവർമയും ഷവായും കഴിച്ച 21 പേരെയാണ് കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേർന്ന് കട അടിയന്തിരമായി അടപ്പിച്ചു.
കടയ്ക്കാവൂരിലെ 'വി മാർട്ട്' സൂപ്പർ മാർക്കറ്റിനോട് ചേർന്ന് പുതുതായി ആരംഭിച്ച 'സിഗ്നേച്ചർ ഡിഷസ്' എന്ന കടയിൽ നിന്ന് ബുധനാഴ്ച ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഷവർമയും ഷവായയും ഒരുമിച്ച് നൽകുന്ന കോംബോ ഓഫർ കണ്ട് നിരവധി ആളുകളാണ് ഇവിടെ നിന്ന് ഭക്ഷണം വാങ്ങിയത്.
ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കകം തന്നെ പലർക്കും കടുത്ത വയറുവേദനയും ഛർദ്ദിയും അനുഭവപ്പെടുകയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ഇവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലും കടയ്ക്കാവൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. നിലവിൽ ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് മെഡിക്കൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും നടത്തിയ പരിശോധനയിൽ ഈ സ്ഥാപനത്തിന് ആവശ്യമായ യാതൊരുവിധ ലൈസൻസുകളോ തദ്ദേശ സ്ഥാപനത്തിന്റെ അനുമതിയോ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് കട അധികൃതർ പൂട്ടി സീൽ ചെയ്യുകയായിരുന്നു. ഇവിടെ നിന്നുള്ള ഭക്ഷണ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
കടയ്ക്കാവൂർ സ്വദേശികൾ: സ്നേഹ, സംഗീത്, ഗിരീഷ്, ദീപ, ശുഭ.
ആയാന്റെവിള സ്വദേശികൾ: ബിജു, മണി, രത്നമ്മ, പ്രിയറാണി, ദക്ഷിണ.
അഞ്ചുതെങ്ങ് വാടയിൽ സ്വദേശികൾ: ഉദയകുമാർ, ഗിരീശൻ, നിരുപമ, ഗ്രീഷ്‌മ, ഗൗരിനന്ദ, ഗൗതംകൃഷ്ണ.
ഊട്ടുപറമ്പ് സ്വദേശികൾ: ലാലി, ഷിബിൻ, മിന്നു, സെയിൽ, ഇഅമി.
പാതി വെന്ത മാംസം ഒഴിവാക്കുക: ഷവർമ, ഷവായ് പോലുള്ള ചിക്കൻ വിഭവങ്ങൾ കൃത്യമായ താപനിലയിൽ പൂർണ്ണമായി വെന്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം കഴിക്കുക.
ലൈസൻസ് പരിശോധിക്കുക: കൃത്യമായ ഭക്ഷ്യസുരക്ഷാ ലൈസൻസോ (FSSAI) ഹെൽത്ത് കാർഡോ ഇല്ലാത്തതും, വൃത്തിഹീനവുമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതുമായ കടകളിൽ നിന്ന് ഭക്ഷണം വാങ്ങരുത്.
മയോണൈസ് സൂക്ഷിക്കുക: മുട്ട ചേർത്തുണ്ടാക്കുന്ന മയോണൈസ് കൂടുതൽ സമയം പുറത്തുവെച്ചാൽ അതിൽ സാൽമൊണല്ല (Salmonella) ബാക്ടീരിയ വളരാൻ സാധ്യതയുണ്ട്. അതിനാൽ ഇത്തരം വിഭവങ്ങൾ പാകം ചെയ്ത് ഉടനടി കഴിക്കാൻ ശ്രദ്ധിക്കുക.
Follow us on :
Tags:
More in Related News
Please select your location.