Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാകളക്ടർ

27 May 2025 14:29 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്‌കൂളുകൾ തുറക്കേണ്ടതില്ലെന്ന് ജില്ലാ കളക്ടർ. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തിയാണ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങണമെന്ന നിർദ്ദേശം പാലിക്കാത്ത കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ ചില സ്‌കൂളുകളിലാണ് ക്ലാസുകള്‍ ആരംഭിക്കേണ്ടതില്ലെന്ന് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് നിർദ്ദേശിച്ചത്.


 പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്നോടിയായി സ്‌കൂളുകളിലെ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.

കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെയും വാഹനങ്ങളുടെയും ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്താനും,

സ്‌കൂള്‍ പരിസരങ്ങളിലെ അപകടകരമായ മരങ്ങളും മറ്റും നീക്കം ചെയ്യാനും സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ എൻജിനീയര്‍മാരുടെ നേതൃത്വത്തില്‍ ഇവ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനാണ് നിര്‍ദേശം.

 

 യാത്രാസൗകര്യം, ആരോഗ്യ സുരക്ഷ, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഉച്ചക്കഞ്ഞി വിതരണം തുടങ്ങിയ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന, കുട്ടികള്‍ക്ക് ഭീഷണിയായ മരങ്ങള്‍ മുറിച്ചുമാറ്റല്‍, ലഹരി ജാഗ്രതാ സമിതി യോഗം എന്നിവ നടത്താനും തീരുമാനിച്ചു. പാചക തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ലഭിച്ചതായും ഉച്ച ഭക്ഷണത്തിന് വേണ്ട അരി ഉള്‍പ്പെടെ സ്റ്റോക്കുള്ളതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. സ്‌കൂള്‍ ബസിലെ ഡ്രൈവര്‍മാര്‍ക്ക് എക്സൈസ് വകുപ്പും മോട്ടോർവാഹനവകുപ്പും ചേര്‍ന്ന് പരിശീലന ക്ലാസ് നല്‍കും.

Follow us on :

Tags:

More in Related News