Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2026 01:40 IST
Share News :
മസ്‌ക്കറ്റ്: 2018 ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ കെടുതികളിൽ ഒരു കൈത്താങ്ങ് എന്ന നിലയിൽ ഇന്ത്യൻ സ്‌കൂൾ ബോർഡ് നേതൃത്വത്തിൽ രക്ഷിതാക്കളിൽ നിന്നും പിരിച്ചെടുത്ത വലിയ തുക വിവിധ ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിച്ചതായി ബോർഡ് സ്ഥിരീകരണം നൽകി. ഇന്ത്യൻ സ്‌കൂൾ ദാർസൈത്തിൽ ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ഇന്ത്യൻ സ്‌കൂൾ ഒമാൻ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാൻ സൽമാൻ സെയ്ദ് പ്രസ്തുത വിഷയത്തിൽ സ്ഥിരീകരണം നടത്തിയത്.
2018 ൽ അപ്രതീക്ഷിതമായുണ്ടായ പ്രളയദുരന്തത്തിൽ കേരളം വിറങ്ങലിച്ചു നിന്നപ്പോൾ ലോകമൊട്ടുക്കുമുള്ള സുമനസുകളും സംഘടനകളും സ്ഥാപനങ്ങളും ജന്മനാടിനെ സഹായിക്കാൻ മുന്നോട്ടു വന്നിരുന്നു. മലയാളികൾ മാത്രമല്ല മറുനാട്ടുകാരും ഈ യത്നത്തിൽ കേരളത്തോടൊപ്പം നിലകൊണ്ടു. അത്തരമൊരു സാഹചര്യത്തിലായിരുന്നു ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അനുമതിയോടെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ ഈ വിഷയത്തിൽ ഇടപെടുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക അയച്ചുകൊടുക്കാനായിരുന്നു പദ്ധതി. സോഷ്യൽ ക്ലബ് നേതൃത്വത്തിൽ, ഇന്ത്യൻ കമ്യൂണിറ്റിയുടെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഫണ്ട് ശേഖരണത്തിൻറെ ഭാഗമാകാൻ സ്കൂൾ ബോർഡും തീരുമാനിക്കുകയായിരുന്നു.
ഒട്ടൊരു കാലതാമസമുണ്ടായെങ്കിലും ദുരിതാശ്വാസ നിധിയിലേക്ക് തങ്ങൾ പിരിച്ചെടുത്ത തുക മുഴുവൻ അയച്ചു നൽകാൻ സോഷ്യൽ ക്ലബിനു സാധിച്ചു. എന്നാൽ, വിദ്യാർഥികളിൽനിന്ന് പിരിച്ച തുക സോഷ്യൽ ക്ലബ്ബിന് കൈമാറുന്നതിൽ സ്‌കൂൾ ബോർഡിന് വീഴ്ചയുണ്ടായി. പിന്നീടു മാറി മാറി വന്ന ബോർഡുകളിൽ തീരുമാനമുണ്ടാകാതെ വരികയും തൊട്ടു മുൻപ് നിലവിലിരുന്ന ബോർഡ് ഈ വിഷയത്തിൽ തുക കൈമാറാൻ തത്ത്വത്തിൽ തീരുമാനമെടുക്കുയും ചെയ്തു. എന്നാൽ സമീപസ്ഥമായ സ്‌കൂൾ ബോർഡ് തെരഞ്ഞെടുപ്പ് പരിഗണിച്ച് തീരുമാനം വീണ്ടും മാറ്റിവയ്ക്കപ്പെടുകയും തുടർന്നു വന്ന നിലവിലെ ബോർഡ് ആ തുക നാട്ടിലേക്ക് അയക്കേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യത്തിലുണ്ടായിരുന്ന ഊഹാപോഹങ്ങൾക്ക് സംശയലേശമന്യേ മറുപടി നൽകി ഈ വിഷയം അവസാനിച്ചതായി ബോർഡ് പ്രസിഡൻറ് ഇന്നലെ പ്രഖ്യാപിക്കുകയായിരുന്നു. ഈ തുക സ്‌കൂൾ ബോർഡിനു കീഴിലുള്ള സ്‌കൂളുകളുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾക്കാണ് വിനിയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതബാധിതരെ സഹായിക്കാൻ അകമഴിഞ്ഞു സംഭാവന നൽകിയ വിദ്യാർഥി സമൂഹത്തോടുള്ള കടുത്ത അനീതിയാണ് സ്‌കൂൾ ബോർഡിന്റെ തീരുമാനമെന്നും പ്രളയത്തിൽ മുങ്ങിത്താണ കേരളത്തിന് വിദേശത്തുനിന്നും സ്വദേശത്തുനിന്നും ലഭ്യമായ സഹായങ്ങൾ മുടക്കുന്ന നിലപാട് സ്വീകരിച്ചവരുടെ, ബോർഡിലെ പ്രതിനിധികളാണ് ഇപ്പോഴത്തെ നടപടികൾക്ക് പിറകിലെന്നും വിഷയത്തോട് പ്രതികരിച്ച രക്ഷിതാക്കളുടെ പ്രതിനിധികൾ പറഞ്ഞു.
സ്‌കൂൾ വാർഷിക അവധി ദിവസങ്ങൾ കാര്യമായി വെട്ടിക്കുറച്ചു കൊണ്ടുള്ള തീരുമാനവും പത്രസമ്മേളനത്തിൽ പ്രഖ്യാപിക്കുകയുണ്ടായി. വേനലവധിക്കാലത്തെയുൾപ്പടെ പതിമൂന്നോളം ദിവസങ്ങളാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ദൈനദിന അധ്യയന മണിക്കൂറുകളിൽ കുറവ് വരുത്താനാണ് എന്നാണ് വിശദീകരണം.
ഒമാനിൽ ഏറ്റവും ചൂടനുഭവപ്പെടുന്ന ജൂലൈ മാസത്തിൽ അധിക അധ്യയന ദിവസങ്ങൾ ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളെ ശാരീരികമായി ബുദ്ധിമുട്ടിലാക്കുമെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടുന്നു. പഠന ഭാരം ലഘൂകരിക്കാൻ വേണ്ടി ശാസ്ത്രീയമായ പഠനങ്ങൾക്കു ശേഷം ക്രമീകരിച്ചിട്ടുള്ള അവധി ദിനങ്ങളിൽ കുറവ് വരുത്തുന്നത് അവരുടെ മാനസിക, ബൗദ്ധിക ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു. ജൂൺ-ജൂലൈ മാസങ്ങളിലെ അതി ഭീമമായ വിമാനടിക്കറ്റ് നിരക്കുകൾ പരിഗണിക്കാതെയുള്ള ഈ മാറ്റം തുച്ഛ വരുമാനക്കാരായ രക്ഷിതാക്കളെ ആ നിലയിലും ബാധിക്കാനിടയുണ്ട്. അവധി ദിനങ്ങളിലെ കുറവ് അധ്യാപകരെയും പ്രതികൂലമായാണ് ബാധിക്കുക. അനധ്യാപകർ, ട്രാൻസ്പോർട്ടേഴ്‌സ്, കാന്റീൻ ജീവനക്കാർ, സ്‌കൂളിനെ ആശ്രയിച്ചുള്ള ചെറുകിട കച്ചവടക്കാർ തുടങ്ങി പൊതുസമൂഹത്തെ ആകമാനം ബാധിക്കാനിടയുള്ള ഒരു വിഷയം മതിയായ പഠനങ്ങളോ മുന്നൊരുക്കങ്ങളോ കൂടാതെയാണ് നടപ്പിലാക്കാനൊരുങ്ങുന്നതെന്ന് അവർ പറഞ്ഞു.
പ്രളയഫണ്ട് വകമാറ്റൽ, അവധി ദിനങ്ങളിലെ കുറവ് തുടങ്ങി അതീവ ഗൗരവമുള്ള നിരവധി വിഷയങ്ങളിൽ രക്ഷാകർതൃ സമൂഹത്തെ വിശ്വാസത്തിലെടുക്കാതെയും വേണ്ടത്ര കൂടിയാലോചനകളില്ലാതെയും ഏകപക്ഷീയമായി നടപ്പിലാക്കുന്ന ബോർഡിൻറെ നിലപാടുകളോട് ശക്തമായ പ്രതിഷേധിക്കുന്നതായി രക്ഷിതാക്കൾ പ്രതികരണമറിയിച്ചു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.