Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 15:33 IST
Share News :
കോട്ടയം: അക്ഷരനഗരിയിൽ സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ- സാഹിത്യ- സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. ഇതോടെ നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിർമ്മിച്ച അക്ഷരം മ്യൂസിയം ചരിത്രത്താളുകളിലായി. കോട്ടയം നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിൽ നടന്ന ചടങ്ങിൽ അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിച്ചു. സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമർപ്പിച്ചു.
തുറമുഖം- സഹകരണം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ ആമുഖപ്രഭാഷണം നടത്തി. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു. മറിയപ്പള്ളിയിൽ 15,000 ചതുരശ്രയടിയിലാണ് അക്ഷരം മ്യൂസിയം നിർമിച്ചിരിക്കുന്നത്.
നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടമാണ് നിലവിൽ പൂർത്തീകരിച്ചിരിക്കുന്നത്.
ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖംവരെ അടയാളപ്പെടുത്തുന്ന ഗാലറികളുണ്ടാകും. വരമൊഴിയായും ഗുഹാവരകളായും ചിത്രലിപികളായും പരിണമിച്ച ഭാഷയുടെ വ്യത്യസ്തതലങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഒന്നാം ഗാലറി. ഇന്ത്യൻ ലിപിസമ്പ്രദായങ്ങളുടെ സമഗ്രചരിത്രങ്ങൾ വിശദീകരിക്കുന്നതാണ് രണ്ടാം ഗാലറി. ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടി മുതൽ യൂണികോഡ് വരെയുള്ള ലിപിവിന്യാസത്തിന്റെ ചരിത്രമാണ് മൂന്നാംഗാലറിയിൽ. സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സഹകരണ പ്രസ്ഥാനത്തെയും കുറിക്കുന്ന വിവരങ്ങളാണ് നാലാം ഗാലറിയിൽ. കേരളത്തിലെ സാക്ഷാരതാപ്രവർത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ, ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.