Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാദർ മാത്യു മാവേലി അന്തരിച്ചു

06 May 2024 15:02 IST

- VarthaMudra

Share News :

താമരശ്ശേരി: 

താമരശ്ശേരി രൂപത മുൻ വികാരി ജനറാളും, മുൻ കോർപ്പറേറ്റ് മാനേജരും, കല്ലുരുട്ടി സെന്റ് തോമസ് ഇടവകയുടെ ഇപ്പോഴത്തെ വികാരിയുമായിരുന്ന ഫാ. മാത്യു മാവേലി (75) അന്തരിച്ചു. സ്വഭവനമായ കൈനകരിയിലേക്കുള്ള യാത്രാമദ്ധ്യേ ട്രെയിനിൽ നിന്നും ദേഹാസ്ഥ്വാഥ്യം ഉണ്ടാവുകയും ആലുവയിലുള്ള രാജഗിരി ആശുപത്രിയിൽ എത്തിക്കുകയും ഇന്ന് രാവിലെ 07.41 ന് മരണമടയുകയുമായിരുന്നു.

1949 ജൂൺ 19ന് ചങ്ങനാശ്ശേരി അതിരൂപതയിലെ കൈനകരി ഇടവകയിലെ പരേതരായ മാവേലിൽ മാത്യു - അന്നമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ നാലാമത്തെ മകനായി ജനിച്ചു. കൈനകരിയിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1964ൽ അഭിഭക്ത തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സെമിനാരി പഠനം ആരംഭിച്ചു. തുടർന്ന് ഉന്നത പഠനത്തിനായി കോട്ടയം വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്വശാസ്ത്ര - ദൈവശാസ്ത്ര പഠനം നടത്തി. തലശ്ശേരി രൂപതയ്ക്കുവേണ്ടി 1973 ഡിസംബർ 18ന് കൈനകരി സെന്റ് ഏലിയാസ് ആശ്രമത്തിൽ, അഭിവന്ദ്യ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി പിതാവിൽ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയർപ്പിക്കുകയും ചെയ്തു. 

1974ൽ കൂടരഞ്ഞി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. പേരാവൂർ, ആലക്കോട് എന്നിവടങ്ങളിലും അസിസ്റ്റന്റ് വികാരിയായി സേവനമനുഷ്ഠിച്ചു. തുടർന്ന് വാലില്ലാപ്പുഴ, തലയാട്-വയലിട, റയറോം, വിളക്കാംതോട്, തേക്കുംകുറ്റി, കൂമുള്ളി, ആനക്കാംപൊയിൽ, കൂരാച്ചുണ്ട്, താമരശ്ശേരി എന്നിവിടങ്ങളിൽ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ തലശ്ശേരി രൂപത മൈനർ സെമിനാരിയിൽ സ്പിരിച്ച്വൽ ഡയറക്ടറായും താമരശ്ശേരി രൂപത മൈനർ സെമിനാരിയിൽ റെക്ടറായും സ്പിരിച്ച്വൽ ഡയറക്ടറായും താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013 മുതൽ 2018 വരെ താമരശ്ശേരി രൂപതയുടെ വികാരി ജനറാളായി സേവനം ചെയ്തിട്ടുണ്ട്. 2022 മുതൽ കല്ലുരുട്ടി സെന്റ് തോമസ് ഇടവകയിലെ വികാരിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.

സഹോദരങ്ങൾ : സഖറിയാസ് മാത്യു കൈനകരി, തങ്കമ്മ ജെയിംസ് കൂപ്ലിക്കാട്,പരേതരായ ജോസഫ് മാത്യു കൈതവന, തോമസ് മാത്യു കൈനകരി.

 മാത്യു മാവേലി അച്ചന്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങൾക്കായി ചൊവ്വാഴ്ച (07.05.2024) കൈനകരിയിലുള്ള സഖറിയാസ് മാത്യു (ബേബിച്ചൻ) മാവേലിയുടെ ഭവനത്തിൽ പൊതു ദർശനത്തിന് എത്തിക്കുന്നതായിരിക്കും. മൃതസംസ്കാര കർമ്മങ്ങൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 01.00 മണിക്ക് ഭവനത്തിൽ ആരംഭിച്ച് 02.00 മണിക്ക് അറുനൂറ്റംപാടം സേക്രഡ് ഹാർട്ട് ദൈവാലയത്തിൽ വി. കുർബ്ബാനയ്ക്കും അനുബന്ധ ശുശ്രൂഷകൾക്കും ശേഷം കൈനകരിയിലുള്ള സെന്റ് മേരീസ് ദൈവാലയ സെമിത്തേരിയിൽ, താമരശ്ശേരി രൂപതാദ്ധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും.


Follow us on :

Tags:

More in Related News