Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒറ്റ ദിവസം 11 പുതിയ ശാഖകൾ തുറന്ന് ഫെഡറൽ ബാങ്ക്

26 Mar 2025 15:35 IST

enlight media

Share News :

കോഴിക്കോട്: മലബാർ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറൽ ബാങ്ക് പതിനൊന്നു പുതിയ ശാഖകൾ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്, പട്ടിക്കാട് പൂക്കോട്ടൂർ, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട് എന്നിവിടങ്ങളിലാണ് പുതിയ ശാഖകൾ തുറന്നത്. ബാങ്കിന്റെ കോഴിക്കോട് സോണൽ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ ശാഖകളുടെ ഔദ്യോഗിക ഉദ്ഘാടനം ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ശാലിനി വാര്യർ നിർവ്വഹിച്ചു. തുടർന്ന് നടന്ന പത്രസമ്മേളനത്തിൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്‌ബാൽ മനോജ് സംസാരിച്ചു. നൂതന സാമ്പത്തിക സേവനങ്ങളും വ്യക്തിഗത ഉത്പന്നങ്ങളും ഏവർക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശാഖകളുടെ വിപുലീകരണം. ഇതോടെ ഫെഡറൽ ബാങ്കിന് കേരളത്തിൽ മാത്രം 623 ശാഖകളായി. രാജ്യത്തുടനീളമുള്ള ശാഖകളുടെ എണ്ണം 1584 ആയിട്ടുണ്ട്.

"ഫെഡറൽ ബാങ്കിനെ സംബന്ധിച്ചിടത്തോളം കേരളം ഞങ്ങളുടെ വീട് തന്നെയാണ്. 90 വർഷത്തിനു മേലായി ബാങ്കിന് കേരളത്തിലുള്ള സേവന പാരമ്പര്യത്തിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയ്ക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ഒറ്റ ദിവസം നടത്തിയ 11 ശാഖകളുടെ ഉദ്ഘാടനം അതിലേക്കുള്ള മറ്റൊരു ചുവടുവയ്പാണ്." ബാങ്കിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ ശാലിനി വാര്യർ പറഞ്ഞു. പുതിയ ബ്രാഞ്ചുകൾ തുറക്കുക വഴി ഡിജിറ്റൽ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകൾക്കും മുൻഗണന നൽകുക എന്ന തങ്ങളുടെ മന്ത്രത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും ശാലിനി വാര്യർ കുട്ടിച്ചേർത്തു.

Follow us on :

More in Related News