Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പച്ചത്തുരുത്ത് പദ്ധതിക്ക് തുടക്കമായി

06 Jun 2024 23:20 IST

CN Remya

Share News :

കോട്ടയം: നവകേരളം കർമപദ്ധതി രണ്ടിന്റെ ഭാഗമായി നടപ്പാക്കുന്ന പച്ചത്തുരുത്തിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം സഹകരണ - തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് നിർവഹിച്ചു. പച്ചപ്പുകൾ ധാരാളം സൃഷ്ടിക്കുക വഴിയാണ് നമ്മൾക്ക് ജൈവവൈവിധ്യം സംരക്ഷിക്കാനാകുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാവരും ചേർന്നു പച്ചത്തുരുത്തുകളുടെ പ്രധാന്യം വരും തലമുറയ്ക്കു മനസിലാക്കിക്കൊടുക്കാൻ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ കോട്ടയം നവകേരളം കർമപദ്ധതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു അധ്യക്ഷ വഹിച്ചു. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്തംഗം കവിത ലാലു പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ എസ്. ഐസക് വിഷയാവതരണം നടത്തി. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സാബു, വൈസ് പ്രസിഡന്റ് വി. കെ. ജോഷി, ഗ്രാമപഞ്ചായത്തംഗം മായ സുരേഷ്, കുമരകം നോർത്ത് എൽ.പി. സ്‌കൂൾ ഹെഡ്മിസ്ട്രസ് കെ. സിന്ധു എന്നിവർ സംസാരിച്ചു. ചടങ്ങിനുശേഷം കുമരകം നോർത്ത് ഗവ. എൽ.പി. സ്‌കൂളിലെ കുട്ടികൾക്കു ജില്ലാ പഞ്ചായത്ത് നൽകിയ കുടകളുടെ വിതരണം സഹകരണ - തുറമുഖം വകുപ്പ് മന്ത്രി വി. എൻ. വാസവൻ നിർവഹിച്ചു. നവകേരളം കർമ്മ പദ്ധതി രണ്ടിന്റെ ഭാഗമായി- ഹരിതകേരളം മിഷന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ തല ഉദ്ഘാടനം നടന്ന കുമരകം ഗവ. എൽ.പി സ്‌കൂളിൽ പത്ത് സെന്റിൽ പച്ചത്തുരുത്ത് വ്യാപിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥലം കണ്ടെത്തി തനതായ വൃക്ഷങ്ങളും തദ്ദേശീയമായ സസ്യങ്ങളും ഉൾപ്പെടുത്തി സ്വാഭാവിക വനം മാതൃകകൾ സൃഷ്ടിച്ചെടുത്തു സംരക്ഷിക്കുക എന്നതാണു പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ 7.82 ഏക്കർ തരിശുഭൂമിയിൽ 90 പച്ചത്തുരുത്തുകൾ ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 11 ബ്ലോക്ക് പരിധികളിൽ ഓരോ മാതൃക തുരുത്തുകൾ അടക്കം വളർത്തിയെടുത്തിട്ടുണ്ട്. ഈ സാമ്പത്തികവർഷം 50 ഏക്കറിൽ പദ്ധതി നടപ്പാക്കും. 20 ഏക്കർ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പൂഞ്ഞാർ ഐ.എച്ച്.ആർ.ഡി. കോളജിൽ 10 ഏക്കറിൽ ജൈവ വൈവിധ്യ ക്യാമ്പസ് നിർമിക്കും.

സന്നദ്ധ സംഘടനകൾ, പൊതുസ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, വ്യക്തികൾ എന്നിവയുടെ പിന്തുണയോടെ പച്ചത്തുരുത്തുസ്ഥാപിക്കലും തുടർസംരക്ഷണവുമാണ് ആസൂത്രണം ചെയ്യുന്നത്. 

പ്രാദേശിക ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി പച്ചത്തുരുത്തുകൾ നിർമ്മിക്കാനുള്ള ദൗത്യം 2019ലാണ് ഹരിത കേരളം മിഷൻ ഏറ്റെടുത്തത്.

Follow us on :

More in Related News