Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിഎസ് പോയിട്ടും സിപിഎമ്മിനെ വിടാതെ 'ക്യാപിറ്റൽ പണിഷ്‌മെന്റ്’ വിവാദം

28 Jul 2025 07:55 IST

NewsDelivery

Share News :

തിരുവനന്തപുരം: വിഎസിന്റെ വിയോഗശേഷവും ‘ക്യാപിറ്റൽ പണിഷ്‌മെന്റ്’ വിവാദം സിപിഎമ്മിനെ വേട്ടയാടുന്നു. മുൻ സംസ്ഥാനകമ്മിറ്റിയംഗം പിരപ്പൻകോട് മുരളിയുടെ തുറന്നുപറച്ചിലിനുപിന്നാലെ, സിപിഎം എംപിയും എംഎൽഎയുമായിരുന്ന സുരേഷ് കുറുപ്പും വെളിപ്പെടുത്തലുമായി രംഗത്തെത്തി. 2015-ലെ ആലപ്പുഴ സംസ്ഥാനസമ്മേളനത്തിൽ ‘ഒരു കൊച്ചുപെൺകുട്ടി’, വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്നും അധിക്ഷേപം സഹിക്കാനാവാതെ വിഎസ് വേദിയിൽനിന്ന് ഇറങ്ങിപ്പോയെന്നുമാണ് ‘മാതൃഭൂമി’ വാരാന്തപ്പതിപ്പിലെ അനുസ്മരണത്തിൽ സുരേഷ് കുറുപ്പ് പറഞ്ഞത്.

പിരപ്പൻകോട് മുരളിയുടെ ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തള്ളിയതിനുപിന്നാലെയാണ് സുരേഷ് കുറുപ്പിന്റെ തുറന്നുപറച്ചിൽ. വിദ്യാർഥിയായിരുന്ന കാലംമുതൽ വിഎസ്സുമൊത്തുള്ള അനുഭവവും അടുപ്പവും വിവരിച്ച് ‘ഇങ്ങനെയൊക്കെയായിരുന്നു എന്റെ വിഎസ്’ എന്ന പേരിലാണ് മാതൃഭൂമിയിൽ സുരേഷ് കുറുപ്പിന്റെ അനുസ്മരണം. ഇത് വിവാദമായതോടെ, ലേഖനത്തിൽ പേരൊന്നും പരാമർശിച്ചില്ലെങ്കിലും സിപിഎം യുവവനിതാനേതാവ് ചിന്ത ജെറോം ആരോപണം നിഷേധിച്ച് രംഗത്തെത്തി.

സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും മന്ത്രി വി. ശിവൻകുട്ടിയും കടകംപള്ളി സുരേന്ദ്രനും ഇക്കാര്യം നിഷേധിച്ചു. 2012-ലെ സംസ്ഥാനസമ്മേളനത്തിൽ യുവനേതാവ്, വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് നൽകണമെന്ന് ആവശ്യപ്പെട്ടെന്ന പിരപ്പൻകോട് മുരളിയുടെ വെളിപ്പെടുത്തൽ ലക്ഷ്യംവെച്ചത് എം. സ്വരാജിനെയാണെന്നായിരുന്നു സൂചന.

എം.വി. ഗോവിന്ദൻ ഇത് നിഷേധിച്ചപ്പോൾ, സമ്മേളനങ്ങളിലെ ചർച്ചയെല്ലാം മിനുട്‌സിലുണ്ടാവുമെന്നും അത്‌ പരസ്യപ്പെടുത്താമോ എന്നുമായിരുന്നു പിരപ്പൻകോടിന്റെ മറുപടി. ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽനിന്ന് വിഎസ് ഇറങ്ങിപ്പോയത് ഏറെ ചർച്ചയായിരുന്നു. അതിനുള്ള കാരണമെന്ന നിലയിലാണ് സുരേഷ് കുറുപ്പ് ‘ക്യാപിറ്റൽ പണിഷ്‌മെന്റ്’ വിഷയം ചൂണ്ടിക്കാട്ടിയത്.




സുരേഷ് കുറുപ്പ് പറഞ്ഞത് ഇങ്ങനെ:

‘അദ്ദേഹത്തിന്റെ തട്ടകമായ ആലപ്പുഴ സംസ്ഥാനസമ്മേളനത്തിൽ ഒരു കൊച്ചുപെൺകുട്ടി വിഎസിന് ക്യാപിറ്റൽ പണിഷ്‌മെന്റ് കൊടുക്കണമെന്നു പറഞ്ഞു. ഈ അധിക്ഷേപം സഹിക്കാൻ പറ്റാതെ വിഎസ് വേദിവിട്ട്‌ പുറത്തേക്കിറങ്ങി. ഏകനായി, ദുഃഖിതനായി പക്ഷേ, തല കുനിക്കാതെ, ഒന്നും മിണ്ടാതെ, ആരെയും നോക്കാതെ അദ്ദേഹം സമ്മേളനസ്ഥലത്തുനിന്ന് വീട്ടിലേക്കു പോയി.’

നിഷേധിച്ച് ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ചിന്ത ജെറോം

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു പരാമർശം അവിടെ നടന്നിട്ടില്ല - മന്ത്രി വി. ശിവൻകുട്ടി

ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു പരാമർശം അവിടെ കേട്ടിട്ടില്ല. യുവനേതാവെന്ന് പിരപ്പൻകോടും പെൺകുട്ടിയെന്ന് സുരേഷ് കുറുപ്പും പറയുന്നതുതന്നെ പരസ്പരവിരുദ്ധമാണ് - കടകംപള്ളി സുരേന്ദ്രൻ

അങ്ങനെയൊരു വാക്ക് ഉണ്ടായിട്ടില്ല. ആലപ്പുഴയിലേത് എന്റെ ആദ്യസംസ്ഥാനസമ്മേളനമായിരുന്നു. ക്യാപിറ്റൽ പണിഷ്‌മെന്റ് എന്നൊരു വാക്ക് ഒരു പ്രതിനിധിയും ഉന്നയിച്ചിട്ടില്ല. അത്‌ മാധ്യമസൃഷ്ടി മാത്രമാണ്. പാർട്ടിനേതൃത്വം പ്രതികരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു- ചിന്ത ജെറോം.

Follow us on :

More in Related News