Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

02 Dec 2024 08:08 IST

Shafeek cn

Share News :

മഴ കനക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി മുഖ്യന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാല് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുവെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നല്‍ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട് - അദ്ദേഹം വ്യക്തമാക്കി.


മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ തയ്യാറാവമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം - അദ്ദേഹം വ്യക്തമാക്കി.


തീര്‍ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന് പത്തനംതിട്ട ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി. വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നതിനാലാണ് നടപടി. മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചു. ശബരിമല തീര്‍ഥാടകര്‍ക്ക് ഇളവുണ്ട്. നാളെ രാവിലെയും മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ല. മലയോരമേഖലയായ അത്തിക്കയം , പെരുനാട് സീതത്തോട് എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ അളവില്‍ മഴ ലഭിച്ചു.


Follow us on :

More in Related News