Sat May 24, 2025 2:15 AM 1ST
Location
Sign In
16 Feb 2025 21:41 IST
Share News :
ന്യൂ ഡല്‍ഹി : മൂന്ന് എ.എ.പി കൗണ്‍സിലർമാർ കൂറുമാറിയതോടെ ഡല്‍ഹി മുൻസിപ്പല്‍ കോർപ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി. അനിത ബസോയ, നിഖില്‍ ചപ്രാണ, ധരംവീർ എന്നിവരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യില്‍ ചേർന്നത്. ഇതോടെ രാജ്യതലസ്ഥാനത്ത് ട്രിപ്പിള്‍ എൻജിൻ സർക്കാർ എന്ന ബി.ജെ.പി നീക്കത്തിന് കരുത്തേറി. തലസ്ഥാനത്ത് ട്രിപ്പിള്‍ എൻജിൻ സർക്കാർ ഭരണമുണ്ടാകുമെന്ന് ഡല്‍ഹി ബി.ജെ.പി. അധ്യക്ഷൻ വീരേന്ദ്ര സച്ദേവ പറഞ്ഞു. കൂടുതല്‍പ്പേർ എ.എ.പി. വിട്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂറുമാറി മൂന്നുപേർ കൂടി എത്തിയതോടെ 250 അംഗ കോർപ്പറേഷനില്‍ ബി.ജെ.പിയുടെ അംഗബലം 116 ആയി ഉയർന്നു. എ.എ.പിക്ക് 114 ഉം കോണ്‍ഗ്രസിന് എട്ടും സീറ്റുകളാണുള്ളത്. കോർപ്പറേഷനില്‍ കൂറുമാറ്റനിയമം ബാധകമല്ലാത്തതിനാല്‍ ബി.ജെ.പിയില്‍ ചേർന്നവർക്കെതിരേ അയോഗ്യതാ നടപടികളുണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡല്‍ഹി മുൻസിപ്പല്‍ കോർപ്പറേഷൻ മേയർപദവി ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കം നടത്തുന്നത്.
നിലവില്‍ എ.എ.പി.യുടെ മേയറാണുള്ളത്. ഏപ്രിലില്‍ നടക്കുന്ന മേയർ തിരഞ്ഞെടുപ്പില്‍ എം.സി.ഡി. പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഇതുകൂടാതെ, എ.എ.പി. കൗണ്‍സിലർമാർ തങ്ങള്‍ക്കുവോട്ടുചെയ്യുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. പുതിയ സർക്കാരിന് കീഴില്‍ തങ്ങളുടെ വാർഡിന് വികസനം ആഗ്രഹിക്കുന്നവർ തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ. എ.എപിയുടെ മൂന്ന് കൗണ്‍സിലർമാരും ബി.ജെ.പിയുടെ എട്ടംഗങ്ങളും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മറ്റൊരംഗമായ കമല്‍ജീത് സെഹ് രാവത് എം.പിയാവുകയും ചെയ്തു. ഇതോടെ 12 ഒഴിവുകളാണ് നിലവില്‍ എം.സി.ഡിയില്‍ ഉള്ളത്. ഒഴിവുകളുണ്ടെങ്കിലും മേയർ തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ല. നിലവിലെ അംഗബലം വെച്ച് ബിജെപിക്ക് ഭരണം പിടിക്കാനാകുമെന്നാണ് വിലയിരുത്തല്‍.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റ് നേടിയതോടെ ബി.ജെ.പിക്ക് 10 പ്രതിനിധികളെ എം.സി.ഡിയിലേക്ക് നാമനിർദേശം ചെയ്യാൻ കഴിയും. എ.എ.പിക്ക് നാലംഗങ്ങളെ മാത്രമേ നാമനിർദേശം ചെയ്യാൻ കഴിയുകയുള്ളൂ. നാമനിർദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം 14 ആണ്.
Follow us on :
Tags:
More in Related News
Please select your location.