Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Sep 2025 00:48 IST
Share News :
ഇന്ത്യ മഹാരാജ്യത്തിന്റെ സൗന്ദര്യമെന്നത് ഈ രാജ്യത്ത് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി തന്നെയാണ്. ഏതെങ്കിലും ഒരു പകൽ പെട്ടെന്ന് യാഥാർത്ഥ്യമായതൊന്നുമല്ല നമ്മുടെ രാജ്യത്ത് ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ വ്യവസ്ഥിതി. നിരവധിയാർന്ന ധീര ദേശാഭിമാനികളുടെയും മഹത് വ്യക്തിത്വങ്ങളുടെയും ത്യാഗപൂർണ്ണമായ ഇടപെടലുകൾ ആയിരുന്നു ഇന്ത്യയിൽ ജനാധിപത്യം സാധ്യമാക്കിയത്. ബ്രിട്ടീഷുകാരുടെ ഏകാധിപത്യ ഭരണത്തിൽ നിന്നും ഇന്ത്യയെ മോചിപ്പിച്ച സ്വാതന്ത്ര്യസമര പോരാട്ടങ്ങൾ നമുക്ക് അറിയുന്നതാണല്ലോ. തോക്കിനോടും പീരങ്കിയോടുമെല്ലാം ഇന്ത്യ പടപൊരുതിയത് തികഞ്ഞ നിശ്ചയദാർഢ്യം കൈമുതലാക്കിയായിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ജീവൻ നഷ്ടപ്പെട്ട അനേകായിരം മനുഷ്യരുണ്ട്. ജയിലറകൾക്കും കഴുമരങ്ങൾക്കും കൊടിയ മർദ്ദനങ്ങൾക്കും സ്വാതന്ത്ര്യസമരസേനാനികളുടെ ആർജ്ജവത്തെ കുറയ്ക്കുവാൻ കഴിഞ്ഞിരുന്നില്ല. സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകൾ പിന്നിടുമ്പോൾ വീണ്ടും രാജ്യം അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് തിരിച്ചു പോവുകയാണ്. അന്ന് വിദേശികളായിരുന്നു രാജ്യത്തെ ഇല്ലാതാക്കുവാൻ ശ്രമിച്ചത് എങ്കിൽ എന്ന് ആ ശ്രമം സ്വന്തം രാജ്യത്തുനിന്ന് തന്നെയാണ് ഉണ്ടാകുന്നത്. അധികാരമെന്നത് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുവാനുള്ള സാഹചര്യമായി കണക്കാക്കുന്ന ഒരു ഭരണകൂടം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വിലങ്ങുതടിയായി മാറുകയാണ്. ജനാധിപത്യ രാജ്യത്തിന്റെ സവിശേഷതകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ തെരഞ്ഞെടുപ്പുകൾ. ലോകരാഷ്ട്രങ്ങൾക്കിടയിൽ തന്നെ ഇന്ത്യയുടെ ജനാധിപത്യ സവിശേഷതയ്ക്ക് വലിയ സ്വീകാര്യതയാണ് ഉള്ളത്. തെരഞ്ഞെടുപ്പുകളെ അട്ടിമറിച്ചാൽ സ്വാഭാവികമായും ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിക്കുവാൻ കഴിയും. ഇന്ത്യയിൽ ഏറ്റവും അധികം അധികാരം ഉള്ളത് ഈ രാജ്യത്തെ ഓരോ പൗരനുമാണ്. ഭരണകൂടത്തെ സൃഷ്ടിച്ചെടുക്കുന്ന തെരഞ്ഞെടുക്കുന്ന മഹാ പ്രക്രിയയിൽ ഈ രാജ്യത്തെ ഓരോ പൗരനും നേരിട്ട് പങ്കാളികളാകുന്നുണ്ട്. ബാഹ്യ ഇടപെടലുകൾക്ക് ഇടയില്ലാത്ത വിധത്തിലായിരുന്നു കാലങ്ങളോളം ഇവിടെ തെരഞ്ഞെടുപ്പുകൾ നടന്നിട്ടുള്ളത്. ഐക്യവും സമത്വവും ഒക്കെയായിരുന്നു രാജ്യത്തിന്റെ ജനാധിപത്യ പരിസരത്തിന് കൂടുതൽ മികവ് പകർന്നിരുന്നത്. ഇന്നിപ്പോൾ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ വിഭജനം സാധ്യമാക്കുകയാണ് ഭരണകൂടം. പരമാവധി വിഭാഗീയത സൃഷ്ടിച്ചെടുത്ത് ജനാധിപത്യത്തെ അട്ടിമറിക്കുവാൻ ശ്രമിച്ചപ്പോഴും ഇന്ത്യയുടെ മണ്ണിൽ ആഴത്തിൽ പതിഞ്ഞിരുന്ന മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും വേരുകൾ സംഘപരിവാറിന് തടസ്സമാവുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഭരണഘടന സ്ഥാപനങ്ങളെ പോലും സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാറ്റുന്ന നിലയിലേക്ക് കേന്ദ്രസർക്കാരും ബിജെപിയും മാറിയത്. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടർച്ചയായി പുറത്തുവിടുന്ന തെളിവുകൾ ഞെട്ടിക്കുന്നതാണ്. ഒന്നോ രണ്ടോ മണ്ഡലങ്ങളിലെ വ്യാജ വോട്ടുകളുടെ കണക്കുകൾ മാത്രമാണ് അദ്ദേഹം പുറത്തുവിട്ടിട്ടുള്ളത്. ആ പുറത്തുവിട്ട വിവരങ്ങൾ തന്നെ രാജ്യത്തിന്റെ ജനാധിപത്യം എത്രമേൽ അപകടത്തിൽ ആണെന്നത് ആർക്കും വായിച്ചെടുക്കാം. സർക്കാരിന്റെയും ഭരണത്തിന് നേതൃത്വം നൽകുന്ന പാർട്ടിയുടെയും താല്പര്യങ്ങൾ സംരക്ഷിക്കുന്ന നിലയിൽ തെരഞ്ഞെടുപ്പ് കമ്മീഷനുകൾ പ്രവർത്തിച്ചുവെങ്കിൽ അത് കടുത്ത അപരാധമാണ്. അതിന് കൂട്ടുനിന്നവരെല്ലാം ഉറപ്പായും മറുപടി പറയേണ്ടതുണ്ട്. അതിനപ്പുറത്തേക്ക് ഇപ്പോൾ ഉയർന്നുവരുന്നത് കേവലം ആരോപണങ്ങൾ മാത്രമെങ്കില്‍ അഗ്നിശുദ്ധി വരുത്തേണ്ട ഉത്തരവാദിത്വവും തെരഞ്ഞെടുപ്പ് കമ്മീഷന് ഉണ്ട്.
Follow us on :
More in Related News
Please select your location.