Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം നിലമ്പൂരിനടുത്ത് ഭൂമിക്കടിയിൽ നിന്നും ഉഗ്ര സ്ഫോടന ശബ്ദം; വീടുകൾക്ക് വിള്ളൽ; പോത്തുകല്ലിൽ ആളുകളെ മാറ്റിപ്പാർപ്പിച്ചു

30 Oct 2024 09:32 IST

Shafeek cn

Share News :

മലപ്പുറം നിലമ്പൂരിനടുത്ത് പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് ഭൂമിക്കടിയിൽ നിന്നും സ്ഫോടനശബ്ദം കേട്ടതായി നാട്ടുകാർ. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. ഒരു കിലോമീറ്റർ ചുറ്റളവിൽ ശബ്ദം കേട്ടതായി പ്രദശവാസികൾ പറഞ്ഞു. ചില വീടുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. ഏതാനും വീടുകളുടെ മുറ്റത്തും വിള്ളലുണ്ട്. ഭയന്നുപോയ പ്രദേശത്തെ നൂറുകണക്കിനാളുകൾ വീടുകളിൽനിന്ന് പുറത്തേക്കോടി.


വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും പഞ്ചായത്തംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്. പോത്തുകല്ല് വില്ലേജ് ഓഫിസർ കെ.പി.വിനോദ്, പഞ്ചായത്ത് സെക്രട്ടറി എ.ഷക്കീല, പഞ്ചായത്ത് അംഗങ്ങളായ നാസർ സ്രാമ്പിക്കൽ, സലൂബ് ജലീൽ, ഓമന നാലോടി, മുസ്തഫ പാക്കട എന്നിവരും പൊലീസും സ്ഥലത്തെത്തി. രാത്രി വൈകിയും ആളുകൾ വീടുകളിലേക്കു പോകാൻ ഭയന്ന് റോഡിലും മറ്റുമായി തടിച്ചുകൂടിനിൽക്കുകയാണെന്ന് 11-ാം വാർഡ് അംഗം നാസർ പറഞ്ഞു. രാത്രി പതിനൊന്നോടെ ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിനിടെ വീണ്ടും വലിയ ശബ്ദമുണ്ടായി. രാത്രി 11 വരെ പ്രദേശത്ത്‌ ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന ദുരന്തനിവാരണ സമിതി അറിയിച്ചു.


ഇവർ വീട്ടുകാരുമായി വിവരങ്ങൾ അന്വേഷിക്കുന്നതിനിടെ 10.45നും തരിപ്പ് അനുഭവപെട്ടതായി പറയുന്നു. രണ്ടാഴ്ച മുൻപും സമാനമായ രീതിയിൽ സ്ഫോടന ശബ്ദം ഉണ്ടായിരുന്നു. വില്ലേജ് അധികൃതർ നൽകിയ റിപ്പോർട്ടിനെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി അധികൃതരെത്തി പരിശോധന നടത്തിയിരുന്നു. ഭൂമികുലുക്കം ഉണ്ടായിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. 250 ഓളം ആളുകളെയാണ് സമീപത്തെ സ്കൂളിലേക്ക് മാറ്റി പാർപ്പിച്ചിട്ടുള്ളത്. ഇന്ന് പുലർച്ചെയും ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.

Follow us on :

More in Related News