Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോട്ട് ചിത്രത്തിന് തമിഴ്നാട്ടിൽ ‘ഫാൻസ് ഷോയില്ല’, അനിശ്ചിതത്വം തുടരുന്നു

04 Sep 2024 15:20 IST

Shafeek cn

Share News :

വിജയ് ആരാധകരെ സംബന്ധിച്ചിടത്തോളം ദളപതി ചിത്രങ്ങൾ പൊങ്കൽ പോലെ ആഘോഷമാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനത്തോടെ ഗോട്ട് എന്ന ചിത്രത്തിന് വൻ ഹൈപ്പാണ് ലഭിച്ചിരിക്കുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഗോട്ടിന്റെ ഫാൻ ഷോകൾ നടത്തി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകർ. എന്നാൽ തമിഴ് നാട്ടിൽ ഫാൻസിനായുള്ള സ്പെഷ്യൽ ഷോയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ചിത്രത്തിന് തമിഴ്നാട്ടിൽ ഏഴു മണിക്ക് പ്രത്യേക ഷോ ഉണ്ടായിരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും ഇപ്പോൾ പല തിയേറ്ററുകളും സ്പെഷ്യൽ ഷോകൾ ഷെഡ്യൂൾ ചെയ്യുന്നതിനായി പിന്മാറിയതായി ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാവിലെ 9 മണിക്ക് മാത്രമായിരിക്കും തമിഴ്നാട്ടിൽ ഷോകൾ ആരംഭിക്കുക. എന്നാണ് റിപ്പോർട്ടുകൾ.


എല്ലാ തിയേറ്ററുകളുമായും സഹകരിച്ച് സംസ്ഥാന സർക്കാരിൻ്റെ അനുമതിയോടെ രാവിലെ 7 മണിക്ക് ചിത്രം റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, ചിത്രത്തിന് സ്പെഷ്യൽ ഷോ അനുവദിക്കണമോ എന്ന കാര്യത്തിൽ തമിഴ്‌നാട് സർക്കാർ ഇതുവരെ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കാത്തതിനാലാണ് തിയേറ്റർ ഉടമകൾ വിട്ടുനിൽക്കുന്നതെന്നാണ് റിപ്പോർട്ട്.സ്പെഷ്യൽ എഫ്ഡിഎഫ്എസിനായി സർക്കാർ നിശ്ചയിച്ചതിലും കൂടുതൽ ടിക്കറ്റുകൾ വിൽക്കാൻ സിനിമാ വിതരണക്കാർ തിയേറ്റർ ഉടമകളെ നിർബന്ധിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. തമിഴ്‌നാട്ടിൽ ചിത്രം എപ്പോൾ റിലീസ് ചെയ്യുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല, അതേസമയം കേരളത്തിൽ രാവിലെ 4 മണിക്കും കർണാടകയിൽ 7 മണിക്കും സ്പെഷ്യൽ ഷോ ഉണ്ടായിരിക്കും.


അതേസമയം ഗോട്ടിന്റെ പ്രീ സെയിൽ കണക്കുകൾ പുറത്ത് വരുമ്പോൾ അമ്പരപ്പിലാണ് സിനിമാ ലോകം. ഇതുവരെ ഇന്ത്യയിൽ ആറ് ലക്ഷത്തിലധികം ടിക്കറ്റുകളിലാണ് ചിത്രത്തിന്റേതായി വിറ്റുപോയത്. സാക്നിൽക് റിപ്പോർട്ടുകൾ പ്രകാരം 12.82 കോടി രൂപയുടെ പ്രീ-സെയിൽ നടന്നിട്ടുണ്ട്. ബ്ലോക്ക് ചെയ്‌ത സീറ്റുകൾ ഉൾപ്പെടെ അഡ്വാൻസ് ബുക്കിംഗിൽ നിന്നുള്ള മൊത്തം ഓപ്പണിംഗ് ഡേ ഗ്രോസ് ഏകദേശം 16.25 കോടി രൂപയാണ്. വലിയ പ്രതീക്ഷയാണ് ആരാധകർക്ക് സിനിമയിന്മേലുള്ളത്. രണ്ട് മണിക്കൂർ 59 മിനിറ്റ് 39 സെക്കന്റുകളാണ് സിനിമയുടെ ദൈർഘ്യം. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല, വൈഭവ്, പ്രേംഗി അമരൻ, അരവിന്ദ്, അജയ് രാജ്, പാർവതി നായർ, കോമൾ ശർമ്മ, യുഗേന്ദ്രൻ, അഭ്യുക്ത മണികണ്ഠൻ, അഞ്ജന കിർത്തി, ഗഞ്ചാ കറുപ്പ് എന്നിവരുമുണ്ട്.

Follow us on :

More in Related News