Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിഷൻ 1000 പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് 12 യൂണിറ്റുകൾ; ലക്ഷ്യം 100 കോടി വിറ്റുവരവ്

21 May 2024 20:02 IST

enlight media

Share News :

കോഴിക്കോട് : സംസ്ഥാന സർക്കാരിന്റെ കീഴിൽ നടപ്പാക്കുന്ന മിഷൻ 1000 പദ്ധതിയിലേക്ക് കോഴിക്കോട് ജില്ലയിൽ നിന്ന് തെരഞ്ഞെടുത്തത് 12 യൂണിറ്റുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ തുടങ്ങി നാല് വർഷം ആകുമ്പോഴേക്കും യൂണിറ്റുകളുടെ വിറ്റുവരവ് 100 കോടി രൂപയാക്കി വർധിപ്പിക്കുക എന്നതാണ് ലക്ഷ്യം. 


പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ സംസ്ഥാനത്ത് നിന്ന് തെരഞ്ഞെടുത്ത 149 സംരംഭങ്ങളിലാണ് ജില്ലയിൽ നിന്നുള്ള 12 സംരംഭങ്ങൾ ഉൾപ്പെടുന്നത്. കോഴിക്കോട് താലൂക്കിൽ നിന്ന് അഞ്ച്, കൊയിലാണ്ടി താലൂക്കിൽ നിന്ന് ആറ്, വടകര താലൂക്കിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് യൂണിറ്റുകൾ. 


മൂന്ന് ഭക്ഷ്യോൽപ്പന്ന നിർമാണ യൂണിറ്റ്, രണ്ട് ഫാബ്രിക്കേറ്റഡ് മെറ്റൽ ഉൽപന്ന നിർമാണ യൂണിറ്റ്, രണ്ട് ഫാർമസ്യുട്ടിക്കൽസ് നിർമാണ യൂണിറ്റ്, ഒന്ന് വീതം ഫർണിചർ നിർമാണ യൂണിറ്റ്,  പാദരക്ഷ നിർമാണ യൂണിറ്റ്, കരിക്കിൽ നിന്നുള്ള പൾപ്പ് നിർമാണ യൂണിറ്റ്, മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണ യൂണിറ്റ്, ലാബ് ഉപകരണങ്ങളുടെ നിർമാണ യൂണിറ്റ് എന്നിവയാണ് സംരംഭങ്ങൾ. 


പദ്ധതിയിൽ പുതുതായി സംരംഭങ്ങൾ ആരംഭിക്കുന്നതിനോടൊപ്പം നിലവിലുള്ള സംരംഭങ്ങളുടെ സുസ്ഥിരമായ വികസനവും നിലനിൽപ്പും ഉറപ്പാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാനതലത്തിൽ ആരംഭിച്ച പദ്ധതിയാണ് കേരള മിഷൻ 1000. കേരളത്തിൽ ആകെ 1000 സംരംഭങ്ങളെ തെരഞ്ഞെടുത്ത് അവയുടെ വാർഷിക വിറ്റു വരവ് ശതകോടികളാക്കി ഉയർത്തുക എന്നതാണ് ഉദ്ദേശ്യം.  


സംരംഭങ്ങൾക്ക് നിലവിലുള്ള നിക്ഷേപത്തിന് പുറമേ വിപുലീകരണമോ ആധുനികവൽക്കരണമോ വൈവിധ്യവൽക്കരണമോ പദ്ധതി മുഖേന നടപ്പാക്കാം. മിഷൻ 1000 ന്റെ ഭാഗമായിട്ടുള്ള യൂണിറ്റുകൾ ആരംഭിച്ച് നാലു വർഷക്കാലയളവിനുള്ളിൽ പൂർത്തിയാക്കുകയും ഓരോ ഘട്ടങ്ങളിലുമായി സർക്കാരിന്റെ സാമ്പത്തിക സഹായം നേടാവുന്നതുമാണ്. ഇപ്രകാരമുള്ള സംരംഭങ്ങൾക്ക് പദ്ധതി രേഖ തയാറാക്കുന്നതിന് ഒരു ലക്ഷം രൂപ വരെ സാമ്പത്തിക സഹായം നൽകും. പ്രോജക്ട് നടപ്പാക്കുന്ന മുറയ്ക്ക് പ്ലാന്റ് ആൻഡ് മെഷീനറിയിൽ ഉണ്ടാവുന്ന അധിക നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ 40 ശതമാനം വരെ (പരമാവധി രണ്ടു കോടി രൂപ) സബ്സിഡി ലഭിക്കും. ഇതിനുപുറമെ, പ്രവർത്തന മൂലധനത്തിന്മേൽ പരമാവധി 50 ലക്ഷം രൂപ വരെ ഗ്രാന്റും ലഭിക്കും. 


ജില്ലയിൽ നിന്നും ഇതുവരെ തെരഞ്ഞെടുത്ത 12 യൂണിറ്റുകളിലായി നിലവിൽ ആകെ 15.5 കോടി രൂപ നിക്ഷേപമുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഈ നിക്ഷേപം 50 കോടി രൂപയിലേക്ക് ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. 12 യൂണിറ്റുകളിൽ നിന്നുള്ള വാർഷിക വിറ്റു വരവ് 78 കോടി രൂപയിൽ നിന്നും 100 കോടിയിലേക്ക് ഉയരും എന്നും പ്രതീക്ഷിക്കുന്നു. ഒപ്പം, നിലവിലെ 370 തൊഴിൽ ദിനങ്ങൾ 600 തൊഴിൽ ദിനങ്ങൾ ആയി വർധിക്കുകയും ചെയ്യും. 


രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു


ഈ സാമ്പത്തിക വർഷവും മിഷൻ 1000 പദ്ധതിയുടെ രണ്ടാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. കുറഞ്ഞത് മൂന്ന് വർഷമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന എം എസ് എം ഇകളെയാണ് പദ്ധതിയുടെ ഉപഭോക്താക്കളായി ഉൾപ്പെടുത്തിയിട്ടുള്ളത്. താല്പര്യമുള്ള എം എസ് എം ഇ കൾക്ക് www.industry.kerala എന്ന പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. ഇപ്രകാരം രജിസ്റ്റർ ചെയ്യുന്ന സംരംഭങ്ങളെ സംസ്ഥാനതലത്തിൽ സ്റ്റേറ്റ് ലെവൽ അപ്പ്രൂവൽ കമ്മിറ്റി (SLAC) വിവിധ മാനദണ്ഡത്തിൽ ലഭിക്കുന്ന മാർക്കിനെ അടിസ്ഥാനപ്പെടുത്തി റാങ്ക് ചെയ്താണ് തെരഞ്ഞെടുക്കുന്നത്.

Follow us on :

More in Related News