Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സം​ഗം ചെയ്യുകയും ചെയ്തിരുന്നു'. കങ്കണയുടെ കർഷക വിരുദ്ധ പരാമർശം തള്ളി ബിജെപി

27 Aug 2024 10:45 IST

Shafeek cn

Share News :

ന്യൂഡല്‍ഹി: 2020-21ല്‍ കര്‍ഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങള്‍ നടത്തിയെന്നുമുള്ള എംപി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തെ പരസ്യമായി ശാസിച്ച് ബിജെപി. എംപിക്ക് പാര്‍ട്ടിയുടെ നയപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ അനുവാദമോ അധികാരമോ ഇല്ലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം. ബിജെപി നേതാവും എംപിയുമായ കങ്കണ റണാവത്തിന്റെ പരാമര്‍ശം പാര്‍ട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ വാദത്തെ പാര്‍ട്ടി എതിര്‍ക്കുന്നുവെന്നും ബിജെപി വ്യക്തമാക്കി.


സാമൂഹിക ഐക്യത്തിലും എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയും വളര്‍ച്ച, വികസനം എന്ന ആശയത്തിലൂന്നിയാണ് പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ഭാവിയില്‍ ഇത്തരം പ്രസ്താവനകള്‍ നടത്തരുതെന്നും പാര്‍ട്ടി എംപിയോട് പറഞ്ഞു. വിഷയത്തില്‍ കങ്കണ പ്രതികരിച്ചിട്ടില്ല.


കര്‍ഷക സമര ശക്തി കേന്ദ്രമായ ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കങ്കണയുടെ കര്‍ഷക വിരുദ്ധ പരാമര്‍ശം. ഹിമാചല്‍ പ്രദേശിലെ മാണ്ഡി മണ്ഡലത്തില്‍ നിന്ന് വിജയിച്ച് രാഷ്ട്രീയത്തിലേക്ക് രം?ഗപ്രവേശം ചെയ്ത കങ്കണ മുംബൈയില്‍ നല്‍കിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം നടത്തിയത്.


''ഉന്നത നേതൃത്വം ശക്തമല്ലായിരുന്നുവെങ്കില്‍ ബംഗ്ലാദേശില്‍ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു. കര്‍ഷക സമരത്തില്‍ മൃതദേഹങ്ങള്‍ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കര്‍ഷകര്‍ക്ക് അനുകൂലമായ നിയമങ്ങള്‍ പിന്‍വലിച്ചതോടെ രാജ്യം മുഴുവന്‍ അമ്പരന്നു. ഇപ്പോഴും ആ കര്‍ഷകര്‍ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങള്‍ റദ്ദാക്കപ്പെടുമെന്ന് അവര്‍ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നില്‍'' എന്നാണ് കങ്കണ പറഞ്ഞത്.


അതേസമയം കങ്കണയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എംപി പറഞ്ഞ പരാമര്‍ശത്തോട് യോജിക്കുന്നില്ലെങ്കില്‍ പാര്‍ട്ടി അവരെ പുറത്താക്കുകയാണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേത് പറഞ്ഞു. കര്‍ഷകരെ കുറിച്ച് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ വ്യക്തി പാര്‍ലമെന്റില്‍ തുടരാന്‍ അര്‍ഹയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


കങ്കണയുടെ പരാമര്‍ശത്തില്‍ അങ്ങേയറ്റം ദുഖമുണ്ടാക്കുന്നതാണെന്നായിരുന്നു സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം. പലപ്പോഴും കര്‍ഷകരെ നിരന്തരം അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്ന വ്യക്തിയായ കങ്കണ, ഇപ്പോള്‍ കര്‍ഷകരെ കൊലപാതകികള്‍, ബലാത്സംഗം ചെയ്യുന്നവര്‍, ഗൂഢാലോചനക്കാര്‍, ദേശവിരുദ്ധര്‍ എന്നിങ്ങനെയാണ് പരാമര്‍ശിച്ചത്. ഇത് അങ്ങേയറ്റം വേദനാജനകമാണെന്നും എസ്‌കെഎം നേതാവ് ജ?ഗ്മോഹന്‍ സിംഗ് പറഞ്ഞു. അധിക്ഷേപങ്ങളും ബോധപൂര്‍വമായ പ്രകോപനങ്ങളും ഉണ്ടായിരുന്നിട്ടും, കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രതിഷേധങ്ങള്‍ സമാധാനപരവും നിയമാനുസൃതവുമായിരിക്കുമെന്ന ഉറപ്പ് നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കങ്കണ മാപ്പ് പറയണമെന്നും സിംഗ് വ്യക്തമാക്കി.

Follow us on :

More in Related News