Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീണ്ടും പുലിപ്പേടിയില്‍ നാട്; തുടങ്ങനാട് പുലിയെ കണ്ടതായി നാട്ടുകാര്‍

30 Oct 2024 19:15 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ:ആഴ്ചകള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തുടങ്ങനാട് പാണ്ടന്‍കല്ല് ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാര്‍. സംഭവം അറിഞ്ഞ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ ഉള്‍പ്പെടെ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രദേശവാസിയായ പാറശ്ശേരില്‍ ബിന്‍സി ഷാജിയും അതുവഴി ബൈക്കില്‍ വന്ന രണ്ട് പേരുമാണ് പുലിയെ കണ്ടതായി പറയുന്നത്. ബിന്‍സി കൃഷിയിടത്തിലേക്ക് പോകും വഴി പുലിയെ കണ്ടെന്നാണ് പറയുന്നത്. റോഡ് മറികടന്ന് സമീപത്തെ തോട്ടത്തിലേക്ക് പോകുകയായിരുന്നു പുലി. നായയേക്കാള്‍ ഉയരവും നീളവും ഉള്ളതായും ബിന്‍സി പറഞ്ഞു.


മൃഗങ്ങളെ നഷ്ടപ്പെട്ടതായി വിവരം ലഭിച്ചാലൊ വീണ്ടും പുലി സാനിധ്യം കണ്ടാലൊ വനം വകുപ്പിനെ അറിയിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. അങ്ങനെ കണ്ടാല്‍ കാമറ സ്ഥാപിക്കുകയും ശേഷം കൂട് സ്ഥാപിക്കുകയും ചെയ്യുമെന്നും വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചു.


മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിര്‍ത്തിയായ ഇല്ലിചാരിയില്‍ കഴിഞ്ഞ ഏപ്രില്‍ 21ന് പുലിയെ കണ്ടതോടെയാണ് നാട്ടുകാരില്‍ ഭീതി പരന്നത്. തുടര്‍ന്ന് പ്രദേശത്തെ മലനിരകളിലെ പല സ്ഥലങ്ങളിലായി പുലിയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇല്യാരിയിലെ പുലി സാന്നിധ്യം മാത്രമാണ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞത്. വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് സംഭവത്തില്‍ സ്ഥിരീകരണമുണ്ടായത്. ഇത് നാട്ടുകാരെ വളരെ ഭീതിയിലാക്കിയിരുന്നു. പ്രദേശത്തെ നിരവധിയാളുകളുടെ വളര്‍ത്തു മൃഗങ്ങളെ പുലി കൊന്ന് തിന്നുകയും ചെയ്തിരുന്നു. ഇതില്‍ പരിഭ്രാന്തരായ നാട്ടുകാര്‍ സന്ധ്യ മയങ്ങിയാല്‍ വീട്ടിനകത്ത് തന്നെ കഴിഞ്ഞ് കൂടുകയായിരുന്നു പതിവ്. ആടിനും പശുവിനും പുല്ലു വെട്ടാന്‍ പോലും പുറത്ത് ഇറങ്ങാന്‍ ഭയപ്പെട്ടിരുന്നു. ഏതാനു ദിവസങ്ങള്‍ക്ക് ശേഷം പുലിയെക്കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. പിന്നീട് ഇന്നലെയാണ് പുലിയെ കണ്ടതായി പറയുന്നത്. ഇതോടെ നാട്ടുകാര്‍ വീണ്ടും ഭീതിയുടെ മുള്‍മുനയിലായി.

Follow us on :

More in Related News