Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മ എന്ന സംഘടന ‘കോടാലി’ ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. കോടതി ഇടപെടലിൽ പ്രതീക്ഷ: സോണിയ തിലകൻ

23 Aug 2024 11:37 IST

Shafeek cn

Share News :

കൊച്ചി: ഹേമ കമ്മറ്റി റിപ്പോർട്ടിൽ കോടതി നടത്തിയ ഇടപെടൽ സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നീതി ലഭിക്കാൻ ഏറെ സഹായകരമാകുമെന്ന് സോണിയ തിലകൻ വ്യക്തമാക്കി. ഹേമ കമ്മറ്റിയുടെ മുഴുവൻ റിപ്പോർട്ടും മുദ്ര വെച്ച കവറിൽ സമർപ്പിക്കണമെന്ന് കേരള ഹൈക്കോടതി സർക്കാരിനോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. കോടതികൾ പേജുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പേരുകൾ പുറത്തു വരട്ടെ എന്നും സോണിയ പ്രതികരിച്ചു.


നേരത്തെ സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം സോണിയ തിലകൻ മാധ്യമങ്ങൾക്ക് മുമ്പിൽ വെളിപെടുത്തിയിരുന്നു. അച്ഛൻ്റെ മരണ ശേഷം അച്ഛനോട് അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളിൽ നിന്നാണ് ദുരനുഭവം നേരിട്ടത്, അച്ഛനെ പുറത്താക്കിയതിനെക്കുറിച്ച് സംസാരിക്കണം എന്ന പറഞ്ഞാണ് കാണാൻ വിളിച്ചത്. മോൾ എന്ന് വിളിച്ചാണ് റൂമിലേക്ക് ക്ഷണിച്ചുള്ള സന്ദേശമയച്ചതെന്നും ശേഷം മോശം അനുഭവമാണ് ഉണ്ടായതെന്നും സോണിയ വെളിപ്പെടുത്തിയിരുന്നു. എല്ലാ പേരുകളും സർക്കാരിന് അറിയാം. നിയമത്തിൻ്റെ മുന്നിൽ എല്ലാവരും തുല്യരാണെന്നും ശിക്ഷ ഉറപ്പാക്കണമെന്നും സോണിയ പറഞ്ഞിരുന്നു. പവർഗ്രൂപ്പാണ് മലയാള സിനിമയിൽ ഇപ്പോളും കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും സോണിയ പറഞ്ഞു.


തന്നോട് അപമര്യാദയായി പെരുമാറിയ ആളുടെ പേര് വെളിപ്പെടുത്തുമെന്നും ഉചിതമായ സമയം വരട്ടെയന്നും സോണിയ പറഞ്ഞിരുന്നു. സംഘടനയിലെ പുഴുക്കുത്തുകൾക്കെതിരെ പറഞ്ഞതിന് അച്ഛനെ പുറത്താക്കി. അച്ഛനെതിരെ വലിയ നീക്കം സംഘടനയിൽ ഉണ്ടായിട്ടുണ്ട്. അമ്മ എന്ന സംഘടന ‘കോടാലി’ ആണെന്ന് അച്ഛൻ പറഞ്ഞിരുന്നു. തൻറെ അനുഭവവും അതാണ്. റിപ്പോർട്ടിൽ പുറത്ത് വരാത്ത വിവരങ്ങളും പുറത്ത് വിടണമെന്നും സോണിയ ആവശ്യപ്പെട്ടു. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജ്ജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് വിഷയത്തിൽ കാണിക്കുന്നില്ല. മലയാള സിനിമയിലെ ഒരു പ്രധാന നടന്റെ മകളായിട്ട് കൂടി തനിക്ക് ഇങ്ങനെയൊരു അനുഭവം ഉണ്ടായെങ്കിൽ പുതുമുഖങ്ങളുടെ അവസ്ഥ ആലോചിക്കാവുന്നതേയുള്ളൂവെന്നും സോണിയ പറഞ്ഞു. അച്ഛന് കിട്ടാത്ത നീതി തനിക്ക് കിട്ടുമെന്ന് തോന്നുന്നില്ലെന്നും സോണിയ പ്രതികരിച്ചു.

Follow us on :

More in Related News