Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള സ്ത്രീവിരുദ്ധ സിനിമ കോണ്‍ക്ലേവ് അനുവദിക്കില്ല; വിഡി സതീശന്‍

22 Aug 2024 15:05 IST

Shafeek cn

Share News :

 

 കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ അതേ ആരോപണങ്ങളാണ് ഡബ്ല്യു.സി.സിയും ഉയര്‍ത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊച്ചിയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി കൊടുത്താല്‍ വേണമെങ്കില്‍ അന്വേഷിക്കാമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ലെന്നതാണ് പ്രതിപക്ഷ നിലപാട്. അതു തന്നെയാണ് ഡബ്ല്യു.സി.സിയും പറഞ്ഞിരിക്കുന്നത്. ആരോപണ വിധേയരെയും ഇരകളെയും ഒന്നിച്ചിരുത്തി കോണ്‍ക്ലേവ് നടത്തുന്നത് തെറ്റാണെന്ന പ്രതിപക്ഷ വാദം തന്നെയാണ് ഡബ്ല്യു.സി.സിയും പറഞ്ഞത്. സിനിമ തൊഴിലിടത്ത് നടക്കുന്ന ക്രൂരമായ ലൈംഗിക ചൂഷണത്തെയും ലഹരി ഉപഭോഗത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടു വന്നത് ഡബ്ല്യു.സി.സിയാണ്. മൊഴികളും തെളിവുകളും സര്‍ക്കാരിന്റെ കയ്യില്‍ ഇരുന്നിട്ടാണ് ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് എന്നും വിഡി സതീശന്‍ പറഞ്ഞു.


വിഡി സതീശന്റെ വാക്കുകള്‍; 


ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് വായിക്കണം. ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ അത് മറച്ചുവയ്ക്കാതെ അന്വേഷണം നടത്തി നടപടി സ്വീകരിച്ചില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാണ്. ക്രിമിനല്‍ കുറ്റകൃത്യങ്ങളുടെ പരമ്പര നടന്നുവെന്ന് അറിവ് കിട്ടിയിട്ടും നാലര വര്‍ഷമായി സര്‍ക്കാര്‍ മറച്ചുവച്ചത് ഭാരതീയ ന്യായ സംഹിതയുടെ 199 വകുപ്പ് പ്രകാരം കുറ്റകരമാണ്. സര്‍ക്കാര്‍ വേട്ടക്കാരെ സംരക്ഷിക്കാനാണ് നാലര വര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 


ലൈംഗിക ചൂഷണത്തിന് വിധേയയാകുന്ന ഇരയുടെ വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നു മാത്രമാണ് സുപ്രീം കോടതിയുടെ മാര്‍ഗനിര്‍ദ്ദേശം. എന്നാല്‍ റിപ്പോര്‍ട്ട് ഒരിക്കലും പുറത്തു വിടരുതെന്ന് ജസ്റ്റിസ് ഹേമ പറഞ്ഞെന്ന തരത്തിലാണ് മുഖ്യമന്ത്രി വ്യാഖ്യാനിച്ചത്. റിപ്പോര്‍ട്ട് പുറത്തു വിടാതെ പൂഴ്ത്തി വച്ചതിലൂടെ ഗുരുതര ക്രിമിനല്‍ കുറ്റമാണ് സര്‍ക്കാര്‍ ചെയ്തത്. ആരോപണ വിധേയരെയും ഇരകളെയും ഒന്നിച്ചിരുത്തി സര്‍ക്കാര്‍ നടത്തുന്ന സിനിമ കോണ്‍ക്ലേവ് സ്ത്രീത്വത്തിന് എതിരായ അപമാനമാണ്. അത് ഒരു കാരണവശാലും നടത്താന്‍ പാടില്ല. പ്രതിപക്ഷം ഇരകള്‍ക്കൊപ്പമാണ്. കടുത്ത സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. സ്ത്രീകള്‍ അപമാനിക്കപ്പെടുകയും പാര്‍ശ്വവത്ക്കരിക്കപ്പെടുകയും ചെയ്യുന്നവരുടെ ശബ്ദമായി ഞങ്ങളുണ്ടാകും. ആരോപണ വിധേയരെയും സ്ത്രീകളെയും ഇരുത്തി സ്ത്രീകളെ അപമാനിക്കുന്ന കോണ്‍ക്ലേവ് അനുവദിക്കില്ല. കോണ്‍ക്ലേവിന് തുനിഞ്ഞാല്‍ ശക്തമായി എതിര്‍ക്കും. സിനിമയിലെ എല്ലാവരും കുറ്റക്കാരല്ല. എന്നാല്‍ ഗുരുതര കുറ്റകൃത്യം ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്നേ മതിയൂകൂ. ഇല്ലെങ്കില്‍ നിയമപരമായ നടപടികളുമായി മുന്നോട്ടു പോകും. 


നൂറു കൊല്ലം മുന്‍പ് പിന്നാക്കം നിന്നിരുന്ന ജന വിഭാഗങ്ങളെ ജാതിയില്‍ പോലും ഉള്‍പ്പെടുത്തിയിരുന്നില്ല. അതുപോലെയാണ് സിനിമ ലോകവും. സിനിമ ലോകത്ത് പീഡനത്തിന് ഇരകളായ സ്ത്രീകളുടെ അവസ്ഥയും അതുതന്നെയാണ്. അവരും സിനിമ കുടുംബത്തിലെ അംഗങ്ങളല്ലേ? അവര്‍ ക്രൂരമായ പീഡനവും ചൂഷണവും ഏറ്റുവാങ്ങിയപ്പോള്‍ അവരെ ചേര്‍ത്തു പിടിക്കാന്‍ സഹോദരന്‍മാരെ ആരെയും കാണുന്നില്ലല്ലോ? കുറ്റക്കാരെ സംരക്ഷിക്കാന്‍ ആരും ഇറങ്ങേണ്ട. 


ഇരകള്‍ കൊടുത്ത മൊഴിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. കുറ്റകൃത്യങ്ങളുടെ പരമ്പരയുണ്ടായെന്നതിന്റെ തെളിവുകളാണ് സര്‍ക്കാരിന്റെ പക്കലുള്ളത്. തെളിവ് സഹിതമുള്ള വിവരങ്ങള്‍ മുന്നിലുള്ളപ്പോള്‍ സര്‍ക്കാര്‍ ആരുടെ പരാതി അന്വേഷിച്ചാണ് പോകുന്നത്?  ഇതേ ഇരകള്‍ തന്നെ വീണ്ടും പരാതി നല്‍കണമെന്ന സര്‍ക്കാര്‍ വാദം ധാര്‍മ്മികമായും നിയമപരമായും തെറ്റാണ്. സീനിയര്‍ വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സംഘം ഇതേക്കുറിച്ച് അന്വേഷിക്കണം. 


സര്‍ക്കാരിന് നിയമോപദേശം കൊടുക്കേണ്ടത് ബഹ്റയല്ല. സര്‍ക്കാര്‍ ആഗ്രഹിച്ച ഉപദേശമാണ് അദ്ദേഹം നല്‍കിയത്. കേസ് എടുക്കണമോയെന്നു തീരുമാനിക്കാന്‍ നിയമമൊന്നും പഠിക്കേണ്ട. സമാന്യ ബോധം മതി. പ്രതിപക്ഷം ഉയര്‍ത്തിയ വാദത്തിനാണ് ധനകാര്യമന്ത്രി പിന്തുണ നല്‍കിയത്. കേസ് എടുക്കാതെ ഒളിച്ചുവയ്ക്കുന്നവര്‍ക്ക് ആറ് മാസത്തെ തടവ് ശിക്ഷ കിട്ടാം. രണ്ടു സാംസ്‌കാരിക മന്ത്രിമാരും മുഖ്യമന്ത്രിയുമാണ് കുറ്റകൃത്യം മറച്ചുവച്ചത്. ഗുരുതരമായ തെറ്റാണ് സര്‍ക്കാര്‍ ചെയ്തത്. 


മന്ത്രി ഗണേഷ് കുമാറിന് പങ്കുണ്ടോയെന്ന് അന്വേഷിച്ച് കണ്ടെത്തട്ടെ. രാഷ്ട്രീയമായല്ല പ്രതിപക്ഷം ഈ വിഷയത്തെ കാണുന്നത്. സ്ത്രീ വിഷയമായാണ് കാണുന്നത്. സ്ത്രീപക്ഷ നിലപാട് കേരളത്തിന്റെ പൊതുസമൂഹത്തിന് വേണം. പ്രതിപക്ഷമെന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് ഏത് കൊലകൊമ്പനാണ് ആരോപണ വിധേയനാണെന്നു നോക്കാതെ നിലപാടെടുത്തിരിക്കുന്നത്. അപമാനിക്കപ്പെടുകയും നീതി നിഷേധിക്കപ്പെടുകയും ചെയ്ത സ്ത്രീകള്‍ക്കു വേണ്ടിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. അവര്‍ക്ക് നീതി ലഭിക്കുന്നതു വരെ ഞങ്ങള്‍ പോരാടും.

 

Follow us on :

More in Related News