Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രന്‍ മരണപ്പെട്ടത് അരളിപ്പൂവിലെ വിഷമേറ്റ്, ക്ഷേത്രങ്ങളില്‍ അരളിപ്പൂ വേണോ? ദേവസ്വം ബോര്‍ഡ് തീരുമാനം ഇന്ന്

04 May 2024 12:36 IST

Shafeek cn

Share News :

 തിരുവനന്തപുരം : ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു.

ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ബോർഡ് യോ​ഗം ചേരുന്നത്. ഇതുസംബന്ധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിർദ്ദേശം നൽകി.


ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോ​ഗിക്കുന്നുണ്ട്. ക്ഷേത്ര വളപ്പിൽ അരളി നട്ടു വളർത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചതു മൂലമാണ് മരണമെന്നാണു പ്രാഥമിക നി​ഗമനം. വന ​ഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു. ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക.

സംസ്ഥാനത്തു ചില ക്ഷേത്രങ്ങളിൽ അരളി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. ​ഗുരുവായൂർ ക്ഷേത്രത്തിൽ പണ്ടു മുതലേ അരളി പൂജയ്ക്കോ, മാല ചാർത്താനോ ഉപയോ​ഗിക്കാറില്ലെന്നും ദേവസ്വം അധികൃതർ വ്യക്തമാക്കി

Follow us on :

More in Related News