Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്ന് വെല്ലുവിളികളെ അതിജീവിക്കേണ്ടിവരും; സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടക്കയാത്ര എളുപ്പമല്ല

22 Aug 2024 12:44 IST

- Shafeek cn

Share News :

ഫ്‌ലോറിഡ: ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ തകരാറിനെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തുടരുന്ന സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും കാര്യത്തില്‍ ആശങ്കകള്‍ തുടരുകയാണ്. അമേരിക്കന്‍ മിലിറ്ററിയുടെ സ്‌പേസ് സിസ്റ്റംസിലെ കമാന്ററായിരുന്ന റൂഡി റിഡോള്‍ഫിയാണ് സ്റ്റാര്‍ലൈനര്‍ പേടകത്തെ കുറിച്ച് നാസയ്ക്കും ബോയിംഗിനും മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രധാനി. സുനിത വില്യംസും ബുച്ച് വില്‍മോറും മടക്കയാത്രയ്ക്ക് സ്‌റ്റൈര്‍ലൈനര്‍ പേടകം തന്നെ ഉപയോഗിച്ചാല്‍ മൂന്ന് വെല്ലുവിളികളെ അതിജീവിക്കേണ്ടിവരും എന്ന് അദേഹം പറയുന്നു.


96 മണിക്കൂര്‍ നേരത്തേക്കുള്ള ഓക്സിജനെ സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അവശേഷിക്കുന്നുള്ളൂ. ത്രസ്റ്ററുകള്‍ പ്രവര്‍ത്തനരഹിതമായാല്‍ പേടകം ബഹിരാകാശത്ത് കുടുങ്ങുകയും ഈ അളവ് ഓക്സിജന്‍ തികയാതെ വരികയും ചെയ്യുമെന്നതാണ് ഒരു വെല്ലുവിളി. പേടകത്തിന്റെ ദിശ നിര്‍ണയിക്കുന്ന ത്രസ്റ്ററുകളുടെ തകരാര്‍ കാരണം പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് എത്തുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ സ്‌റ്റൈര്‍ലൈനര്‍ ബഹിരാകാശത്ത് അനിശ്ചിതകാലത്തേക്ക് കുടുങ്ങിയേക്കാം എന്നതാണ് രണ്ടാമത്തെ ആശങ്ക. തീവ്ര ഘര്‍ഷണവും കനത്ത ചൂടും കാരണം സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ലോഹകവചം മടക്ക യാത്രയ്ക്കിടെ കത്തിയമരാം എന്നതാണ് മുന്നിലുള്ള മൂന്നാമത്തെ വെല്ലുവിളി എന്നും റൂഡി റിഡോള്‍ഫി വിശദീകരിക്കുന്നു.


ബോയിംഗ് വികസിപ്പിച്ച സ്‌റ്റൈര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് 2024 ജൂണ്‍ 5നാണ് സുനിത വില്യംസും ബുച്ച് വില്‍മോറും യാത്ര തിരിച്ചത്. മനുഷ്യനെ വഹിച്ചുകൊണ്ട് ഐഎസ്എസിലേക്ക് ബോയിംഗിന്റെ ആദ്യ യാത്രയായിരുന്നു ഇത്. ബഹിരാകാശ പദ്ധതികളില്‍ സ്വകാര്യ കമ്പനികളുമായി സഹകരിക്കാനുള്ള നാസയുടെ കൊമേഴ്സ്യല്‍ ക്രൂ പോഗ്രാമിന്റെ പദ്ധതിയുടെ ഭാഗമായായിരുന്നു ബോയിംഗ് സ്റ്റാര്‍ലൈനര്‍ അയച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വെറും എട്ട് ദിവസത്തെ ദൗത്യമായിരുന്നു ഇരുവര്‍ക്കും നിശ്ചയിച്ചിരുന്നത്. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ ഹീലിയം ചോര്‍ച്ചയും വാല്‍വ് പിഴവുകളും കാരണം സാഹസികമായാണ് സ്റ്റാര്‍ലൈനര്‍ പേടകം ഐഎസ്എസില്‍ ഡോക് ചെയ്തത്. പേടകത്തിന്റെ ദിശ നിയന്ത്രിക്കുന്ന ത്രസ്റ്ററുകളില്‍ അഞ്ച് എണ്ണം ഡോക്കിംഗ് ശ്രമത്തിനിടെ തകരാറിലായിരുന്നു. ഇതേ പേടകത്തിലുള്ള മടക്കയാത്ര വലിയ അപകടമാണ് എന്നതില്‍ 75 ദിവസത്തിലേറെയായി ബഹിരാകാശ നിലയത്തില്‍ സുനിതയും ബുച്ചും തുടരുകയാണ്.


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും മടങ്ങിവരവിന് 2025 വരെ സുനിത വില്യംസും ബുച്ച് വില്‍മോറും കാത്തിരിക്കേണ്ടിവന്നേക്കാം എന്ന് നാസ അടുത്തിടെ വ്യക്തമാക്കിയിരുന്നു. സ്റ്റാര്‍ലൈനറിന്റെ തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ ഇരുവരുടെയും മടങ്ങിവരവ് അടുത്ത വര്‍ഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിലായിരിക്കും.

Follow us on :

More in Related News