Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാള മാധ്യമങ്ങളിലെ ഇസ്‌ലാമോഫോബിയ: ഐ.എസ്.എം സെമിനാർ വെള്ളിയാഴ്ച കോഴിക്കോട്ട്

09 Sep 2026 12:28 IST

NewsDelivery

Share News :

കോഴിക്കോട്: മലയാള മാധ്യമങ്ങളിൽ ഇസ്‌ലാമോഫോബിയ പ്രത്യക്ഷപ്പെടുന്ന രീതികളും അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങളും ചർച്ച ചെയ്യുന്നതിനായി ഐ.എസ്.എം സംഘടിപ്പിക്കുന്ന സെമിനാർ സെപ്റ്റംബർ 11 വെള്ളിയാഴ്ച വൈകിട്ട് 4ന് കോഴിക്കോട് കെ. പി. കേശവമേനോൻ ഹാളിൽ നടക്കും.

മാധ്യമങ്ങളിലെ വാർത്താ അവതരണത്തിൽ വസ്തുതാനിഷ്ഠയും നീതിയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സെമിനാറിൽ ചർച്ച ചെയ്യും. ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും വിമർശിക്കുന്നതും ഇസ്‌ലാമോഫോബിയയും തമ്മിലുള്ള വ്യത്യാസം, വാർത്തകളിലെ ഭാഷയും വിഷയ തിരഞ്ഞെടുപ്പും അവതരണ രീതിയും, ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ ഒരു സമുദായത്തെ പൊതുവായി കുറ്റപ്പെടുത്തുന്ന പ്രവണത തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

മാധ്യമങ്ങളെ വിമർശനാതീതമായി കാണുകയല്ല പരിപാടിയുടെ ലക്ഷ്യമെന്നും, മാധ്യമങ്ങളുടെ ഉത്തരവാദിത്വത്തെക്കുറിച്ചും വാർത്തകളുടെ അവതരണത്തിൽ പാലിക്കേണ്ട നീതിയെയും നിഷ്പക്ഷതയെയും കുറിച്ച് ആരോഗ്യകരമായ പൊതുചർച്ചയ്ക്ക് വേദിയൊരുക്കുകയാണ് ലക്ഷ്യമെന്നും സംഘാടകർ അറിയിച്ചു.

കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി സെമിനാർ ഉദ്ഘാടനം ചെയ്യും. കെ.എ. ഷാജി, വി.ആർ. അനൂപ്, എം.എം. അക്‌ബർ, ബാബുരാജ് ഭഗവതി, ശരീഫ് മേലേതിൽ, മുസ്തഫാ തൻവീർ, ശുക്കൂർ സ്വലാഹി എന്നിവർ പങ്കെടുക്കും.

മാധ്യമപ്രവർത്തകർ, സാമൂഹിക പ്രവർത്തകർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവരെ പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.

പത്രസമ്മേളനത്തിൽ ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ശുക്കൂർ സ്വലാഹി, സംസ്ഥാന സെക്രട്ടറി മുഹമ്മദ് അമീർ, കെ.എൻ.എം ജില്ലാ സെക്രട്ടറി വളപ്പിൽ അബ്ദുസ്സലാം, വിചിന്തനം എഡിറ്റർ നാസിം റഹ്മാൻ, അസ്ലം മങ്കാവ് എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News