Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം ഊരമന രാജേന്ദ്ര മാരാർക്ക്

17 Apr 2026 19:39 IST

MUKUNDAN

Share News :

ഗുരുവായൂർ:ദേവസ്വം അഷ്ടപദി സംഗീതോൽസവത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയ 2025ലെ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് മുതിർന്ന അഷ്ടപദി കലാകാരൻ പെരുമ്പാവൂർ ഊരമന രാജേന്ദ്രമാരാരെ തെരഞ്ഞെടുത്തു.അഷ്ടപദി ഗാനശാഖയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.25001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.അഷ്ടപദി സംഗീതോൽസവ ദിനമായ ഏപ്രിൽ 18-ന് വൈകിട്ട് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.തുടർന്ന് പുരസ്കാര സ്വീകർത്താവിൻ്റെ അഷ്ടപദി കച്ചേരിയും അരങ്ങേറും.ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥ്,ഭരണ സമിതി അംഗം ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്,അഷ്ടപദി കലാകാരൻ അമ്പലപ്പുഴ വിജയകുമാർ,മൃദംഗ വിദ്വാൻ പ്രൊഫ.വൈക്കം വേണുഗോപാൽ എന്നിവരടങ്ങുന്ന അഷ്ടപദി പുരസ്കാര നിർണയ സമിതിയാണ് ഊരമന രാജേന്ദ്രമാരാരെ പുരസ്കാരത്തിനായി ശുപാർശ ചെയ്തത്.ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗം ശുപാർശ അംഗീകരിച്ച്‌ അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു.പെരുമ്പാവൂർ ഇരിങ്ങോൾ സ്വദേശിയായ ഊരമന രാജേന്ദ്ര മാരാർ 1983 മുതൽ 2016 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ക്ഷേത്ര വാദ്യകലാകാരനായിരുന്നു.അഷ്ടപദിയിലും സോപാന സംഗീതത്തിലും തികഞ്ഞ പ്രാവീണ്യമുള്ള കലാകാരനാണ്.ക്ഷേത്ര കലാപീഠം പുരസ്കാരം,ഷട്കാല ഗോവിന്ദ മാരാർ പുരസ്കാരം,കലാമണ്ഡലം എൻഡോവ്മെൻ്റ് അടക്കം നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.അഷ്ടപദി കലാരംഗത്ത് അരനൂറ്റാണ്ടിൻ്റെ പാരമ്പര്യമുള്ള രാജേന്ദ്ര മാരാർ ഇരിങ്ങോളാണ് താമസം.ഭാര്യ:വിനോദിനി.മക്കൾ:സൗമ്യ,ശിവപ്രസാദ്. 

Follow us on :

More in Related News