Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 09:05 IST
Share News :
പാലക്കാട്: ഒരുമിച്ച് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ പനയമ്പാട് സിമന്റ് ലോറി പാഞ്ഞ് കയറി മരിച്ച കൂട്ടുകാരികളെ ഒരുമിച്ച് ഖബറടക്കും. തുപ്പനാട് ജുമാമസ്ജിദിലാണ് ഇവരെ ഖബറടക്കുക. നാല് പേരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം രാവിലെ ആറരയോടെ വിദ്യാര്‍ത്ഥികളുടെ വീട്ടിലേയ്ക്ക് എത്തിച്ചു. വിദ്യാര്‍ത്ഥികള്‍ പഠിച്ച സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാകില്ല. വീടുകളില്‍ നിന്നും നാലുപേരുടെയും മൃതദേഹങ്ങള്‍ രാവിലെ 8.30ഓടെ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനത്തിന് എത്തിക്കും.
പൊതുദര്‍ശനത്തിന് ശേഷം രാവിലെ പതിനൊന്ന് മണിയോടെ നാല് പേരുടെയും മൃതദേഹം തുപ്പനാട് ജുമാമസ്ജിദില്‍ ഖബറടക്കും. നിദ ഫാത്തിമ, റിദ ഫാത്തിമ, ഇര്‍ഫാന ഷെറിന്‍, എ എസ് ആയിഷ എന്നിവര്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് കളിചിരി പറഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെ നാല് വിദ്യാര്‍ത്ഥിനികളും അതിദാരുണമായി അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്ന വഴി സിമന്റ് ലോഡ് വഹിച്ച ലോറി വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് മറിയുകയായിരുന്നു. മറ്റൊരു വണ്ടിയില്‍ ഇടിച്ച് നിയന്ത്രണം വിട്ട ലോറി പോസ്റ്റിലിടിച്ചാണ് കുട്ടികളുടെ മുകളിലേക്ക് മറിഞ്ഞത്.
വളരെ സാധാരണക്കാരായ കുടുംബങ്ങളില്‍പ്പെട്ട കുട്ടികളാണ് മരിച്ച നാല് വിദ്യാര്‍ത്ഥിനികളും. അപകടം നടന്നതിന് സമീപം പലചരക്കുകട നടത്തുന്ന ഷറഫുദ്ദീന്റെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. സ്‌കൂള്‍ കലോത്സവത്തിലെ തിളങ്ങും താരമായിരുന്നു ആയിഷ. സബ്ജില്ല സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ഒപ്പന ടീമിന്റെ മണവാട്ടി കൂടിയായിരുന്നു ആയിഷ. ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തുന്ന റഫീഖിന്റെ മൂത്തമകളാണ് മരിച്ച റിദഫാത്തിമ. റിദയ്ക്ക് ഒരു സഹോദരനും സഹോദരിയുമാണുള്ളത്. ഇര്‍ഫാന ഷെറിന്‍ അബ്ദുള്‍ സലാമിന്റെ മൂന്നുമക്കളില്‍ മൂത്തയാളായിരുന്നു. നാട്ടില്‍ സ്വന്തമായി പൊടിമില്ല് നടത്തി വരികയാണ് അബ്ദുള്‍ സലാം. അപകടത്തില്‍ മരിച്ച നിദ ഫാത്തിമയുടെ പിതാവ് അബ്ദുള്‍ സലീം പ്രവാസിയായിരുന്നു. ഇപ്പോള്‍ നാട്ടിലുള്ള അബ്ദുള്‍ സലീമിന്റെ രണ്ട് മക്കളില്‍ ഏകമകളാണ് നിദ ഫാത്തിമ
Follow us on :
Tags:
More in Related News
Please select your location.