Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2024 10:01 IST
Share News :
കൊടകര: മറ്റത്തൂര്‍ പഞ്ചായത്തിന്റെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ചൊക്കന,നായാട്ടുകുണ്ട് ഗ്രാമങ്ങളിലേക്കുള്ള വൈദ്യുതി വിതരണം ഇടക്കിടെ തടസപ്പെടുന്നസാഹചര്യത്തില്‍ ഇവിടേക്കുള്ള വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ കേബിള്‍ വഴിയാക്കണമെന്ന് ആവശ്യമുയരുന്നു. തോട്ടം തൊഴിലാളികളും മലയോര കര്‍ഷകരും താമസിക്കുന്ന ഈ പ്രദേശങ്ങള്‍ കാട്ടാന അടക്കമുള്ള വന്യജീവികളുടെ വിഹാരമേഖലയായതിനാല്‍ വൈദ്യുതി നിലക്കുന്നത് ജനങ്ങള്‍ക്ക് ദുരിതമാകുകയാണ്. നായാട്ടുകുണ്ട്, ചൊക്കന, കാരിക്കടവ് പ്രദേശങ്ങളിലേക്ക് വൈദ്യുതി എത്തുന്നത് വെള്ളിക്കുളങ്ങരയില്‍ നിന്നാണ്. വെള്ളിക്കുളങ്ങരയില്‍ നിന്ന് ചൊക്കനയിലേക്കുള്ള അഞ്ചുകിലോമീറ്റര്‍ ദൂരത്തില്‍ രണ്ടരകിലോമീറ്ററിലേറെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നത് വനത്തിലൂടെയാണ്. റബര്‍ തോട്ടത്തിലൂടെയും ഇവിടെ വൈദ്യുതി ലൈന്‍ കടന്നുപോകുന്നുണ്ട്. ഇതിനാല്‍ മരങ്ങള്‍ ഒടിഞ്ഞു വീണ് വൈദ്യുതി വിതരണം തടസപ്പെടുന്നത് ഇവിടെ പതിവു സംഭവമാണ്. രാത്രിയില്‍ വൈദ്യുതി കാലുകള്‍ ഒടിഞ്ഞുവീഴുകയോ കമ്പികള്‍ പൊട്ടുകയോ ചെയ്താല്‍ അറ്റകുറ്റ പണി നടത്തി പുനസ്ഥാപിക്കുന്ന ജോലി പലപ്പോഴും ദുഷ്‌കരമാണ്. ഇതുമൂലം മണിക്കൂറുകളോളം പ്രദേശവാസികള്‍ ഇരുട്ടിലാകേണ്ടി വരുന്നുണ്ട്. ഹാരിസന്‍ പ്ലാന്റേഷന്‍ അടക്കമുള്ള റബര്‍തോട്ടങ്ങളില്‍ പുലര്‍ച്ചെ ടാപ്പിങ് ജോലിക്കുപോകുന്ന തൊഴിലാളികള്‍ക്ക് വഴിവിളക്ക് ഇല്ലാതെ വരുമ്പോള്‍ ഒട്ടേറെ ബുദ്ധിമുട്ടുകള്‍ നേരിടുന്നു. റോഡില്‍ നില്‍ക്കുന്ന കാട്ടാനകളെ ദൂരെ നിന്ന് കാണാനാവാത്തതിനാല്‍ തൊഴിലാളികള്‍ കാട്ടാനകളുടെ മുന്നില്‍ പെടുന്നത് പതിവാണ്. ചൊക്കനയിലേക്കുള്ള 11 കെ.വി.അടക്കമുള്ള വൈദ്യുതി ലൈന്‍ ഭൂഗര്‍ഭ കേബിള്‍ വഴി സ്ഥാപിക്കുകയാണെങ്കില്‍ ചൊക്കന മേഖലയിലെ ജനങ്ങളുടെ ദുരിതം പരിഹരിക്കാനാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനുള്ള നടപടികള്‍ ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം
Follow us on :
Tags:
More in Related News
Please select your location.