Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നേപ്പാളിൽ മഴയിലും വെള്ളപ്പൊക്കത്തിലും വൻ നാശനഷ്ടം; മരണ സംഖ്യ 129 ആയി ഉയർന്നു

29 Sep 2024 16:45 IST

Shafeek cn

Share News :

കഠ്‌മണ്ഡു: നേപ്പാളിൽ നാശം വിതച്ച മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 129 ആയി ഉയർന്നു. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയില്‍ രാജ്യത്തിന്റെ വിവിധ മേഖലകളിൽ വലിയ നാശനഷ്ടമാണുണ്ടായത്. വെള്ളപ്പൊക്കത്തിൽ നിരവധി പേരെ കാണാതായെന്നും നേപ്പാളിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മുതൽ പെയ്യുന്ന മഴയിൽ നേപ്പാളിന്റെ വിവിധ ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്.


കഠ്‌മണ്ഡുവിൽ മാത്രം മരണസംഖ്യ 34 കടന്നു. മൂവായിരത്തിലധികം ആളുകളെ ഇതുവരെ രക്ഷപെടുത്താൻ കഴിഞ്ഞതായി നേപ്പാൾ പൊലീസ് അറിയിച്ചു. രാജ്യത്തെ 63 ഇടങ്ങളിലെ പ്രധാന ഹൈവേകളിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പട്ടിരിക്കുകയാണ്.


ദുരന്തത്തിന് പിന്നാലെ ആക്ടിങ് പ്രധാനമന്ത്രിയും നഗരവികസന മന്ത്രിയുമായ പ്രകാശ് മാൻ സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല അടിയന്തര യോഗം വിളിച്ചു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ച ദുരന്തമേഖലയിൽ തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേപ്പാളിൽ എല്ലാ വിദ്യാലയങ്ങളും മൂന്നു ദിവസത്തേക്ക് അടച്ചിടാനും സർക്കാർ നിർദേശിച്ചു. വെള്ളപ്പൊക്കത്തെ തുടർന്ന് കഠ്‌മണ്ഡു നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെട്ടിരിക്കുകയാണ്.

Follow us on :

More in Related News