Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 00:02 IST
Share News :
കോട്ടയം: അയ്യപ്പദര്‍ശനം നടത്തി ചാണ്ടി ഉമ്മന്‍ എംഎല്‍എ. പമ്പയിൽനിന്ന് ഇരുമുടിക്കെട്ട് നിറച്ചാണ് മലകയറിയത്. ഇത് രണ്ടാം തവണമാണ് ചാണ്ടി ഉമ്മൻ മല കയറുന്നത്. കഴിഞ്ഞ പ്രാവശ്യം മല കയറിയപ്പോള്‍ ആരും അറിഞ്ഞില്ല. ഇപ്രാവശ്യവും ആരും അറിയരുത് എന്നാണ് ആഗ്രഹിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെറുതെ വിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
2022ൽ ആണ് ആദ്യമായി മലകയറി ദർശനം നടത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിനുതന്നെ മാലയിട്ടു വ്രതം തുടങ്ങി. വയനാട് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കുമാർ, ആലപ്പുഴ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഗംഗാശങ്കർ എന്നിവർക്ക് ഒപ്പം ശനിയാഴ്ച രാത്രി എട്ടിനാണ് സന്നിധാനത്ത് എത്തിയത്.
പതിനെട്ടാംപടി കയറി മറ്റുള്ള തീർഥാടകർക്ക് ഒപ്പം ക്യൂ നിന്ന് സോപാനത്ത് എത്തിയപ്പോഴാണ് അവിടെനിന്ന പൊലീസുകാർ തിരിച്ചറിഞ്ഞത്. തനിക്ക് പ്രത്യേക പരിഗണന ഒന്നും വേണ്ടന്ന് പറഞ്ഞ് തൊഴുത് നീങ്ങി. മാളികപ്പുറത്തേക്ക് പോയപ്പോൾ മറ്റു തീർഥാടകർ തിരിച്ചറിഞ്ഞു. പലർക്കും ഒപ്പംനിന്ന് ഫോട്ടോ എടുക്കണം. ചിലർക്ക് സെൽഫി എടുക്കണം. അവരോടൊപ്പം മാളികപ്പുറത്ത് ദർശനം നടത്തി.
താന്‍ എന്താണ് അയ്യപ്പനോട് പ്രാര്‍ത്ഥിച്ചതെന്ന് പറയില്ല. എന്ത് പറഞ്ഞാലും മാധ്യമ പ്രവര്‍ത്തകര്‍ വളച്ചൊടിക്കും. കഴിഞ്ഞ പ്രാവശ്യം മലകയറ്റം കഠിനമായിരുന്നു. കഴിഞ്ഞ പ്രാവശ്യം മലകയറാന്‍ രണ്ടര മണിക്കൂര്‍ എടുത്തു. ഇക്കുറി അത്രയും സമയം എടുത്തില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേർത്തു. ശബരിമലയിലെ സൗകര്യങ്ങളേപ്പറ്റി ഭക്തരാണ് പറയേണ്ടത്. അവര്‍ അഭിപ്രായം പറയട്ടെയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.