Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2024 12:04 IST
Share News :
മലപ്പുറം: മലപ്പുറം താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ സിബിഐക്കെതിരെ മരിച്ച താമിര്‍ ജിഫ്രിയുടെ കുടുംബം. സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ നീക്കം. 'നിലവില്‍ നാല് പ്രതികള്‍ ജാമ്യത്തിലാണ്. ജാമ്യത്തില്‍ വിടില്ലെന്ന് സിബിഐ ഉറപ്പ് തന്നതായിരുന്നു. ഇതുവരെയുള്ള അന്വേഷണ പുരോഗതി അറിയിച്ചില്ല. എന്താണ് സംഭവിക്കുന്നതെന്നും അറിയില്ല. മരണം നടന്നിട്ട് 14 മാസമായി. ഇതുവരെ ശാശ്വത നടപടി കാണുന്നില്ല. കുറ്റപത്രം സമര്‍പ്പിച്ചില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായത് കൊണ്ട് സര്‍ക്കാരിന്റെ അനുമതി വേണമെന്നാണ് പറയുന്നത്. പ്രതികള്‍ക്ക് ജാമ്യം കിട്ടിയിട്ട് കുറേയായി. സിബിഐയുടെ അന്വേഷണം വഴിമുട്ടുകയാണ്. കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നതില്‍ സിബിഐക്കെതിരെ ഹൈക്കോടതിയെ സമീപിക്കും', ഹാരിസ് ജിഫ്രി പറഞ്ഞു.
കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിട്ടും കുറ്റപത്രം സമര്‍പ്പിച്ചില്ലെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി പറഞ്ഞു. സിബിഐക്ക് വിഷയത്തില്‍ സ്വാര്‍ത്ഥ താല്‍പര്യമുണ്ടോയെന്ന് സംശയമുള്ളതായും സഹോദരന്‍ പറയുന്നു. സിബിഐയുടെ നിലപാടില്‍ സംശയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസന്വേഷണത്തിന്റെ തുടക്കത്തില്‍ കേസുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങള്‍ സിബിഐ കുടുംബത്തോട് പങ്കുവെച്ചിരുന്നെങ്കിലും ഇപ്പോള്‍ ഒന്നും അറിയിക്കുന്നില്ലെന്നാണ് ആക്ഷേപം. കേസന്വേഷണത്തിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കപ്പെടുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഇതിലുണ്ടോയെന്നും കുടുംബം സംശയിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിനായിരുന്നു എംഡിഎംഎ കൈവശം വെച്ചെന്ന കേസില്‍ തിരൂരങ്ങാടി മമ്പുറം സ്വദേശിയായ താമിറിനെയുള്‍പ്പടെ അറസ്റ്റ് ചെയ്തത്. മലപ്പുറം എസ്പിയുടെ കീഴിലുള്ള ലഹരിവിരുദ്ധ കര്‍മസേനയായ ഡാന്‍സാഫ് ടീമാണ് കസ്റ്റഡിയിലെടുത്തത്. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ താമിര്‍ ജിഫ്രി കൊല്ലപ്പെട്ടു. ക്രൂരമര്‍ദനമേറ്റാണ് മരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ടീമംഗങ്ങളായ എട്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. നാല് പൊലീസുകാര്‍ക്കെതിരെ കൊലപാതക കുറ്റവും ചുമത്തി. തുടര്‍ന്ന് ഒന്നാം പ്രതി സീനിയര്‍ സിപിഒ ജിനേഷ്, രണ്ടാം പ്രതി ആല്‍ബിന്‍ അഗസ്റ്റിന്‍, മുന്നാം പ്രതി അഭിമന്യു, നാലാം പ്രതി വിപിന്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.