Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല'; സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐ

16 Jun 2024 10:20 IST

Shafeek cn

Share News :

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനം. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടുവെന്നും മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്നുമാണ് വിമര്‍ശനം. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായത് ഭരണവിരുദ്ധ വികാരമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറി. യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. രാഷ്ട്രീയ ക്യാമ്പയിന് പകരം മത സംഘടനകളുടെ യോഗമായി മാറി എന്നും വിമര്‍ശനമുണ്ട്.


മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം പരാജയകാരണമായി. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തിരിച്ചടിയായി. മന്ത്രിമാര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രകടനം മോശമെന്നും അംഗങ്ങള്‍ വിലയിരുത്തി. ഈഴവ, പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിട്ടു. നവകേരള സദസ്സ് ധൂര്‍ത്ത് ആയി മാറി. പരിപാടിക്കായി നടന്നത് വലിയ പണപ്പിരിവാണ്. ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പണം പിരിച്ചുവെന്നും വിമര്‍ശനമുയര്‍ന്നു. സിപിഐയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെയും വിമര്‍ശനം ഉയര്‍ന്നു. പി പി സുനീറിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് അംഗങ്ങള്‍ രംഗത്തെത്തി. 


ന്യൂനപക്ഷമെന്ന പരിഗണനയിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. ഇത് സിപിഐയുടെ രീതിയല്ല. ഇത്തരം പ്രവണതകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യില്ല സി കെ ചന്ദ്രപ്പന്റെയും വെളിയം ഭാര്‍ഗവന്റെയും കാലത്തെപ്പോലെ തിരുത്തല്‍ ശക്തിയാകാന്‍ സിപിഐക്ക് ഇന്ന് കഴിയുന്നില്ലെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. തോല്‍വിയെ പറ്റി പഠിക്കാന്‍ സിപിഐഎം നേതൃയോഗങ്ങള്‍ ഇന്ന് ആരംഭിക്കാനിരിക്കെയാണ് സിപിഐഎയുടെ വിമര്‍ശനം. തോല്‍വിയുടെ കാരണങ്ങള്‍ പരിശോധിക്കനാണ് സിപിഐഎം അഞ്ചുദിവസത്തെ നേതൃയോഗം ചേരുന്നത്. ഇന്നും നാളെയും സംസ്ഥാന സെക്രട്ടറിയേറ്റും അടുത്ത മൂന്നു ദിവസങ്ങളില്‍ സംസ്ഥാന കമ്മിറ്റിയും ചേരും.


മതന്യൂനപക്ഷ വോട്ടുകള്‍ക്കൊപ്പം പരമ്പരാഗത വോട്ടുകളും നഷ്ടപ്പെട്ടു എന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. പാര്‍ട്ടിയുടെ കേഡര്‍ വോട്ടുകള്‍ വരെ ബിജെപിയിലേക്ക് പോയെന്ന് തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ചേര്‍ന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.


Follow us on :

More in Related News