Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Nov 2025 23:48 IST
Share News :
മസ്‌കറ്റ്: നൂതന ആരോഗ്യ പരിചരണത്തില്‍ ഒരു കേന്ദ്രമെന്ന നിലയ്ക്കുള്ള ഒമാന്റെ ഉയര്‍ച്ചയ്ക്ക് സുപ്രധാന മെഡിക്കല്‍ നേട്ടം. അല്‍ ഗുബ്ര ആസ്റ്റര്‍ റോയല്‍ അല്‍ റഫ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ 38-കാരനായ നൈജീരിയന്‍ രോഗിയില്‍ സങ്കീര്‍ണമായ തലയോട്ടി അധിഷ്ഠിത ശസ്ത്രക്രിയ വിജയകരമായി നടത്തി. മൂക്കിൻ്റെ ദ്വാരത്തില്‍ നിന്ന് തുടങ്ങി തലച്ചോറിലേക്കും കണ്‍തടത്തിലക്കും വ്യാപിച്ച അപൂര്‍വമായ ട്യൂമര്‍ പൂര്‍ണമായും നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ആസ്റ്റര്‍ ഹോസ്പിറ്റലിന്റെ 'ഒമാനില്‍ തന്നെ ചികിത്സിക്കുക' എന്ന പദ്ധതിയുടെ ഭാഗമായി സങ്കീര്‍ണവും ഏറെ അപകടസാധ്യതയുള്ളതുമായ കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ആസ്റ്റര്‍ റോയല്‍ അല്‍ റഫയുടെയും ഒമാന്റെ ആരോഗ്യ മേഖലയുടെയും വളര്‍ന്നുകൊണ്ടിരിക്കുന്ന ശേഷികളെയാണ് ഇത് കാണിക്കുന്നത്.
നൈജീരിയന്‍ പൗരനും ഐ.ടി പ്രൊഫഷണലുമായ മൈക്കല്‍ ഒജാബോ എന്ന യുവാവ് ഇതിന്റെ ചികിത്സയ്ക്കായി വര്‍ഷങ്ങള്‍ ചെലവഴിച്ചിരുന്നു. 2018 മുതലാണ് ട്യൂമര്‍ മോശമാകന്നു സ്ഥിതിയിലേക്ക് വളരാന്‍ തുടങ്ങിയത്. ആദ്യം മൂക്കടപ്പ് പോലെ വരികയും പിന്നീട് ക്ഷീണമുണ്ടാക്കുന്ന രോഗമാകുകയും ചെയ്യുകയായിരുന്നു. മുഖത്ത് ശക്തമായ സമ്മര്‍ദം, കണ്ണുവീക്കം, വേദന അടക്കമുള്ളവ അനുഭവപ്പെട്ടു. ചികിത്സിച്ചപ്പോള്‍, തീവ്രമല്ലെങ്കിലും വിനാശകരമായ ട്യൂമര്‍ ആയ തലകീഴായുള്ള അരിമ്പാറയാണെന്ന് മനസ്സിലായി. മൊത്തം നാസാരന്ധ്ര ട്യൂമറുകളില്‍ 0.5-4% മാത്രമാണ് ഇതുണ്ടാകാറുള്ളത്. മാത്രമല്ല, 40-60 പ്രായമുള്ള രോഗികളിലാണ് സാധാരണ കണ്ടുവരുന്നത്. അതില്‍ തന്നെ പുരുഷന്മാരിലാണ് അധികവും (സ്ത്രീ പുരുഷ അനുപാതം ഏകദേശം 3-5:1 ആണ്). സ്വന്തം രാജ്യത്തെ നിരവധി ആശുപത്രികളില്‍ മൈക്കല്‍ കയറിയിറങ്ങിയിരുന്നു. അദ്ദേഹത്തിന്റെ രാജ്യം ഉള്‍പ്പെടുന്ന മേഖല ട്യൂമറിന്റെ പ്രധാന കേന്ദ്രവും അപകടകരമായ സങ്കീര്‍ണതകളുള്ള ഇടവുമാണ്.
ഓരോ വര്‍ഷവും ഒരു ലക്ഷം പേരില്‍ 0.75-1.5 കേസുകള്‍ മാത്രമുള്ള വളരെ അപൂര്‍വമായ ഒന്നാണ് തലകീഴായ അരിമ്പാറകള്‍. ലോകാരോഗ്യ സംഘടന മൂന്ന് തരം അരിമ്പാറകളെ തരംതിരിച്ചിട്ടുണ്ട്. എക്സോഫൈറ്റിക് (സ്‌ക്വാമസ്), ഇന്‍വേര്‍ട്ടഡ്, ഓങ്കോസൈറ്റിക് (സിലിന്‍ഡ്രിക്കല്‍ സെല്‍ എന്നും വിളിക്കുന്നു) എന്നിവയാണവ. ഇതില്‍ തലകീഴായ അരിമ്പാറകളാണ് സാധാരണയുണ്ടാകാറുള്ളത്. ഓണ്‍ലൈനില്‍ വ്യാപകമായി തിരച്ചില്‍ നടത്തിയതിനെ തുടര്‍ന്നാണ് മൈക്കലിന് ഒമാനില്‍ പ്രതീക്ഷക്ക് വക ലഭിച്ചത്. ആശുപത്രിയുടെ ശക്തമായ പ്രശസ്തി കൊണ്ട് മാത്രമല്ല, വിദഗ്ധരായ ഒമാനി ഡോക്ടര്‍മാര്‍ തനിക്ക് നല്‍കിയ ആത്മവിശ്വാസവും വിദേശത്ത് ചികിത്സ തേടുമ്പോള്‍ ആവശ്യമായ വ്യക്തമായ മാര്‍ഗനിര്‍ദേശവും കാരണമാണ് സുല്‍ത്താനേറ്റിനെ അദ്ദേഹം തിരഞ്ഞെടുത്തത്.
ഈ കേസ് ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ സ്വീകരിക്കുകയും അതിശ്രദ്ധയോടെ ശസ്ത്രക്രിയ ആസൂത്രണം ചെയ്യാന്‍ വ്യത്യസ്ത വിദഗ്ധര്‍ അടങ്ങുന്ന ടീമിനെ സജ്ജീകരിക്കുകയും ചെയ്തു. മുഴുവനായും ഒമാനികളും മേഖലയിലുള്ളവരുമായ ടീം 2025 മെയ് 24ന് 11 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ നടത്തി. ഈ ടീമില്‍ ഇ.എന്‍.ടി, ന്യൂറോസര്‍ജറി, നേത്ര ശസ്ത്രക്രിയ, അനസ്തേഷ്യ വിദഗ്ധര്‍ ഉണ്ടായിരുന്നു. ഈ ട്യൂമര്‍ തലച്ചോറിലേക്കും കണ്‍തടത്തിലേക്കും വ്യാപിച്ചിരുന്നു. എന്‍ഡോസ്‌കോപിക്- ഓപണ്‍ സര്‍ജിക്കല്‍ രീതികളുടെ മിശ്രണം ഉപയുക്തപ്പെടുത്തിയാണ് ട്യൂമര്‍ വിജയകരമായി നീക്കം ചെയ്തത്. കാരണം, ഈ തരത്തിലുള്ള ട്യൂമര്‍ തിരിച്ചുവളരാനും സമീപ പ്രദേശങ്ങളെ ബാധിക്കാനും ഇടയുണ്ട്. സാങ്കേതികവിദ്യയും വൈദഗ്ധ്യവും സംയോജിപ്പിച്ചുള്ള ഏറെ നൂതനമായ ശസ്ത്രക്രിയാ സമീപനമാണ് ടീം സ്വീകരിച്ചത്.
ഇ.എന്‍.ടി സീനിയര്‍ കണ്‍സള്‍ട്ടന്റും ഹെഡ് ആന്‍ഡ് നെക്ക് സര്‍ജനുമായ ഡോ. ഖലീല്‍ ഇബ്രാഹിം മക്കി ആണ് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ന്യൂറോ സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.ശശിവദനന്‍, ഒക്യുലോപ്ലാസ്റ്റിക് സര്‍ജന്‍ കണ്‍സള്‍ട്ടന്റ് ഡോ. അല്യാഖ്ധാന്‍ അല്‍ ഗഫ്രി, ന്യൂറോ അനസ്തേഷ്യ കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുള്ള അല്‍ ജദീദി, സ്പെഷ്യലിസ്റ്റ് അനെസ്തേഷ്യോളജിസ്റ്റ് ഡോ. നരേന്ദ്ര കുമാര്‍, ഇ.എന്‍.ടി സ്പെഷ്യലിസ്റ്റ് ഡോ.വിദ്യ ഭാര്‍ഗവന്‍ പണിക്കര്‍ എന്നിവരുടെ സഹകരണത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്. സമഗ്ര ഏകോപനത്തോടെ ടീം ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചു. തലച്ചോറിലേക്ക് കടക്കാനായി തലയോട്ടിയുടെ ചെറിയൊരു ഭാഗം താത്കാലികമായി നീക്കം ചെയ്യുന്ന ക്രാനിയോട്ടമിയോടെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. തലച്ചോറിലേക്ക് വ്യാപിച്ച ട്യൂമറിന്റെ ഭാഗത്തേക്ക് എത്താനും അത് നീക്കം ചെയ്യാനുമായിരുന്നു ഇത്. തുടര്‍ന്ന്, നാസാരന്ധ്രത്തിലും കണ്‍തടത്തിലുമുള്ള ട്യൂമറിന്റെ ബാക്കി ഭാഗവും നീക്കം ചെയ്തു. സുപ്രധാന ഭാഗങ്ങള്‍ ശ്രദ്ധാപൂര്‍വം സംരക്ഷിച്ചും തകരാര്‍ പരമാവധി ലഘൂകരിച്ചുമായിരുന്നു ഇത്. സ്‌കാനിങ് നയിക്കുന്ന നാവിഗേഷന്‍, തത്സമയ നിരീക്ഷണം, ട്യൂമര്‍ സുരക്ഷിതമായും പൂര്‍ണമായും നീക്കം ചെയ്തുവെന്ന് ഉറപ്പിക്കാന്‍ മൈക്രോസ്‌കോപിക് ഉപകരണങ്ങള്‍ പോലുള്ള നൂതന സാങ്കേതികവിദ്യകള്‍ ടീം ഉപയോഗിച്ചു. മൈക്കല്‍ നാട്ടിലേക്ക് തിരിച്ചു പോയാല്‍ സഹായിക്കുന്നതിനായി നൈജീരിയയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് തുടര്‍ പരിചരണ പദ്ധതിയും ക്രമീകരിച്ചു നല്‍കി.
ശസ്ത്രക്രിയ പൂര്‍ത്തിയായ ദിവസം തന്നെ മൈക്കലിന്റെ ശ്വസന ട്യൂബ് നീക്കം ചെയ്തിരുന്നു. വെറും അഞ്ച് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആകുകയും ചെയ്തു. അദ്ദേഹത്തിന് സുഗമമായി രോഗമുക്തിയുണ്ടായി. മുഴുവന്‍ ട്യൂമറും നീക്കം ചെയ്തുവെന്ന് തുടര്‍ സ്‌കാനുകളില്‍ വ്യക്തമായി. തലച്ചോറിനോ കാഴ്ചക്കോ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഇന്ന് മൈക്കലിന്റെ മുഖത്തിന്റെ കാഴ്ച സാധാരണ പോലെയാണ്. ആരോഗ്യകരവും സജീവവുമായ ജീവിതം വീണ്ടും നയിക്കുന്നു.
ചികിത്സക്കായി ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റല്‍ തിരഞ്ഞെടുത്ത് ഇവിടേക്ക് വന്നത് ശരിക്കും ജീവിതത്തെ മാറ്റിമറിക്കുന്നതായെന്ന് തന്റെ അനുഭവം മുന്‍നിര്‍ത്തി മൈക്കല്‍ ഒജാബോ പറഞ്ഞു. ഇവിടെ എത്തിയ നിമിഷം മുതല്‍ സുരക്ഷയും പരിചരണവും അനുഭവിച്ചു. ഓരോന്നും വ്യക്തമായി വിശദീകരിക്കാന്‍ ഡോക്ടര്‍മാര്‍ സമയം കണ്ടെത്തി. ഇതാണ് സര്‍ജറിയുമായി മുന്നോട്ടുപോകാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കിയത്. ജീവിതത്തില്‍ രണ്ടാമതൊരു അവസരം നല്‍കിയ ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിനോടും ഒമാനോടും വിസ്മയിപ്പിക്കുന്ന മെഡിക്കല്‍ ടീമിനോടും ഞാനെന്നും നന്ദിയുള്ളവനായിരിക്കുമെന്നും മൈക്കല്‍ പറഞ്ഞു.
ഇ.എന്‍.ടി സര്‍ജിക്കല്‍ ടീമിനെ നയിച്ച ഡോ. ഖലീല്‍ ഇബ്രാഹിം മക്കി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഇ.എന്‍.ടി, ഹെഡ് ആന്‍ഡ് നെക്ക് സര്‍ജന്‍, ആസ്റ്റര്‍ റോയല്‍ അല്‍ റഫ: ''40-നും 60-നും ഇടയില്‍ പ്രായമുള്ള രോഗികളിലാണ് സാധാരണയായി തലകീഴായ അരിമ്പാറകള്‍ കാണാറുള്ളത്. 38-കാരന്‍ രോഗിക്ക് വന്ന ഈ കേസ് തീര്‍ത്തും അപൂര്‍വവും സങ്കീര്‍ണതയുള്ളതുമായിരുന്നു. തലച്ചോറിലേക്കും അതിന് ചുറ്റിനുമുള്ള ഭാഗത്തേക്കും ട്യൂമറിന്റെ അപൂര്‍വ വ്യാപനമായിരുന്നു യഥാര്‍ഥ വെല്ലുവിളി. ഇത് വിജയകരമായി ചികിത്സിക്കുന്നതിന് വിവിധ സ്പെഷ്യലിസ്റ്റുകള്‍ക്കിടയിലെ വളരെ അടുത്ത സഹകരണം ആവശ്യമായിരുന്നു. ഇതിന്റെ ഫലം കാണിക്കുന്നത്, ഒമാനിന് ഇപ്പോള്‍ വാഗ്ദാനം ചെയ്യാന്‍ സാധിക്കുന്ന നൂതന സര്‍ജിക്കല്‍- മെഡിക്കല്‍ ശേഷികളാണ്.
ഇത് വിജയകരമായി ചികിത്സിക്കുന്നതിന് വിവിധ സ്പെഷ്യാലിറ്റികള്‍ക്കിടയില്‍ കൃത്യതയോടെയുള്ള സഹകരണം ആവശ്യമായിരുന്നു. തലച്ചോറിലേക്കും അതിന് ചുറ്റുമുള്ളതിലേക്കും ട്യൂമര്‍ പടര്‍ന്നിരുന്നു. സുപ്രധാന ഘടകങ്ങള്‍ സംരക്ഷിച്ച് അതീവ സൂക്ഷ്മതയോടെയാണ് അത് ഒഴിവാക്കിയത്. ടീമിന്റെ കൃത്യതക്കും ഓപറേഷന് ശേഷമുള്ള പരിചരണത്തിനും തെളിവായി അതേദിവസം തന്നെ മൈക്കലിന്റെ ട്യൂബ് ഒഴിവാക്കുകയും അഞ്ച് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യുകയുമുണ്ടായി. ട്യൂമര്‍ പൂര്‍ണമായും ഒഴിവാക്കിയതായി ശസ്ത്രക്രിയക്ക് ശേഷമുള്ള സ്‌കാനുകള്‍ കാണിക്കുന്നു. തലച്ചോറിനോ കാഴ്ചക്കോ ഒരു തകരാറുമുണ്ടായിട്ടില്ല. ഇന്ന് അദ്ദേഹത്തിന്റെ മുഖത്തിന്റെ കാഴ്ച സാധാരണ നിലയിലായി. മാത്രമല്ല, ആരോഗ്യകരവും സജീവവുമായ ജീവിതം തുടരുകയും ചെയ്യുന്നു.
ഡോ. ശശിവദനന്‍, സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജറി, ആസ്റ്റര്‍ റോയല്‍ അല്‍ റഫ: ട്യൂമര്‍ തലയോട്ടിയുടെ അറയെയും ചുറ്റിക്കെട്ടുള്ള ഇടത്തേയും ബാധിച്ചതിനാല്‍ സവിശേഷതയുള്ള കേസായിരുന്നു ഇത്. മാത്രമല്ല, സുപ്രധാന നാഡീ ഘടനകളെ സമ്മര്‍ദപ്പെടുത്തുകയും ചെയ്യുന്നുണ്ടായിരുന്നു. താന്‍ പീഡിയാട്രിക് അഡള്‍ട്ട് ന്യൂറോസര്‍ജറിയില്‍ സമ്പന്നമായ ശസ്ത്രക്രിയ അനുഭവമുള്ള ഇന്‍ഹൗസ് ന്യൂറോ സ്പൈന്‍ സര്‍ജന്‍ ആയതിനാല്‍ ട്യൂമറിലേക്ക് എത്താനും സുരക്ഷിതമായി നീക്കം ചെയ്യാനും നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചത്. സ്പെഷ്യലിസ്റ്റുകളുടെ കൂട്ടായ പ്രവര്‍ത്തനവും പരസ്പര പൂരകങ്ങളായ സാങ്കേതികവിദ്യയുമാണ് ഈ കേസിനെ വിജയപ്രദമാക്കിയത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സംരക്ഷിച്ചുകൊണ്ട് പൂര്‍ണ നീക്കം ചെയ്യല്‍ ഉറപ്പാക്കാനായിരുന്നു ഇത്. ഇത്തരം വലിയ മാറ്റംവരുത്തുന്ന പരിചരണം ഒമാനിലേക്ക് കൊണ്ടുവന്ന ടീമിന്റെ ഭാഗമായതില്‍ അഭിമാനം കൊള്ളുന്നു.
ശൈലേഷ് ഗുണ്ടു, ഡെപ്യൂട്ടി സി.ഇ.ഒ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ്, യു.എ.ഇ, ഒമാന്‍: ''ഒരു ശസ്ത്രക്രിയ വിജയം എന്നതിനേക്കാള്‍ ഏറെയാണ് ഞങ്ങള്‍ നേടിയത്. നൂതന ചികിത്സക്കായി രോഗികള്‍ ഇനിമുതല്‍ വിദേശത്തേക്ക് യാത്ര ചെയ്യേണ്ടിവരില്ല എന്നതിനുള്ള തെളിവാണിത്. നാട്ടില്‍ തന്നെ ലോകോത്തര നിലവാരത്തിലുള്ള റിസൽട്ട് നല്‍കാനുള്ള വൈദഗ്ധ്യവും പശ്ചാത്തലസൗകര്യവും പ്രതിബദ്ധതയും ഇപ്പോള്‍ ഒമാനിനുണ്ട്. ഒമാനില്‍ മെഡിക്കല്‍ ടൂറിസം വികസിപ്പിക്കുന്നതിനും മേഖലയിലെയും അതിനപ്പുറവുമുള്ള രോഗികളെ പരിചരിക്കുന്നതിനുമുള്ള ദേശീയ ദര്‍ശനത്തോട് ഞങ്ങള്‍ ചേര്‍ന്നുപോകുന്നതും ഈ കേസ് ഉയര്‍ത്തിക്കാട്ടുന്നു. ഒമാനില്‍ തന്നെ ചികിത്സിക്കുക എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി സുല്‍ത്താനേറ്റിലേക്ക് പരിചരണത്തിന്റെ ആഗോള നിലവാരം കൊണ്ടുവരാന്‍ ഞങ്ങള്‍ തുടര്‍ന്നും പ്രതിജ്ഞാബദ്ധമാണ്. സങ്കീര്‍ണവും വിദഗ്ധവുമായ ചികിത്സകള്‍ വാഗ്ദാനം ചെയ്ത് നിരവധി വിദേശ രോഗികളെ ഒമാനിലെത്തിക്കാനും സാധിക്കും.''
തലകീഴായ അരിമ്പാറ തലച്ചോറിലേക്കും അതിന്റെ ചുറ്റുമുള്ളതിലേക്കും വ്യാപിക്കുന്നത് ലോകതലത്തില്‍ തന്നെ അത്യപൂര്‍വമാണ്. ഇത്തരമൊരു കേസ് വിജയകരമായി ചികിത്സിച്ചതിലൂടെ, ആസ്റ്റര്‍ റോയല്‍ അല്‍ റഫ ഹോസ്പിറ്റലിന്റെ ശക്തി മാത്രമല്ല ഉയര്‍ത്തിക്കാട്ടുന്നത്, മറിച്ച്, ഉന്നത നിലവാരവും രോഗീകേന്ദ്രീകൃതവും നൂതനവുമായ പരിചരണം നല്‍കുന്നതില്‍ ഒമാന്റെ ആരോഗ്യപരിചരണ സംവിധാനം പുരോഗമിച്ചുവെന്നും ഇത് കാണിക്കുന്നു.
നൂതനവും രോഗീകേന്ദ്രീകൃതവുമായ പരിചരണത്തിലൂടെ ഒമാന്‍ അന്തസ് ശക്തിപ്പെടുത്തുന്ന സമയത്തുതന്നെ, ആരോഗ്യപരിചരണത്തില്‍ പുതിയ യുഗത്തിനുള്ള പാത പാകുക കൂടിയാണ് മൈക്കലിന്റെത് പോലുള്ള കഥകള്‍. മികച്ചത് ലഭ്യമാകുന്നതാണ് ഈ ഇടം. മാത്രമല്ല, ജീവന്‍ രക്ഷാ ചികിത്സക്ക് അതിര്‍ത്തികള്‍ ഒരു തടസ്സവുമല്ല.
ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിനെ കുറിച്ച്
ഡോ. ആസാദ് മൂപ്പന്‍ 1987ല്‍ സ്ഥാപിച്ച ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മുന്‍നിര സംയോജിത ആരോഗ്യപരിചരണ ദാതാവാണ്. ജി.സി.സിയിലെ അഞ്ചു രാഷ്ട്രങ്ങളിലും ജോര്‍ദാനിലുമായി ശക്തമായ സാന്നിധ്യമുണ്ട്. ''ഞങ്ങള്‍ നിങ്ങളെ നല്ലതുപോലെ ചികിത്സിക്കും'' എന്ന വാഗ്ദാനത്തോടെ പ്രാഥമികതലം മുതല്‍ നാലാംഘട്ടം വരെ ഉന്നത ഗുണമേന്മയിലുള്ള ആരോഗ്യപരിചരണം ലഭ്യമാക്കുക എന്ന ദര്‍ശനത്തോടാണ് ആസ്റ്റര്‍ പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ജി.സി.സിയില്‍ 15 ആശുപത്രികള്‍, 122 ക്ലിനിക്കുകള്‍, 313 ഫാര്‍മസികള്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രസ്ഥാനത്തിന്റെ സംയോജിത ആരോഗ്യപരിചരണ മാതൃക. ആസ്റ്റര്‍, മെഡ്‌കെയര്‍, ആക്‌സസ്സ് എന്നീ മൂന്നു വ്യത്യസ്ത ബ്രാന്‍ഡുകളിലൂടെ സമൂഹത്തിലെ നാനാതുറയിലുള്ളവരെയും സേവിക്കുന്നു. രോഗികളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ നിറവേറ്റാനും ഫിസിക്കില്‍- ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ ഗുണമേന്മയുള്ള ആരോഗ്യരക്ഷ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കാനും ആസ്റ്റര്‍ സ്ഥിരമായി ആവശ്യാനുസരണം മാറ്റങ്ങള്‍ വരുത്തുന്നു. myAster എന്ന മേഖലയിലെ പ്രഥമ ആരോഗ്യപരിചരണ സൂപ്പര്‍ ആപ്പ് പുറത്തിറക്കിയത് ഇതിന് ഉദാഹരണമാണ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
More in Related News
Please select your location.