Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യാക്ഷരം നുകർന്ന് കുരുന്നുകൾ; പനച്ചിക്കാട് ഭക്തിസാന്ദ്രം

13 Oct 2024 14:01 IST

CN Remya

Share News :

കോട്ടയം: ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകളെകൊണ്ട് നിറഞ്ഞ് പനച്ചിക്കാട് സരസ്വതീ ക്ഷേത്രം. വിദ്യാരംഭം ചടങ്ങുകള്‍ക്കായി വലിയ തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അന്തരീക്ഷം മന്ത്രമുഖരിതം. എങ്ങും ആദ്യാക്ഷരം നുകർന്ന കുരുന്നുകളുടെ കളിചിരികളും കൊഞ്ചലും കരച്ചിലും. അക്ഷരരൂപിണിയായ സരസ്വതി ദേവിയുടെയും പ്രപഞ്ച സംരക്ഷകനായ ഭഗവാൻ മഹാവിഷ്ണുവിന്റെയും ചൈതന്യം നിറഞ്ഞു നിൽക്കുന്ന ദക്ഷിണ മൂകാംബിയായ പനച്ചിക്കാട് സരസ്വതീ ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം. വിജയദശമി ദിനത്തിൽ  രാവിലെ നാലിന് വിശേഷാല്‍ പൂജകള്‍ക്കുശേഷം തന്ത്രി പൂജയെടുക്കുന്നതോടെയാണ് വിദ്യാരംഭത്തിനു തുടക്കമായത്. പ്രത്യേകമായി ഒരുക്കിയ വിദ്യാമണ്ഡപത്തിലാണ് കുരുന്നുകൾ ആദ്യാക്ഷരം കുറിച്ചത്. 

പതിനായിരത്തിലേറെ പേർ ഇത്തവണയും ആദ്യാക്ഷരം നുകരാൻ ദേവീസന്നിധിയിൽ എത്തി. ഭക്തർക്ക് തിരക്കില്ലാതെ വന്നുപോകുന്നതിന് ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. വിപുലമായ പാർക്കിംഗ് സംവിധാനവും അധികൃതർ ഒരുക്കിയിട്ടുണ്ട്. വിദ്യാരംഭത്തിനായി പ്രത്യേക നിര ക്രമീകരിച്ചിരുന്നതിനാൽ വലിയ തിരക്കൊഴിവാക്കാൻ കഴിഞ്ഞു. വിദ്യാരംഭ ചടങ്ങിന് എത്തുന്നയവർക്കായി പൊലീസും കെ.എസ്.ആർ.ടി.സിയും പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ദേവസ്വം മാനേജർ കരുന്നാട്ടില്ലം കെ. എൻ. നാരായണൻ നമ്പൂതിരി, ഊരാണ്മ യോഗം സെക്രട്ടറി കൈമുക്കില്ലം കെ. എൻ. നാരായണൻ നമ്പൂതിരി, ഊരാണ്മയോഗം പ്രസിഡന്റ് കെ. എൻ. വാസുദേവൻ നമ്പൂതിരി, കൈമുക്കില്ലം, ദേവസ്വം അസിസ്റ്റന്റ് മാനേജർ കെ. വി.ശ്രീകുമാർ എന്നിവർ വിദ്യാരംഭ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഒക്ടോബർ രണ്ടിന് ആരംഭിച്ച ദക്ഷിണമൂകാംബികയിലെ നവരാത്രി മഹോത്സവ നാളുകളിൽ ക്ഷേത്രാനുഷ്‌ഠാനങ്ങൾക്കൊപ്പം വിശേഷാൽ പൂജകളായ മുറജപം, പുരുഷ സൂക്‌താർ ച്ചന, ചക്രാബ്ജപൂജ, പുഷ്പാഭിഷേകം, നിറമാല, സാരസ്വത സൂക്‌താർച്ചന തുടങ്ങിയ പൂജകൾ നടന്നു. ചടങ്ങുകൾ തന്ത്രിമുഖ്യൻ പെരിഞ്ഞേരിമന വാസു ദേവൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കലാമണ്ഡപത്തിൽ രാപകൽ ഭേദമെന്യേ വിവിധ കലാപരിപാടികൾ അരങ്ങേറി. കൂടാതെ ദേശീയസംഗീത നൃത്തോത്സവവും നടന്നു.

Follow us on :

More in Related News