Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സർഗാത്മക സാഹിത്യത്തിൽ എഡിറ്റർക്ക് റോൾ ഇല്ലാത്ത അവസ്ഥയാണ് മലയാളത്തിലെന്ന് ജോസ് പനച്ചിപ്പുറം

06 Apr 2025 23:38 IST

Fardis AV

Share News :




കോഴിക്കോട് : മലയാളത്തിലെ സർഗാത്മക സാഹിത്യത്തിൽ എഡിറ്ററുടെ റോൾ ഇതുവരെ കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറം.

കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ദർശനം ലൈബ്രറിയിൽ സംഘടിപ്പിച്ച കനൽഘട്ട് നോവൽ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പലപ്പോഴും തങ്ങളുടെ സൃഷ്ടികളിൽ എഡിറ്റിംഗിന് സമ്മതിക്കാൻ മലയാളത്തിലെ മിക്ക എഴുത്തുകാരും മടിയുള്ളവരാണ്. പുനത്തിൽ കുഞ്ഞബ്ദുല്ലയെ പോലുള്ള ചിലർ മാത്രമാണ് ഇതിന് വിപരീതം. 

 സർഗാത്മക സാഹിത്യത്തിൽ മലയാളത്തിൽ എഡിറ്റർക്ക് കാര്യമായ പങ്കില്ലാത്ത സ്ഥിതി കാലമിത്രയായിട്ടും ഇപ്പോഴും മാറിയിട്ടില്ല. എഴുത്തുകാരൻ സക്കറിയ തൻ്റെ ആദ്യത്തെ ഇംഗ്ലീഷ് നോവൽ ഈയിടെ പ്രകാശനം ചെയ്തപ്പോൾ, ലിറ്റററി എഡിറ്ററുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പക്ഷേ മലയാള എഴുത്തുകാർ ഇപ്പോഴും ഇത് പൂർണമായി അംഗീകരിച്ചിട്ടില്ല. പക്ഷേ ഒരു കൃതിയിൽ നിന്ന് വായനക്കാരൻ എന്താഗ്രഹിക്കുന്നുവെന്നതാണ് ലിറ്റററി എഡിറ്റർ അന്വേഷിക്കുന്നതെന്ന അടിസ്ഥാന കാര്യമാണ് പല എഴുത്തുകാരും ഉൾക്കൊള്ളാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ചരിത്രത്തിൻ്റെ അനേകം നിറങ്ങൾ സന്നിവേശിപ്പിച്ച നോവലാണ് കനൽ ഘട്ട്. പ്രണയത്തെക്കുറിച്ചുള്ള പതിവ് കാഴ്ചപ്പാടുകളിൽ നിന്ന് മുകളിലേക്കാണ് ഈ നോവലിലെ കഥാപാത്രങ്ങൾ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ദർശനം പ്രസിഡൻ്റ് പി.സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി പി.കെ. ഗോപി മുഖ്യാതിഥിയെ പൊന്നാട ചാർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ കെ. നജ്മ ആശംസയർപ്പിച്ചു. പുസ്തക ചർച്ചയിൽ സ്വാമിനാഥൻ പാറേക്കാട്ട്, ബീന വിജയൻ, രജിത്ത്.കെ. ആയഞ്ചേരി, ലീലാവതി എന്നിവർ സംസാരിച്ചു. നോവലിസ്റ്റ് ലതാ ലക്ഷ്മി വായനക്കാരോട് സംവദിച്ചു.

ഗുരുകുലം ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിച്ച എം.ടി കൃതികളുടെ വായനാ മത്സരത്തിൽ വിജയിച്ച കുട്ടികൾക്കുള്ള ഉപഹാരങ്ങളും വിതരണം ചെയ്തു. എം.എ ജോൺസൻ്റെ എന്നെ സ്വാധീനിച്ച കഥകൾ എന്ന പുസ്തകത്തിന് ആസ്വാദനക്കുറിപ്പെഴുതിയവർക്കുള്ള മെമെൻ്റോകളും വിതരണം ചെയ്തു. ദർശനം ഓൺലൈൻ വായനമുറിയിൽ ചർച്ച ചെയ്ത ആർ.കെ. മാരൂരിൻ്റെ സോനാപ്പൂരിലെ കിന്നറുകൾ ആസ്പദമാക്കിയുള്ള പ്രശ്നോത്തരിയിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വെച്ച് വിതരണം ചെയ്തു. ദർശനം സെക്രട്ടറി ടി.കെ. സുനിൽ കുമാർ സ്വാഗതവും 

ജോ. സെക്രട്ടറി കെ. സതീശൻ നന്ദിയും പറഞ്ഞു.



 

Foto caption:


കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ദർശനം ലൈബ്രറിയിൽ സംഘടിപ്പിച്ച കനൽഘട്ട് നോവൽ ചർച്ച ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറം

ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.

Follow us on :

More in Related News