Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2026 19:21 IST
Share News :
കോഴിക്കോട് : മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകം 'ആകാശമിഠായി' നാളെ
ജനുവരി 24 ന് നാടിന് സമര്‍പ്പിക്കുമെന്ന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ലോകമെമ്പാടും വായനക്കാരുള്ള ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ക്കും ബഷീറിയന്‍ വായനകള്‍ക്കും ചര്‍ച്ചകള്‍ക്കും ആസ്വാദനത്തിനുമുള്ള വേദിയായി 'ആകാശമിഠായി' മാറുമെന്നും മന്ത്രി പറഞ്ഞു.
ബഷീര്‍ ഓര്‍മകള്‍ എന്നും നിലനിര്‍ത്തുന്ന രീതിയില്‍ ബഷീര്‍ സാഹിത്യോത്സവ വേദിയായി ആകാശമിഠായി മാറണമെന്നാണ് ആഗ്രഹം. ആകാശമിഠായി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഫറോക്ക് പിഡബ്ല്യുഡി റെസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപനമുണ്ടായ മലബാര്‍ ലിറ്റററി സര്‍ക്യൂട്ടിന്റെ പ്രധാന കേന്ദ്രമായി ബേപ്പൂര്‍ ബിസി റോഡിലെ സ്മാരകം ഉയരും. നാടിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.07 കോടി രൂപയുടെ പദ്ധതിയാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ആധുനിക മാതൃകയില്‍ 11,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പണിത ഇരുനില കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, കഫെറ്റീരിയ, ശുചിമുറി, ലിഫ്റ്റ് സൗകര്യങ്ങളുണ്ട്. ഗ്രീന്‍ റൂം അടങ്ങിയ ഓപ്പണ്‍ സ്റ്റേജ്, ചുറ്റുമതില്‍, കരകൗശല അലങ്കാര വസ്തുക്കളുടെ വില്‍പന കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. ഒപ്പം, ലാന്‍ഡ്‌സ്‌കേപ്പിംഗ്, ലൈറ്റിംഗ് പ്രവര്‍ത്തികളും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായിട്ടുള്ളതായി മന്ത്രി അറിയിച്ചു.
ഫെയ്‌സ് ആര്‍ട്ട് ആര്‍ക്കിടെക്റ്റ്‌സ് ഡിസൈന്‍ ചെയ്ത കെട്ടിടത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോപറേറ്റീവ് സൊസൈറ്റിയാണ് നടപ്പിലാക്കിയത്.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലേക്കായി 10 കോടി രൂപയുടെ ഭരണാനുമതി ടൂറിസം വകുപ്പ് നല്‍കിയിട്ടുണ്ട്. ബഷീര്‍ ആര്‍ക്കൈവ്‌സ്, കിനാത്തറ, ബോര്‍ഡ് റും, ലൈബ്രറി എന്നിവ അടങ്ങുന്ന കള്‍ച്ചറല്‍ ബില്‍ഡിംഗ്, അക്ഷരത്തോട്ടം തുടങ്ങി പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
ബേപ്പൂര്‍ ബിസി റോഡിലുള്ള സ്മാരകത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന ചടങ്ങില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഒ സദാശിവന്‍ അധ്യക്ഷനാകും.
എം കെ രാഘവന്‍ എം പി, സിനിമ നടനും സംവിധായകനുമായ പ്രകാശ് രാജ് എന്നിവര്‍ മുഖ്യാതിഥികളാകും. കോര്‍പറേഷന്‍ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ രാജീവ്, ബേപ്പൂര്‍ മുന്‍ എംഎല്‍എ വി കെ സി മമ്മദ് കോയ, സാഹിത്യകാരരായ കെ ഇ എന്‍ കുഞ്ഞമ്മദ്, പി കെ പാറക്കടവ്, ബഷീര്‍ കുടുംബാംഗങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വാര്‍ത്ത സമ്മേളനത്തില്‍ ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.