Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാസ്റ്റിങ് കൗച്ച് തടഞ്ഞതു കൊണ്ട് സിനിമ നഷ്ടപ്പെട്ടു; ​ഗോകുൽ സുരേഷ്

10 Sep 2024 10:18 IST

Shafeek cn

Share News :

കാസ്റ്റിങ് കൗച്ച് തടഞ്ഞതുകൊണ്ട് തനിക്കും സിനിമകള്‍ നഷ്ടപ്പെട്ടുവെന്ന് വെളിപ്പെടുത്തി ഗോകുല്‍ സുരേഷ്. നടന്‍ നിവിന്‍ പോളിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. ''എപ്പോഴും ഒരു ജെന്‍ഡര്‍ മാത്രമാണ് ദുരനുഭവം നേരിടുന്നതെന്ന് പറയാനാകില്ല. കാസ്റ്റിങ് കൗച്ച് നേരിടുന്ന നടന്മാര്‍ക്ക് സിനിമകള്‍ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ തുടക്കകാലത്ത് ഞാനും കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ താല്പര്യമില്ല. കാസ്റ്റിങ് കൗച്ചിന് കാരണമായ ആളെ ഞാന്‍ തന്നെ തക്കതായ രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ എനിക്ക് ആ സിനിമ നഷ്ടപ്പെട്ടു.


ഇപ്പോള്‍ സിനിമ മേഖലയില്‍ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങള്‍ക്ക് മനസിലാകുന്നത്. അത്തരം സാഹചര്യത്തിലാണ് ഇപ്പോള്‍ നിവിന്‍ ചേട്ടനെതിരായിട്ടൊരു ആരോപണം വരുന്നതും അത് തിരിയുന്നതും. സ്ത്രീകളെ മാത്രമല്ല പുരുഷന്മാരെയും ബാധിക്കാമെന്നൊരു ബോധ്യം ജനങ്ങള്‍ക്ക് മനസിലാകുന്നുണ്ടാകും. രണ്ട് കൂട്ടരും ഇരകളാകാം എന്ന് ബോധ്യമായിട്ടുണ്ടാകും.


ഇത്തരം കാര്യങ്ങളൊക്കെ നൂറ് വര്‍ഷം മുന്നേ നടക്കുന്ന സംഭവമായിരിക്കാം. കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു നടനും സിനിമ നഷ്ടപ്പെടാം. ഇരകളായിക്കൊണ്ടിരുന്നവര്‍ക്ക് അവരുടെ ജീവിതം തിരികെ കൊണ്ടുവരാന്‍ സഹായിക്കുന്ന ഒരു സംവിധാനമാണ് ഹേമ കമ്മിറ്റി. അല്ലാത്തപക്ഷം ഈ സാഹചര്യത്തെ ചൂഷണം ചെയ്തുവന്ന് വ്യാജ ആരോപണം ഉന്നയിക്കുന്നവരുമുണ്ട്. അതൊക്കെ ഇന്‍ഡസ്ട്രിയെ മോശമായാകും ബാധിക്കുക. കോടികളുടെ ബിസിനസ്സ് നടക്കുന്ന മേഖലയാണിത്. കുറച്ചുപേരുടെ ദുഷ്പ്രവൃത്തികള്‍ കാരണം നല്ലൊരു ഇന്‍ഡസ്ട്രിയെ മൊത്തത്തില്‍ അടച്ചാക്ഷേപിക്കുന്നത് ശരിയായ പ്രവണയതയല്ല. മലയാളത്തില്‍ മാത്രമല്ല മറ്റ് ഇന്‍ഡസ്ട്രീസിലും പത്തോ നൂറോ മടങ്ങ് ഇരട്ടിയാണ് നടക്കുന്നത്. മറ്റേത് മേഖലയിലും ഇതൊക്കെ നടക്കുന്നുണ്ട്. എന്താ മനുഷ്യര്‍ ഇങ്ങനെയെന്ന് നമ്മള്‍ ആലോചിക്കാറില്ലേ? കഴിവതും നല്ല രീതിയില്‍ ജീവിക്കാന്‍ നോക്കിയാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. അല്ലെങ്കില്‍ ഇത്തരം ആരോപണങ്ങള്‍ ഇനിയും വരും.


'അമ്മ'യില്‍ ഈ അടുത്താണ് ഞാന്‍ അംഗത്വം നേടുന്നത്. 'അമ്മ'യുടെ ഒരു കുഞ്ഞാണെന്നു പറയാം. ലാല്‍ സാറിന്റെയോ എക്‌സിക്യൂട്ടിവ് കമ്മിറ്റിയുടെയോ പ്രവൃത്തിയെ വിലയിരുത്തേണ്ട ആള്‍ ഞാനായിട്ടില്ല. അവര്‍ നേതൃത്വം വഹിക്കുന്ന ഒരു സംഘടനയിലെ ആളുകള്‍ക്ക് ഇങ്ങനെയൊരു മോശം അനുഭവം വന്നുവെന്ന് സ്വയമേ അറിഞ്ഞപ്പോള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്ന് തിരിച്ചറിഞ്ഞ് സ്വയം മാറിയതാണ്. അതിനെ നല്ല രീതിയില്‍ കാണാം. അതിനൊപ്പം തന്നെ ഇതിനെയൊക്കെ ഉത്തരവാദിത്തോടെ കാണേണ്ട, ഉത്തരം പറയേണ്ട ഒരു നേതാവ് അവിടെ ഉണ്ടാകില്ല. അവരും മനുഷ്യരാണ്. ലാല്‍ സര്‍ ആയാലും മമ്മൂട്ടി സര്‍ ആയാലും സിദ്ദിഖ് സര്‍ ആയാലും അവരൊക്കെയാണ് ഞാനൊക്കെ നിന്ന് അഭിനയിക്കുന്ന ഈ ഇന്‍ഡസ്ട്രി ഇത്രയുമാക്കിയത്. ആ ആദരവ് മാറ്റി നിര്‍ത്തി സംസാരിക്കാന്‍ സാധിക്കില്ല.''- ഗോകുല്‍ പറഞ്ഞു.

Follow us on :

More in Related News