Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെ. പ്രതീക്ഷ കോടതിയിലെന്ന് പി വി അന്‍വര്‍

28 Sep 2024 13:29 IST

Shafeek cn

Share News :

മലപ്പുറം: സംസ്ഥാനത്ത് നടക്കുന്നത് പച്ചയായ അധികാര ദുര്‍വിനിയോഗമെന്ന് പി വി അന്‍വര്‍ എംഎല്‍എ. കോടതിയിലാണ് തന്റെ പ്രതീക്ഷ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം. നിയമവിദഗ്ധരുമായി കൂടിയാലോചിച്ച് ഇക്കാര്യം തീരുമാനിക്കും. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് കൃത്യമായ അന്വേഷണം നടക്കുന്നില്ല. ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല. തനിക്കെതിരെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളിലും അന്വേഷണം നടക്കട്ടെയെന്നും പി വി അന്‍വര്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.


എഡിജിപി എം ആര്‍ അജിത് കുമാറിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുന്നില്ലെന്നും എഡിജിപിയെ തൊട്ടാല്‍ പൊള്ളുന്ന അവസ്ഥയാണുള്ളതെന്നും അന്‍വര്‍ പറഞ്ഞു. എഡിജിപിയെ തൊട്ടാല്‍ ആര്‍ക്കൊക്കെ പൊള്ളുമെന്നത് കേരളം ചര്‍ച്ച ചെയ്യട്ടെയെന്നും ഒരു ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ചെയ്യേണ്ട കാര്യങ്ങള്‍ താന്‍ ചെയ്യുകയാണെന്നും അന്‍വര്‍ പറഞ്ഞു. തനിക്കെതിരെ പ്രതിഷേധമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. അതിലൂടെ തന്നെ ഭയപ്പെടുത്താനാണ് പാര്‍ട്ടി നോക്കിയത്. തന്നെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി സെക്രട്ടറി ആഹ്വാനം ചെയ്തു. തങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്ന് അറിഞ്ഞാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തനിക്കെതിരെ മുദ്രവാക്യം വിളിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരും നേതൃത്വും നിസ്സഹായരാണ്. കഴിഞ്ഞ ദിവസം വരെ തന്റെ കൂടെ നിന്നവരാണവര്‍. തന്നെ വര്‍ഗീയവാദിയായി ചിത്രീകരിക്കുന്നവര്‍ക്ക് പോയി പണി നോക്കാം. സോഷ്യല്‍ മീഡിയയിലെ ലൈക്ക് കണ്ട് ജീവിക്കുന്നവനല്ല താനെന്നും ബ്ലോക്ക് ക്യാംപെയ്നില്‍ പേടിയില്ലെന്നും അന്‍വര്‍ പറഞ്ഞു.


പൊതുസമ്മേളനത്തിന് വന്നിട്ടില്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ താന്‍ പറയുന്നത് കേള്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞു. അവരെയൊക്കെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. ഒറ്റക്ക് ഒരു ജീപ്പിന് മുകളില്‍ കയറി നിന്ന് താന്‍ പ്രസംഗിക്കും. ബാരിക്കേഡ് ഇല്ലാത്ത ഒരുപാട് ആളുകള്‍ തന്റെ പരിപാടിയിലേക്ക് വരും. നാളെ നിലമ്പൂരില്‍ മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെക്കുറിച്ച് ആളുകളോട് വിശദമായി സംസാരിക്കുന്നുണ്ട്. രാഷ്ട്രീയ നെക്സസിന്റെ ഭാഗമാണ് ഇ എന്‍ മോഹന്‍ദാസെന്ന് അന്‍വര്‍ ആരോപിച്ചു. 


നിലമ്പൂരിലെ എല്ലാ വികസനങ്ങളും മുടങ്ങാന്‍ കാരണം ജില്ലാ സെക്രട്ടറിയാണ്. താന്‍ നിയമസഭയിലേക്ക് പോകരുതെന്ന് ആഗ്രഹിച്ച ആളാണ് അദ്ദേഹം. മുഖ്യമന്ത്രി ഉള്‍പ്പെടെ ആരും അന്ന് തന്റെ പ്രചാരണത്തിന് എത്തിയിരുന്നില്ല. അന്‍വറിനെ ചവിട്ടിത്തേക്കാന്‍ ജില്ലാ സെക്രെട്ടറി ആയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. മോഹന്‍ദാസ് പക്കാ ആര്‍എസ്എസ്‌കാരനാണെന്നും അന്‍വര്‍ ആരോപിച്ചു. താന്‍ നിസ്‌കരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല. മുസ്ലിം വിരോധിയാണ് ഇ എന്‍ മോഹന്‍ദാസ്. മതന്യൂനപക്ഷങ്ങള്‍ക്ക് ഫണ്ട് കൊടുക്കലല്ല സര്‍ക്കാര്‍ നിലപാടെന്ന് മോഹന്‍ദാസ് പറഞ്ഞതാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളോടും മോഹന്‍ദാസിന് എതിര്‍പ്പാണ്. ഇതുവരെ ഒരു സഹായവും സഭയുടെ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ക്ക് നല്‍കിയില്ല. മുന്‍ എസ് പി സുജിത് ദാസിന്റെ പ്രിയപ്പെട്ടവനാണ് മോഹന്‍ദാസെന്നും മലപ്പുറത്തെ ക്രിമിനല്‍ ജില്ലയാക്കാന്‍ സുജിത് ദാസ് ശ്രമിച്ചപ്പോള്‍ മോഹന്‍ദാസ് അതിന് കൂട്ടുനിന്നുവെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.


ബംഗാളിലെ അവസ്ഥയിലേക്ക് ഈ പാര്‍ട്ടി പോകരുത്. പാര്‍ട്ടി തകരരുത് എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താന്‍. നിലമ്പൂര്‍ നഗരസഭ ഉള്‍പ്പെടെ ഇടതിന് ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുനീളം താനുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നഗരസഭ ഇടതുമുന്നണിക്ക് ലഭിച്ചത്. ജനങ്ങള്‍ തന്ന അംഗീകാരമാണതെന്നും അന്‍വര്‍ പറഞ്ഞു.


Follow us on :

More in Related News