Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 13:03 IST
Share News :
കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊലക്കേസിലെ പ്രതി അഫാന് പരിസരവാസികളുമായി കാര്യമായ ബന്ധമില്ലായിരുന്നു. ആരുമായി അധികം അടുത്തിടപെട്ടിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു. വെഞ്ഞാറമൂട്-നെടുമങ്ങാട് റോഡിലെ പേരുമല ജങ്ഷനുസമീപം റോഡില്‍നിന്ന് പത്ത് മീറ്റര്‍ ഉള്ളിലാണ് കൊലപാതകം നടന്ന സല്‍മാസ് എന്ന വീട്.
അഫാന്റെ പിതാവ് റഹീം കുടുംബവീടിന് എതിര്‍വശത്ത് പത്തു വര്‍ഷം മുന്‍പാണ് വീട് നിര്‍മിച്ചത്. ഗള്‍ഫില്‍ സ്‌പെയര്‍പാര്‍ട്സ് കട നടത്തുന്ന റഹീമിന് സാമ്പത്തികപ്രതിസന്ധിയുള്ളതായി നാട്ടുകാര്‍ പറയുന്നു. അഞ്ചു വര്‍ഷമായി റഹീം നാട്ടിലെത്തിയിരുന്നില്ല. കുടുംബാംഗങ്ങളുമായും തനിച്ചും അഫാന്‍ ഇടയ്ക്ക് വിദേശത്തു പോയിരുന്നു. തേമ്പാംമൂട് ജനത ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു പഠനത്തിനുശേഷം ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. സമീപവാസികളോടുപോലും അഫാന്‍ സംസാരിച്ചിരുന്നില്ല. ഇളയ സഹോദരനുമായി സ്ഥിരമായി പള്ളിയില്‍ പോയിരുന്നു. രാത്രി വൈകിയാണ് പലപ്പോഴും വീട്ടിലെത്താറുള്ളത്. പെണ്‍കുട്ടിയെ അഫാന്‍ വീട്ടിലെത്തിച്ചത് സമീപവാസികള്‍ അറിഞ്ഞിരുന്നില്ല.
പത്തുവയസ്സ് വ്യത്യാസമുള്ള അനുജനോട് അഫാന് വളരെ എറെ സ്‌നേഹമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പള്ളിയിലും മറ്റും പോകുമ്പോള്‍ സഹോദരനെയും അഫാന്‍ ബൈക്കില്‍ ഒപ്പം കൂട്ടിയിരുന്നു. കൊലപ്പെടുത്തുന്നതിന് മുമ്പ് 14കാരനായ സഹോദരന്‍ അഹസാന് ഇഷ്ട ഭക്ഷണം വാങ്ങി നല്‍കിയതായി നാട്ടുകാര്‍ പറയുന്നു. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത നടപ്പിലാക്കിയത്.
എന്നാല്‍, നാട്ടില്‍ ആരുമായും അഫാന്‍ യാതൊരുവിധ തര്‍ക്കവും ഉണ്ടാക്കിയിട്ടില്ല. കൊലപാതകം നടന്ന വിവരം തൊട്ടടുത്ത വീട്ടുകാര്‍പോലും അറിയുന്നത് തിങ്കളാഴ്ച പോലീസ് സംഘം എത്തിയതിന് ശേഷമാണ്. വീടിന്റെ പിന്‍വശത്തെ വാതില്‍ പൊളിച്ചാണ് പോലീസ് അകത്തുകയറിയത്. ഇന്നലെ രാവിലെ 10 നും വൈകീട്ട് 6 നും ഇടയിലായിരുന്നു നാടിനെ നടുക്കിയ ക്രൂരകൊലപാതക പരമ്പര. വിദേശത്തുള്ള അച്ഛന്റെ ബിസിനസ് തകര്‍ന്നതോടെ നാട്ടില്‍ പലരില്‍ നിന്നും കടം വാങ്ങിയിരുന്നു. ഇവര്‍ തിരികെ ചോദിച്ചു തുടങ്ങിയത് കുടുംബത്തില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായി. അതിനെ ചൊല്ലിയുള്ള അസ്വസ്ഥത കൂട്ടക്കൊലയ്ക്ക് കാരണമായി എന്നാണ് പ്രാഥമിക മൊഴി.
ഇന്നലെ രാവിലെയും അമ്മ ഷമീനയോട് പണം ചോദിച്ചു. നല്‍കാത്തതിനെ തുടര്‍ന്ന് വഴക്കുണ്ടായി. അതിനുശേഷം പാങ്ങോട് എത്തി വല്യമ്മ സല്‍മാബീവിയോട് സ്വര്‍ണ്ണം പണയം വെക്കാന്‍ ആവശ്യപ്പെട്ടു. ഇതും ലഭിക്കാത്തതാണ് പെട്ടെന്നുണ്ടായ പ്രകോപന കാരണം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.ലഹരി ഉപയോഗമുണ്ടോ എന്നതാണ് പ്രധാന സംശയം. എന്നാല്‍ ബന്ധുക്കളോ നാട്ടുകാരോ ആരും അത്തരത്തില്‍ മൊഴി നല്‍കിയിട്ടില്ല. ലഹരി ഉപയോഗം കണ്ടെത്താനായി രക്തം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.
കാമുകിയായ ഫര്‍സാനയെ വീട്ടുകാര്‍ അംഗീകരിക്കാത്തതിനുള്ള വൈരാഗ്യമാണ് കൂട്ടക്കൊലക്ക് കാണണമെന്ന് സംശയമുയര്‍ന്നെങ്കിലും പോലീസ് അത് തള്ളിക്കളയുകയാണ്. ഇരുവരും തമ്മിലുള്ള ബന്ധം ഇരു വീട്ടുകാര്‍ക്കും അറിയാമായിരുന്നുവെന്നും വലിയ എതിര്‍പ്പുകള്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും ആണ് ഇതുവരെ ലഭിച്ചിരിക്കുന്ന മൊഴി. പാങ്ങോട്, വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൂന്നിടങ്ങളിലായാണ് നാടിനെ നടുക്കിയ കൂട്ടക്കൊല അരങ്ങേറിയത്.
Follow us on :
Tags:
More in Related News
Please select your location.