Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹജ്ജ്: വിശ്വാസി ലക്ഷങ്ങൾ ഇന്ന് അറഫയിൽ

15 Jun 2024 10:53 IST

ENLIGHT MEDIA OMAN

Share News :

മക്ക: ലബൈക്കയിൽ ലയിച്ച് മിനായിൽ സംഗമിച്ച വിശ്വാസി ലക്ഷങ്ങൾ ഇന്ന് അറഫയിൽ.


ഹൃദയത്തിൽ ആത്മീയോത്കർഷവുമായി, അധരങ്ങളിൽ തൽബിയ്യത്തിൻ്റെ മന്ത്രധ്വനികളോടെ തമ്പുകളുടെ നഗരിയിൽ രാപ്പാർത്ത തീർഥാടകർ അറഫയിലെത്തി.

മിനായിൽ നിന്ന് പതിനാല് കിലോമീറ്റർ അകലെയുള്ള അറഫയിൽ ഇന്ന് ളുഹറിന് ശേഷം മനുഷ്യ മഹാസംഗമം നടക്കും.

തീർഥാടനത്തിന്റെ ഭാഗമായി ലോകത്ത് ഏറ്റവും കൂടുതൽ പേർ ഒരേസമയം സംഗമിക്കുന്ന അപൂർവ സ്ഥലം കൂടിയാണ് അറഫ. ശരീരത്തെ പൊതിഞ്ഞ വസ്ത്രത്തിന്റെ ശുഭ്രതയിലേക്ക് മനസ്സുകളെ പരിവർത്തിപ്പിച്ച് ഇരുപത് ലക്ഷത്തിലേറെ ഹാജിമാർ അറഫയെ പ്രാർഥനാഭരിതമാക്കും.

മസ്ജിദുൽ ഹറം ഇമാം ഡോ. ശൈഖ് മാഹിർ അൽ മുഅയ്ഖ്‌ലിയാണ് അറഫയിൽ ഈ വർഷത്തെ ഖുതുബ നിർവഹിക്കുക.

മസ്ജിദുന്നമിറയിൽ ളുഹ്ർ, അസ്ർ നിസ്കാരങ്ങൾക്ക് നേതൃത്വം നൽകാനും അദ്ദേഹത്തെയാണ് സഊദി ഭരണകൂടം നിയോഗിച്ചിരിക്കുന്നത്. ഖുർആൻ പാരായണത്തിൽ ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ശബ്‌ദത്തിനുടമയാണ് ശൈഖ് മാഹിർ. ഖുതുബ ഔദ്യോഗിക ചാനലുകൾ തത്സമയം സംപ്രേഷണം ചെയ്യും.

ഹാജിമാരെ കൂടാതെ ലക്ഷക്കണക്കിന് പേരാണ് ഓരോ വർഷവും അറഫാ ഖുതുബ ശ്രവിക്കുന്നത്. മുഹമ്മദ് നബിയുടെ ചരിത്ര പ്രധാനമായ ഖുത്ബതുൽ വിദാഇ'നെ അനുസ്മരിച്ചാണ് എല്ലാ വർഷവും മസ്ജിദുന്നമിറയിൽ അറഫാ ഖുതുബ നടക്കുന്നത്.

കൊവിഡ് മഹാമാരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഹജ്ജ് കർമങ്ങൾക്കാണ് പുണ്യനഗരികൾ ഈ വർഷം സാക്ഷ്യം വഹിക്കുന്നത്. 160ലധികം രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ അറഫാ സംഗമത്തിൽ പങ്കെടുക്കുക.

കനത്ത തിരക്ക് ഒഴിവാക്കാൻ ഇന്നലെ അർധരാത്രി മുതൽ തന്നെ ഹാജിമാർ അറഫയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. രോഗികളായി മദീനയിലെയും ജിദ്ദയിലെയും ആശുപത്രികളിൽ കഴിയുന്നവരെ നേരത്തേ തന്നെ ആംബുലൻസുകളിലും എയർ ആംബുലൻസുകളിലുമായി മക്കയിലെത്തിച്ചു. ഇവരെ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ അറഫയിലെത്തിക്കും.

ഹജ്ജിലെ ഏറ്റവും സുപ്രധാന കർമമാണ് അറഫാ സംഗമം. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് തിരുനബി വചനം. 18 കിലോമീറ്റർ വിസ്തൃതൃതിയിലാണ് അറഫ. കാരുണ്യത്തിന്റെ മല എന്നറിയപ്പെടുന്ന “ജബലുർറഹ്മ’യും അറഫയിലാണ്. അറഫാ സംഗമത്തിന് ശേഷം സൂര്യാസ്‌മയത്തോടെ ഹാജിമാർ മുസ്ദലിഫയിൽ രാപ്പാർക്കാനെത്തും. ജംറകളിൽ എറിയാനുള്ള കല്ലുകൾ ഇവിടെ നിന്ന് ശേഖരിച്ചാണ് ഹാജിമാർ മിനായിലേക്ക് യാത്ര തിരിക്കുക.


⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf

For: News & Advertisements: +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News