Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എം.ജിയിൽ മികവിന്‍റെ കേന്ദ്രം; ധാരണാപത്രമായി

22 Jan 2025 18:05 IST

CN Remya

Share News :

കോട്ടയം: ഉന്നത വിദ്യാഭ്യാസ മേഖലയിലെ കാലോചിത പരിഷ്കാരങ്ങളുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ സ്ഥാപിക്കുന്ന മികവിന്‍റെ കേന്ദ്രത്തിന് ധാരണാപത്രമായി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന്‍റെ സാന്നിധ്യത്തില്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ സര്‍വകലാശാലാ പ്രതിനിധികള്‍ക്ക് ധാരണാപത്രം കൈമാറി. ശാസ്ത്ര, സാങ്കേതിക, സംരംഭകത്വ മേഖലകളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള കേന്ദ്രമാണ് സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിനു കീഴില മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ തുടങ്ങുന്നത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സയന്‍സ്, ടെക്നോളജി ആന്‍റ് ഇന്നവേഷന്‍ എന്ന പേരിലായിരിക്കും സ്ഥാപനം അറിയിപ്പെടുക. ശാസ്ത്ര-സാങ്കേതിക മേഖലയിലെ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്ന കേന്ദ്രമായിരിക്കും ഇതെന്ന് മന്ത്രി പറഞ്ഞു. 

ഉന്നത വിദ്യാഭ്യാസ മേഖലയിലെ കണ്ടെത്തലുകളെ ഉത്പന്നങ്ങളും സംരംഭങ്ങളുമാക്കി മാറ്റുന്നതിനും വ്യവസായ മേഖലയുമായി സഹകരിച്ച് സംരംഭകത്വ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുക. ഇതിനായി ദേശീയ, രാജ്യാന്തര തലങ്ങളിലുള്ള സഹകരണവും പരിഗണിക്കും. 

ഉന്നത വിദ്യാഭ്യാസമേഖലയുടെ സമഗ്രപരിഷ്കരണത്തിന് ഉന്നതവിദ്യാഭ്യാസ പരിഷ്കരണ കമ്മീഷന്‍ നല്‍കിയ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആദ്യ ഘട്ടമായി സംസ്ഥാനത്ത് എം.ജി സര്‍വകലാശാലയിലേതുള്‍പ്പെടെ ഏഴു മികവിന്‍റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനാണ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയത്. ഓരോ കേന്ദ്രവും വ്യത്യസ്ത മേഖലകളിലുള്ള പഠനങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കുക. സ്വയംഭരണ സ്ഥാപനങ്ങളായാണ് ഇവ പ്രവര്‍ത്തിക്കുക.

ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ്, കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, മഹാത്മാ ഗാന്ധി സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. ജോജി അലക്സ്, അരുണ്‍ കെ. ശശീന്ദ്രന്‍, സെന്‍റര്‍ ഓഫ് എക്സലന്‍സ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. ഇ.കെ രാധാകൃഷ്ണന്‍ എന്നിവരും സന്നിഹിതിരായിരുന്നു.

Follow us on :

More in Related News