Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Nov 2024 15:53 IST
Share News :
പാലക്കാട്: രാഷ്ട്രീയത്തിലെ സർജിക്കൽ സ്ട്രൈക്ക് ആരുടെയും കുത്തകയല്ലെന്നും ഇന്ദിര ഗാന്ധിയാണ് രാജ്യത്ത് ആദ്യമായി സർജിക്കൽ സ്ട്രൈക്ക് നടത്തിയതെന്നും ബി.ജെ.പി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ. സന്ദീപിന്റെ പ്രതികരണം ബി.ജെ.പി നേതാവിന്റെ മുൻ പ്രസ്താവനയുമായി ബന്ധപ്പെട്ട ചോദ്യത്തോടായിരുന്നു. കോൺഗ്രസുകാരനായാണ് ഇനി തന്റെ രാഷ്ട്രീയ പ്രവർത്തനമെന്നും എന്നാൽ വലിയ കസേരകൾ പ്രതീക്ഷിക്കുന്നില്ലെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് മറുപടിയായി സന്ദീപ് വാര്യർ പറഞ്ഞു. സി.പി.എമ്മിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സന്ദീപ് ഇതോടൊപ്പം കൂട്ടിച്ചേർത്തു.
“അനിവാര്യമായ തീരുമാനങ്ങൾ ചിലഘട്ടങ്ങളിൽ നാം കൈക്കൊള്ളണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രീതിയിൽ ഇനിയും പോകാനാകില്ല എന്നു തോന്നിയപ്പോൾ നിലപാട് മാറ്റി. വലിയ കസേരകൾ ആഗ്രഹിച്ച് നിൽക്കുന്നതും പോകുന്നതും എന്റെ രീതിയല്ല. വലിയ കേസര ആഗ്രഹിക്കുന്ന വലിയ ഒരു ആളല്ല ഞാൻ. കസേര കിട്ടാഞ്ഞതിനാൽ വേദിവിട്ടുപോയ ബി.ജെ.പി നേതാക്കളെ എനിക്കറിയാം. അത്തരത്തിലുള്ള കാര്യങ്ങളെല്ലാം ബി.ജെ.പി നേതാക്കളെ പഠിപ്പിക്കുന്നതാവും സുരേന്ദ്രന് നല്ലത്. സുരേന്ദ്രൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ്, എനിക്ക് ഇനി കെ.പി.സി.സി പ്രസിഡന്റ് പറയുന്നത് കേട്ടാൽ മതി. പാർട്ടിയിൽ നേരിട്ട പ്രശ്നങ്ങളെല്ലാം പറഞ്ഞതാണ്. മറ്റ് വിശദാംശങ്ങൾ അടുത്ത കട്ടൻ ചായയും പരിപ്പുവടയും എഴുതുമ്പോൾ വിശദീകരിക്കാം” -സന്ദീപ് വാര്യർ പറഞ്ഞു.
സ്വന്തമായി അഭിപ്രായം പറയാൻ സ്വാതന്ത്ര്യമില്ലാതെ താൻ ബി.ജെ.പിയിൽ വീർപ്പുമുട്ടി കഴിയുകയായിരുന്നു. ഇപ്പോൾ സ്നേഹത്തിന്റെ കടയിൽ താൻ അംഗത്വം എടുക്കുകയാണ്. 14 ജില്ലകളിലും ബി.ജെ.പിക്ക് വേണ്ടി പ്രസംഗിച്ചിട്ടുണ്ട്. ചാനൽ ചർച്ചകളിൽ ബി.ജെ.പിയെ പ്രതിരോധിക്കാൻ ഭാഷയുടെ സാധ്യതകളെല്ലാം തന്നെ ഉപയോഗിച്ചിട്ടുണ്ട്. താൻ കോൺഗ്രസിൽ എത്താൻ കാരണം കെ.സുരേന്ദ്രനും കൂട്ടാളികളുമാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം കാരണമാണ് താൻ പാർട്ടിവിട്ടത്. കൊടകര കുഴൽപ്പണ കേസും കരുവന്നൂർ ബാങ്ക് തട്ടിപ്പും തമ്മിൽ അഡ്ജസ്റ്റ്മെന്റ് ഉണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും സന്ദീപ് ആരോപിച്ചു. നേരത്തെയും പാർട്ടിക്കെതിരെ വെറുപ്പ് മാത്രം ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് ബി.ജെ.പിഎന്നും സന്ദീപ് വാര്യർ പറഞ്ഞിരുന്നു. ബി.ജെ.പി നേതൃത്വവുമായി ഇടഞ്ഞ സന്ദീപ് ഇടതുപക്ഷത്തേക്കെന്ന അഭ്യൂഹം ശക്തമായതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിൽ ചേർന്നത്.
Follow us on :
Tags:
Please select your location.