Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 12:25 IST
Share News :
പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന യുവനേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് ദേശീയ നേതാവ് ദീപാദാസ് മുൻഷിയുമായി രണ്ടു ദിവസം മുൻപ് പാലക്കാട് വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടിയിൽ ചേരാൻ സന്ദീപ് സമ്മതം അറിയിച്ചതെന്നാണ് സൂചന.
പാലക്കാട് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, സന്ദീപ് വാര്യരെ മുൻനിർത്തി കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കം, മണ്ഡലത്തിൽ ബിജെപിയുടെ സാധ്യതയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസ് പ്രവേശനത്തിന് എഐസിസി അംഗീകാരം നൽകിയതിനു പിന്നാലെ പാലക്കാട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് കോൺഗ്രസ് നേതാക്കളും സന്ദീപ് വാര്യരും പാർട്ടി മാറ്റ പ്രഖ്യാപനം നടത്തിയത്. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠനും ദീപാദാസ് മുൻഷിയും അടക്കമുള്ള നേതാക്കൾ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന നേതൃത്വവുമായി ഉടക്കിയ സന്ദീപിനെ നേരത്തെ സിപിഎം സ്വാഗതം ചെയ്തിരുന്നതാണ്. സി. കൃഷ്ണകുമാറാണ് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി. സന്ദീപിനെ അനുനയിപ്പിക്കാൻ ആർഎസ്എസ് നേതൃത്വം അടക്കം ഇടപെട്ടെങ്കിലും ഫലം കണ്ടിരുന്നില്ല. അപ്രസക്തനായ വ്യക്തി അപ്രസക്തമായ പാർട്ടിയിലേക്കു പോകുന്നു എന്നാണ് ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കർ സന്ദീപ് വാര്യർ പാർട്ടി വിടുന്ന വാർത്തയോടു പ്രതികരിച്ചത്.
Follow us on :
Tags:
Please select your location.