Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത നവീകരണം: അപകടങ്ങൾ തുടർക്കഥ

21 Oct 2024 14:39 IST

ജേർണലിസ്റ്റ്

Share News :


അടിമാലി: ദേശീയപാത നവീകരണം നടക്കുന്ന ഭാഗങ്ങളിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കാലവർഷത്തിന്റെ ഭാഗമായി കളക്ടർ നിർത്തിവയ്ക്കുവാൻ നിർദ്ദേശിച്ച ദേശീയപാതയുടെ നവീകരണം പൂർണ്ണതോതിൽ പുനരാരംഭിക്കുവാൻ നടപടിയായില്ല.

മാസങ്ങൾക്കു മുൻപ് നവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച റോഡരികിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ഭീഷണിയാകുകയാണ്. ഇത്തരം അപകടക്കുഴികളിൽ നിരവധി വാഹനങ്ങളാണ് 

അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ചയും സമാനമായ അപകടം സംഭവിച്ചു.

ഞായറാഴ്ച രാവിലെ കൂമ്പൻപാറയ്ക്ക് സമീപം മൂന്നാറിൽ നിന്ന് വന്ന കാർ റോഡരികിലെ കുഴിയിൽ പതിച്ചു. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കഴിഞ്ഞയാഴ്ച പൂജ അവധിയുടെ ഭാഗമായി നിരവധി സഞ്ചാരികളാണ് മൂന്നാറിൽ എത്തിയത്. ഈ മൂന്ന് ദിവസത്തിനിടെ നാലിടത്ത് ഇത്തരത്തിൽ വാഹനങ്ങൾ റോഡരികിലെ വലിയ ഗർത്തങ്ങളിൽ വീണിരുന്നു. പലയിടത്തും ക്രെയിൻ ഉപയോഗിച്ച് വാഹനങ്ങൾ ഉയർത്തിയാണ് വാഹനങ്ങൾ പുറത്തെടുത്തത്. റോഡിന്റെ ഇത്തരം അപകടാവസ്ഥ അറിയാതെ എത്തുന്നവരാണ് പലപ്പോഴും അപകടത്തിൽപെടുന്നത്. മാസങ്ങൾക്കു മുമ്പ് എടുത്ത കുഴികളാണ് ഇപ്പോഴും ദേശീയപാതയോരത്ത് കാണുന്നത്. കഴിഞ്ഞ കാലവർഷത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് നിർമ്മാണം നിർത്തിവയ്ക്കുവാൻ ഇടുക്കി ജില്ലാ കളക്ടർ രേഖാമൂലം കരാറുകാരന് നിർദ്ദേശം നൽകിയിരുന്നു. അന്ന് ഉണ്ടായിരുന്ന ജില്ലാ കളക്ടർ ഷീബ ജോർജാണ് ഇത്തരത്തിൽ ഒരു ഉത്തരവ് കൈമാറിയത്. ഇതിനിടെ ജില്ലാ കളക്ടർ സ്ഥലം മാറിപ്പോയി. പിന്നീട് കാലാവസ്ഥ അനുകൂലമായെങ്കിലും നിർമ്മാണം പുനരാരംഭിക്കുവാൻ പുതിയ കളക്ടർ ഉത്തരവ് നൽകാത്തത് നിർമ്മാണം പഴയ തോതിൽ പൂർണ്ണമായി പുനരാരംഭിക്കുവാൻ കഴിയാതെ വന്നിരിക്കുന്നത്. പലയിടത്തും നാമമാത്രമായ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കളക്ടറുടെ ഉത്തരവ് കിട്ടാതെ നിർമ്മാണം പൂർണമായി ആരംഭിക്കുവാൻ നിയമപരമായി കഴിയില്ലെന്ന് ദേശീയപാത വിഭാഗം ഉദ്യോഗസ്ഥർ പറയുന്നു. മാസങ്ങൾക്കു മുൻപ് എടുത്ത റോഡരികിലെ ഗർത്തങ്ങളിൽ ഇപ്പോൾ വെള്ളവും ചെളിയും നിറഞ്ഞിരിക്കുന്നു. കാഴ്ചയിൽ ചെറിയ കുഴികളാണെങ്കിലും ഒന്നിൽ കൂടുതൽ വാഹനങ്ങൾ വീഴാവുന്ന വലിയ ഗർത്തങ്ങളാണ് പലതും. അടുത്തമാസം മുതൽ ടൂറിസം സീസൺ ആരംഭിക്കുകയാണ്. ഡിസംബറിന് മുൻപായി സ്കൂൾ കുട്ടികൾ അടക്കം നിരവധി വിനോദയാത്ര സംഘങ്ങൾ വർഷങ്ങളായി മൂന്നാറിൽ എത്തുന്നുണ്ട്. ഇത്തവണയും ഇത് ഉണ്ടാവും. വിദേശികൾ അടക്കമുള്ളവർ വരുന്ന സമയമാണ് വരുവാൻ പോകുന്നത്. വഴി പരിചയം ഇല്ലാത്ത ഡ്രൈവർമാർ എത്തുന്നതോടെ അപകട സാധ്യത വർദ്ധിക്കും. കഴിഞ്ഞ കാലവർഷത്തിൽ റോഡിലേക്ക് ഇടിഞ്ഞുവീണ മൺ തിട്ടകൾ പലയിടത്തും ഇപ്പോഴും ഗതാഗതത്തിന് തടസ്സമായി കിടക്കുന്നുണ്ട്.നവീകരണത്തിന്റെ ഭാഗമായി റോഡ് അരികിലെ മൺവിട്ടകൾ വലിയതോതിൽ ഇടിച്ച് റോഡിന് വീതി കൂട്ടിയിരുന്നു. പിന്നീട് വന്ന മഴയിൽ പലയിടത്തും ഈ പുതിയ വണ്ടി ഇടിഞ്ഞ് റോഡിലേക്ക് പതിച്ചിട്ടുണ്ട്. ഇത് ഇപ്പോഴും പഴയ അവസ്ഥയിൽ കിടക്കുന്നു. ഇത് പലയിടത്തും ഗതാഗതത്തിന് തടസ്സമാകുന്നുണ്ട്. ഈ മണ്ണുകളും റോഡിൽ നിന്ന് മാറ്റിയിട്ടില്ല. ഇത്തരം പ്രവർത്തികൾ പൂർണ്ണതയിൽ ആരംഭിക്കണമെങ്കിൽ കളക്ടർ പൂർണ്ണമായ നിർമ്മാണത്തിന് അനുമതി നൽകണമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Follow us on :

More in Related News