Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാലത്തിന്റെ നെടുവീർപ്പുകൾ കോറിയിട്ട്... വരദരാജ് ബത്തേരിയുടെ "എന്നാ പറയാനാ" പ്രകാശനം ചെയ്തു.

16 Sep 2026 07:36 IST

SUNITHA MEGAS

Share News :

​കടുത്തുരുത്തി:: വയനാടിന്റെ പ്രകൃതിഭംഗിയിൽ ജനിച്ച്, വൈക്കത്തിന്റെ മണ്ണിൽ വേരൂന്നിയ പ്രിയപ്പെട്ട എഴുത്തുകാരൻ വരദരാജ് ബത്തേരിയുടെ ആറാമത് സാഹിത്യസൃഷ്ടിയായ "എന്നാ പറയാനാ" എന്ന പുസ്തകം തലയോലപ്പറമ്പ് ഐ.സി.എം ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രകാശനം ചെയ്യപ്പെട്ടു.​സാഹിത്യപ്രവർത്തകരുടെയും പുസ്തകപ്രേമികളുടെയും സാന്നിധ്യം കൊണ്ട് ധന്യമായ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിത സുഭാഷ് അധ്യക്ഷത വഹിച്ചു. പ്രശസ്ത എഴുത്തുകാരനും വിവർത്തകനും തിരക്കഥാകൃത്തുമായ എസ്. ഹാരിസ് പുസ്തകത്തിന്റെ പ്രകാശനകർമ്മവും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് രമേശൻ മുല്ലശ്ശേരി ഗ്രന്ഥം ഏറ്റുവാങ്ങി.

​വയനാടിന്റെ മണ്ണിൽ പിറവിയെടുത്ത്, നിലവിൽ തലയോലപ്പറമ്പിനടുത്ത കീഴൂരിന്റെ ഗ്രാമീണ സൗന്ദര്യത്തിൽ സാഹിത്യസപര്യ തുടരുന്ന എഴുത്തുകാരനാണ് വരദരാജൻ. മഴയെത്തും മുമ്പ്, അതിജീവനം, മിസ്ഡ് കോൾ, ഒരു വയനാടൻ നൊസ്റ്റാൾജിയ, മധുരവം തുടങ്ങിയ ശ്രദ്ധേയങ്ങളായ നോവലുകളും കവിതാസമാഹാരങ്ങളും ഇതിനകം അദ്ദേഹത്തിന്റെ തൂലികയിൽ നിന്നും അടർന്നു വീണിട്ടുണ്ട്.

​കോട്ടയം ജില്ലയിലെ കുടുംബജീവിതത്തിലെ തീവ്രമായ സങ്കടങ്ങളും അതിജീവനത്തിന്റെ പ്രത്യാശകളും ഈ കഥാസമാഹാരത്തിൽ തുടിച്ചുനിൽക്കുന്നു. കാലം കാണാതെപോയ സാധാരണക്കാരുടെ ജീവിതങ്ങളുടെ നേർക്കാഴ്ചകളാണ് ഇതിലെ ഓരോ താളും. വിജനമായ വഴിയിലൂടെ തനിച്ചെങ്ങനെയാണ് കാലം നടന്നുനീങ്ങുന്നത് എന്നതിന്റെ നെടുവീർപ്പുകളാണ് വരദരാജ് ബത്തേരി ഈ കഥാസമാഹാരത്തിലൂടെ വായനക്കാരുടെ മുന്നിൽ തുറന്നുവെക്കുന്നത്.

​സാംസ്കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് മെമ്പർ മിനി ബെന്നി, കീഴൂർ രാധാകൃഷ്ണൻ നായർ, അഡ്വ. ശ്രീകുമാർ സി.എൻ, ഐ.സി.എം ഡയറക്ടർ സോജൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് ഗ്രന്ഥകർത്താവ് വരദരാജൻ ബത്തേരിയുടെ ഹൃദയസ്പർശിയായ മറുപടി പ്രസംഗമുണ്ടായി. ചടങ്ങിന് വസുജ ശിവാദ്രി സ്വാഗതവും ലക്ഷ്മി വാരിജ് കൃതജ്ഞതയും രേഖപ്പെടുത്തി.....




Follow us on :

More in Related News