Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കണ്ണൂര്‍ ഉറപ്പിച്ച് കെ സുധാകരൻ: മുഖ്യമന്ത്രിയുടെയും എംവി ഗോവിന്ദന്റെയും മണ്ഡലങ്ങളിൽ ഭൂരിപക്ഷം

04 Jun 2024 13:47 IST

- Shafeek cn

Share News :

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂര്‍ മണ്ഡലത്തിൽ വോട്ടെണ്ണിയപ്പോൾ ഇടത് കോട്ടകളിൽ വിള്ളൽ. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ധര്‍മ്മടം മണ്ഡലത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ തളിപ്പറമ്പ് മണ്ഡലത്തിലും കെകെ ശൈലജയുടെ മട്ടന്നൂര്‍ മണ്ഡലത്തിലും കെ സുധാകരൻ ഭൂരിപക്ഷം നേടി.


ധര്‍മ്മടത്ത് മാത്രം ആദ്യ രണ്ട് റൗണ്ട് എണ്ണിയപ്പോൾ 2205 വോട്ട് ഭൂരിപക്ഷം ലഭിച്ചു. ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ നിയോജക മണ്ഡലങ്ങളിലും ലീഡ് കെ സുധാകരനാണ്. ആദ്യ മൂന്ന് റൗണ്ടിൽ സുധാകരൻ ലീഡ് 26,729 ലേക്ക് ഉയര്‍ത്തി. 2019ൽ ആദ്യ മൂന്ന് റൗണ്ടിൽ സുധാകരൻ്റെ ലീഡ് 24,480 വോട്ടായിരുന്നു. ഇതിലാണ് 2000 ത്തിലേറെ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.


തെരഞ്ഞെടുപ്പ് തുടങ്ങുമ്പോൾ തന്നെ വിജയം ഉറപ്പിച്ചിരുന്നുവെന്നാണ് കെ സുധാകരൻ പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും എതിരായ ഭരണ വിരുദ്ധ വികാരമടക്കം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. തങ്ങൾ പറഞ്ഞ കാര്യങ്ങൾ ജനങ്ങൾ മുഖവിലക്കെടുത്തതിന്റെ തെളിവാണ് വിജയം. തൃശൂരിൽ മൂന്നാം സ്ഥാനത്തെത്തിയത് പരിശോധിക്കുമെന്ന് പറഞ്ഞ അദ്ദേഹം തൃശ്ശൂരിൽ നടന്നത് ഒത്തുകളിയാണെന്നും കുറ്റപ്പെടുത്തി.


സുരേഷ് ഗോപിയെ വിജയിപ്പിച്ചാൽ പിണറായി വിജയനെയും മകളെയും സംരക്ഷിക്കാമെന്ന ഒത്തുകളിയുണ്ടായിരുന്നുവെന്നും അതാണ് പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മുന്നണിയുടെ മുന്നേറ്റം പ്രതീക്ഷിച്ചതിനും അപ്പുറമാണെന്ന് കെ സുധാകരൻ പറഞ്ഞു. മുന്നേറ്റത്തിൽ പങ്ക് കണ്ണൂരിലെ നേതാക്കന്മാർക്കുമുണ്ട്. ഭൂരിപക്ഷം കുറയുമോ എന്ന് മുഴുവൻ എണ്ണാതെ പറയാനാവില്ല. കേരളത്തിൽ സീറ്റ് കുറഞ്ഞാൽ അത് പല കൂട്ടുകെട്ടുകളുടെയും പ്രതിഫലനമായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

Follow us on :

More in Related News