Tue Dec 12, 2023 10:56 PM 1ST

Location  

Sign In

2028ല്‍ ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറും -കേന്ദ്രമന്ത്രി വി സോമണ്ണ

24 Oct 2025 16:23 IST

NewsDelivery

Share News :

റോസ്ഗര്‍ മേളയില്‍ നിയമന ഉത്തരവുകള്‍ മന്ത്രി കൈമാറി

കോഴിക്കോട് : നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ 2028ഓടെ മൂന്നാമതെത്തുമെന്ന് റെയില്‍വേ-ജലശക്തി വകുപ്പ് സഹമന്ത്രി വി സോമണ്ണ. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമനം ലഭിച്ചവര്‍ക്കുള്ള നിയമനപത്രങ്ങള്‍ വിതരണം ചെയ്യുന്നതിനായി കുന്ദമംഗലം പെരിങ്ങളം സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച റോസ്ഗര്‍ മേളയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ 11 വര്‍ഷത്തിനിടെ രാജ്യത്തിന്റെ സമഗ്ര വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിച്ചു. 2017-18 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 2023-24ല്‍ തൊഴില്‍നിരക്ക് 36 ശതമാനം ഉയര്‍ന്നു. സ്‌കില്‍ ഇന്ത്യ, കൗശല്‍ വികാസ് യോജന, പിഎം മുദ്ര, പിഎം വിശ്വകര്‍മ, പ്രധാനമന്ത്രി വികസിത് ഭാരത് തുടങ്ങിയ പദ്ധതികളിലൂടെ യുവാക്കളുടെ പുരോഗതിക്കും തൊഴില്‍ സൃഷ്ടിക്കും പ്രോത്സാഹനം നല്‍കാനായി. സര്‍ക്കാര്‍ തൊഴില്‍ മാത്രമല്ല, തൊഴില്‍-ബിസിനസ് ഇക്കോസിസ്റ്റം സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അതുവഴി രാജ്യത്താകെ ഉയര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് ഓണ്‍ലൈനായി പരിപാടിയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശവും ഉണ്ടായി. പോസ്റ്റല്‍, റെയില്‍വേ, ആഭ്യന്തര മന്ത്രാലയം, എയര്‍പോര്‍ട്ട് അതോറിറ്റി എന്നിവയിലായി 47 നിയമന ഉത്തരവുകളാണ് മേളയില്‍ വിതരണം ചെയ്തത്. 17-ാമത് റോസ്ഗര്‍ മേളയുടെ ഭാഗമായി രാജ്യത്താകമാനം 40 കേന്ദ്രങ്ങളില്‍ 51,000 ഉദ്യോഗാര്‍ഥികള്‍ക്കാണ് കേന്ദ്ര സര്‍ക്കാറിന്റെ വിവിധ വകുപ്പുകളില്‍ നിയമന ഉത്തരവ് ലഭിച്ചത്.


പരിപാടിയില്‍ പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മധുകര്‍ റൗട്ട്, കേരള നോര്‍ത്തേണ്‍ സര്‍ക്കിള്‍ പോസ്റ്റല്‍ സര്‍വീസ് ഡയറക്ടര്‍ വി ബി ഗണേഷ് കുമാര്‍, ഉദ്യോഗസ്ഥര്‍, നിയമന ഉത്തരവ് ലഭിച്ച ഉദ്യോഗാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Follow us on :

More in Related News