Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Oct 2026 21:53 IST
Share News :
കടുത്തുരുത്തി: കാടും പള്ളയും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമായി കിടന്നിരുന്ന കുട്ടകുഴി ഇന്ന് മനോഹരമായ പൂന്തോട്ടമായി. മുട്ടുചിറ സെന്റ് ആഗ്‌നസ് ഹൈസ്‌കൂളിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിലാണ് പ്രദേശത്തിന്റെ മുഖച്ഛായ മാറ്റിയത്.
മുട്ടുചിറ ജംഗ്ഷനിൽ നിന്ന് സ്കൂളിലേക്കുള്ള വഴിയിൽ മൂന്ന് പ്രധാന റോഡുകൾ സംഗമിക്കുന്ന സ്ഥലത്താണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നേകാൽ സെന്റോളം സ്ഥലം ഏറെക്കാലമായി ഉപയോഗശൂന്യമായി കിടന്നിരുന്നത്. ഇവിടെ പ്രവർത്തിച്ചിരുന്ന മാടക്കടയും പിന്നീട് അടഞ്ഞതോടെ പ്രദേശം കാടും പള്ളയും മാലിന്യവും നിറഞ്ഞ നിലയിലായി.
ഇതിനിടെയാണ് അധ്യാപകരും പൂർവവിദ്യാർഥികളുമായ സിസ്റ്റർ ജോസ്ലിൻ ഡി.എസ്.ജെയും ജൂലിയ ജോസഫും സ്ഥലം വൃത്തിയാക്കി മനോഹരമാക്കാനുള്ള ആശയം പ്രധാനാധ്യാപിക സിൽജ മാത്യുവിന്റെ മുന്നിൽ അവതരിപ്പിച്ചത്. സ്കൂളിന്റെ നേതൃത്വത്തിൽ സ്ഥലം ഏറ്റെടുത്ത് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
തെങ്ങിൻകുറ്റിയും കുപ്പികളും പ്ലാസ്റ്റിക്കും ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ ജെ.സി.ബി. ഉപയോഗിച്ചു. ഇടിഞ്ഞുപൊളിഞ്ഞിരുന്ന ഭാഗങ്ങളിൽ സംരക്ഷണഭിത്തി പുനർനിർമിക്കുകയും രണ്ട് ലോഡ് മണ്ണിറക്കി സ്ഥലം വൃത്തിയാക്കുകയും ചെയ്തു. തുടർന്ന് പുല്ലുകളും ഔഷധസസ്യങ്ങളും നട്ടുപിടിപ്പിച്ച് മനോഹരമായ പൂന്തോട്ടമാക്കി. ആമ്പൽക്കുളവും ഊഞ്ഞാലും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പൂന്തോട്ടം ഒരുക്കുന്നതിന് ആശയം അധ്യാപകരുടേതായിരുന്നെങ്കിലും അതിന്റെ പിന്നിലെ പ്രധാന ശക്തി വിദ്യാർഥികളുടെ അധ്വാനമായിരുന്നു. പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താനും കുട്ടികൾ മുന്നിട്ടിറങ്ങി. പല വിദ്യാർഥികളും തങ്ങളുടെ കുടുക്കകളിൽ സൂക്ഷിച്ചിരുന്ന സമ്പാദ്യം അധ്യാപകർക്ക് കൈമാറി.
ഏകദേശം 50,000 രൂപയോളം ചെലവായ പ്രവർത്തനത്തിന്റെ ബാക്കി തുക സമീപവാസികളും സ്ഥലമുടമ ജോർജ് മുരിക്കനും അധ്യാപകരും ചേർന്നാണ് കണ്ടെത്തിയത്. പി.ടി.എ. പ്രസിഡന്റ് ഷിനോജ് മാത്യുവും പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി. സമീപവാസിയായ കീരിക്കുന്നേൽ തമ്പി പൂന്തോട്ടത്തിലെ ചെടികൾ നനയ്ക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി വെള്ളം നൽകുന്നു.
ഗാന്ധിജയന്തി ദിനമായ ഇന്ന് മന്ത്രി മോൻസ് ജോസഫ് പൂന്തോട്ടം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ളവരായി വിദ്യാർഥികളെ വളർത്തിയെടുക്കുക, കുട്ടികളിൽ ചെറുപ്പം മുതൽ പ്രകൃതിസ്നേഹവും സമൂഹത്തിന് ഗുണകരമായ കാര്യങ്ങൾ ചെയ്യാനുള്ള മനോഭാവവും വളർത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് പ്രധാനാധ്യാപിക സിൽജ മാത്യു പറഞ്ഞു.
നാടിന്റെ സൗന്ദര്യം വീണ്ടെടുക്കുന്നതിന് എല്ലാവർക്കും ഒരുപോലെ ചുമതലയും ഉത്തരവാദിത്വവുമുണ്ടെന്ന സന്ദേശമാണ് പദ്ധതിയിലൂടെ നൽകുന്നതെന്ന് അധ്യാപിക സിസ്റ്റർ ജോസ്ലിൻ ഡി.എസ്.ജെ. പറഞ്ഞു. നാട് വൃത്തികേടാണെന്ന് പഴിചാരുന്നതിന് പകരം കുട്ടികൾക്കും സമൂഹത്തിനായി ഇത്തരം പ്രവർത്തനങ്ങൾ ഏറ്റെടുക്കാനാകുമെന്ന സന്ദേശം നൽകുകയായിരുന്നു ലക്ഷ്യമെന്നും അവർ കൂട്ടിച്ചേർത്തു.
Follow us on :
Tags:
More in Related News
Please select your location.