Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറുകര തൊടാൻ കോടിമത രണ്ടാം പാലം; നിർമ്മാണത്തിന് തുടക്കമായി

27 Sep 2024 15:03 IST

CN Remya

Share News :

കോട്ടയം: കോട്ടയം കോടിമതയിൽ ഏഴു വർഷമായി മുടങ്ങിക്കിടന്ന കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണത്തിന് തുടക്കമായി. എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി നിലവിലെ പാലത്തിനൊപ്പം നിർമ്മാണം തുടങ്ങി, പിന്നീട് മുടങ്ങിപ്പോയ രണ്ടാം പാലം ഇതോടെ ഇനി മറുകര തൊടും. കോട്ടയം കോടിമത രണ്ടാം പാലത്തിന്റെ നിർമ്മാണത്തിന് തുടക്കം കുറിച്ച്  പൈലിങ് നടപടികൾ ആരംഭിച്ചു. 12 മീറ്റർ വീതിയിലും 150 മീറ്റർ നീളത്തിലുമാണ് ഇപ്പോൾ പുതിയ പാലം നിർമ്മിക്കുന്നത്. മൂന്ന് സ്പാനുകളിൽ രണ്ടെണ്ണം ഇതിനകം പ്രാരംഭഘട്ടത്തിൽ നിർമ്മിച്ചിട്ടുണ്ട്. ശേഷിക്കുന്ന സ്പാനുകളുടെയും അപ്രേച്ച് റോഡിനായുള്ള അഞ്ച് ലാൻഡ് സ്പാനുകളുടെ പൈലിങ്ങ്  ജോലികൾക്കാണ് തുടക്കമായിരിക്കുന്നത്. 

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 15.49 കോടി രൂപ ചിലവഴിച്ചാണ് പാലം പൂർത്തിയാക്കുന്നത്. 

നിർമാണത്തിന്റെ ഭാഗമായി ആകെ എട്ട് സ്പാനുകളാണ് ഉള്ളത്. പാലത്തിന്റെ കോട്ടയത്തേയ്ക്കുള്ള ഭാഗത്ത് മണ്ണിട്ടുയർത്തും. ചങ്ങനാശേരിയിലേക്കുള്ള ഭാഗത്ത് സ്പാനുകൾ നിർമിച്ചു റോഡുമായി ബന്ധിപ്പിക്കും. നിർമാണത്തിന്റെ ഭാഗമായി ഇവിടെയുള്ള കെ.എസ്.ഇ.ബി ലൈനുകളും ട്രാൻസ്‌ഫോമറും മാറ്റും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയുടെ ഏറെ നാളായുള്ള പരിശ്രമത്തിനൊടുവിലാണ് വർഷങ്ങൾ നീണ്ട തടസങ്ങൾ ഒഴിവാക്കി പാലം നിർമ്മാണം ആരംഭിച്ചിരിക്കുന്നത്. 

2015ലായിരുന്നു നിർമാണ ജോലികൾ ആരംഭിച്ചത്. അപ്രോച്ച് റോഡിനാവശ്യമായ സ്ഥലമെടുപ്പ് പൂർത്തിയാക്കാതെയായിരുന്നു പാലം പണി തുടങ്ങിയത്. രണ്ട് വീട്ടുകാരെ ഒഴിപ്പിക്കാൻ കഴിയാതെ വന്നതോടെ  പാലത്തിന്റെ നിർമ്മാണം തുടങ്ങിയെങ്കിലും അപ്രോച്ച് റോഡിന്റെ നിർമാണം അനിശ്ചിതത്വത്തിലാവുകയായിരുന്നു. പാലത്തിന് സമീപം പുറമ്പോക്ക് ഭൂമിയിൽ താമസിച്ച രണ്ട് കുടുംബങ്ങൾ കാരണമാണ് നിർമ്മാണം മുടങ്ങിയത്. ഒരു കുടുംബത്തിന് നഗരസഭയും സർക്കാരും ഇടപെട്ട് സ്ഥലവും വീടും ലഭ്യമാക്കി മാറ്റിത്താമസിപ്പിച്ചു. രണ്ടാമത്തെ കുടുംബത്തിന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം പി. ബി. ബിനുവിന്റെ നേതൃത്വത്തിലുള്ള സന്നദ്ധപ്രവർത്തകർ സ്ഥലം ലഭ്യമാക്കി കെട്ടിടം നിർമിച്ചു നൽകി. വീടുനിർമാണത്തിനു മുന്നോടിയായി ഇവരെ  വാടക വീട്ടിലേക്കും മാറ്റി. ഇവരെ മാറ്റിപ്പാർപ്പിച്ചെങ്കിലും പിന്നെയും പണി നടന്നില്ല. 

അപ്രോച്ച് റോഡിൽ വരുന്ന രണ്ട് വീട്ടുകാരെ ഒഴിപ്പിക്കുന്നതിൽ കാലതാമസം വന്നതിനാൽ പണി നിറുത്തി കരാറുകാരനും സ്ഥലം വിട്ടു. വീട്ടുകാരെ ഒഴിപ്പിച്ചെങ്കിലും കരാറുകാരൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് രംഗത്തെത്തി. തുടർന്ന് ആ കരാറുകാരനെ ഒഴിവാക്കി അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കാൻ പുതുക്കിയ ടെണ്ടർ വിളിച്ചു. നിയമനടപടികൾ ഇരുഭാഗത്തും ഉണ്ടാകില്ലെന്ന് പഴയ കരാറുകാരനുമായി ധാരണയിലുമെത്തിയ ശേഷമായിരുന്നു നിർമ്മാണം ആരംഭിച്ചത്. ഏഴുവർഷം മുടങ്ങിക്കിടന്ന പ്രവർത്തനം പുനരാരംഭിക്കുന്നതിനായി ഏട്ടു കോടി രൂപ അധികമായി വേണ്ടി വന്നെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. 18 മാസം കൊണ്ട് പാലം നിർമ്മാണം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.

Follow us on :

More in Related News