Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൈകളും കാലുകളും ബന്ധിച്ച നിലയില്‍ 40 മണിക്കൂര്‍ നീണ്ട യാത്ര; അമേരിക്ക ഇന്നലെ അമൃത്സറില്‍ ഇറക്കിവിട്ടവര്‍ക്ക് പറയാനുള്ളത്

06 Feb 2025 12:20 IST

Shafeek cn

Share News :

'40 മണിക്കൂര്‍ നീണ്ട യാത്രയില്‍ ഞങ്ങളുടെ കൈകള്‍ വിലങ്ങുകൊണ്ടും കാലുകള്‍ ചങ്ങലകൊണ്ടും ബന്ധിച്ചിരിന്നു, സീറ്റില്‍ നിന്ന് ഒരിഞ്ച് അനങ്ങാന്‍ അനുവദിച്ചിരുന്നില്ല. പല തവണ ആവശ്യപ്പെടുമ്പോള്‍ മാത്രം ടോയ്ലെറ്റില്‍ കൊണ്ടുപോകും, വിമാനത്തിലെ സുരക്ഷാ ജീവനക്കാര്‍ വാതില്‍ തുറന്ന് കാത്തിരിക്കും..' അമേരിക്ക അനധികൃത കുടിയേറ്റക്കാരെന്ന് മുദ്രകുത്തി അതിക്രൂരമായി ഇന്നലെ ഇന്ത്യയിലെത്തിച്ച 104 പേരില്‍ ഒരാളായ പഞ്ചാബിലെ ഹോഷിയാര്‍പൂരിലെ തഹ്ലി ഗ്രാമത്തില്‍ നിന്നുള്ള 40 കാരനയ ഹര്‍വീന്ദര്‍ സിംഗിന്റെ വാക്കുകളാണിത്.


'നരകത്തേക്കാള്‍ മോശമായത്' എന്നാണ് ഈ യാത്രയെ ഹര്‍വീന്ദര്‍ സിംഗ് വിശേഷിപ്പിച്ചത്. '40 മണിക്കൂര്‍ ശരിയായി ഭക്ഷണം കഴിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. കൈയില്‍ വിലങ്ങുമായി ഭക്ഷണം കഴിക്കാന്‍ അവര്‍ നിര്‍ബന്ധിക്കുമായിരുന്നു. കഴിക്കാനായി കുറച്ച് മിനിറ്റുകള്‍ കൈ വിലങ്ങ് നീക്കം ചെയ്യാന്‍ സുരക്ഷാ ജീവനക്കാരോട് അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ കേട്ടില്ല. ഒരു ദയയുള്ള ക്രൂ അംഗം പഴങ്ങള്‍ വാഗ്ദാനം ചെയ്തു.


ഫെബ്രുവരി നാലിന് ടെക്‌സസിലെ സാന്‍ അന്റോണിയോയില്‍ നിന്ന് ഇന്ത്യയിലേക്ക് പുറപ്പെട്ട യുഎസ് സൈനിക വിമാനം സി-17 ഗ്ലോബ്മാസ്റ്റര്‍ - ഇന്നലെ പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങുന്നതിന് മുമ്പ് ഇന്ധനം നിറയ്ക്കുന്നതിനായി നാല് പിറ്റ് സ്റ്റോപ്പുകളിലാണ് നിര്‍ത്തിയത്. 2024 ജൂണിലാണ് ഹര്‍വീന്ദറും ഭാര്യ കുല്‍ജീന്ദര്‍ കൗറും അവരുടെ ജീവിത പ്രാരാപ്തങ്ങള്‍ കാരണം യുഎസിലേക്ക് പോകാനുള്ള വഴികള്‍ നോക്കുന്നത്. 12 വയസുള്ള മകനും 11 വയസുള്ള മകള്‍ക്കും നല്ലൊരു ജീവിതം കൊടുക്കാനായാണ് പശുക്കളെ വളര്‍ത്തി ജീവിച്ചിരുന്ന അവര്‍ അങ്ങനൊരു തീരുമാനമെടുത്തത്.


നിയമപരമായി 15 ദിവസത്തിനുള്ളില്‍ ഹര്‍വീന്ദറിനെ യുഎസിലേക്ക് കൊണ്ടുപോകാമെന്ന് ഒരു അകന്ന ബന്ധു വാഗ്ദാനം ചെയ്തു. തുക സമാഹരിക്കാന്‍, കുടുംബം തങ്ങളുടെ ഒരേക്കര്‍ ഭൂമി പണയപ്പെടുത്തി സ്വകാര്യ വായ്പക്കാരില്‍ പലിശയ്ക്ക് കടം വാങ്ങി. അങ്ങനെ 42 ലക്ഷത്തോളം രൂപ മുടക്കിയാണ് ഹര്‍വീന്ദര്‍ യാത്ര തിരിച്ചത്. പല രാജ്യങ്ങളിലൂടെ ഏറെ യാതനകള്‍ സഹിച്ചാണ് ഹര്‍വീന്ദര്‍ അമേരിക്കയുടെ അതിര്‍ത്തികളിലേക്ക് എത്തപ്പെട്ടത്.


ജനുവരി 15നാണ് ഹര്‍വീദര്‍ അവസാനമായി ഭാര്യയോട് സംസാരിച്ചത്. ബുധനാഴ്ച യുഎസില്‍ നിന്ന് തിരിച്ചയച്ച 104 നാടുകടത്തപ്പെട്ടവരില്‍ അയാളും ഉണ്ടെന്ന് ഗ്രാമവാസികള്‍ അറിയിച്ചപ്പോള്‍ മാത്രമാണ് കുല്‍ജീന്ദര്‍ വാര്‍ത്ത അറിഞ്ഞത്. കഴിഞ്ഞ മാസം ഹര്‍വീന്ദറുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ട്രാവല്‍ ഏജന്റിനെതിരെ ഗ്രാമ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നതായി കുല്‍ജീന്ദര്‍ പറഞ്ഞു. ഏജന്റിനെതിരെ കര്‍ശന നടപടിയെടുക്കണമെന്നും യാത്ര മുടങ്ങിയതിന് ചെലവഴിച്ച 42 ലക്ഷം രൂപ തിരികെ നല്‍കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.



'ഞങ്ങള്‍ക്ക് എല്ലാം നഷ്ടപ്പെട്ടു, ഞങ്ങളുടെ കുട്ടികള്‍ക്ക് മികച്ച ഭാവി മാത്രമേ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നുള്ളൂ, ഇപ്പോള്‍ ഞങ്ങള്‍ക്ക് കടം മാത്രമായി'- അവള്‍ പറഞ്ഞു. രണ്ടര മാസം മുമ്പ് ഗ്വാട്ടിമാലയിലായിരുന്നപ്പോള്‍ അവസാനമായി നല്‍കിയ 10 ലക്ഷം രൂപ ഉള്‍പ്പെടെ ഹര്‍വീന്ദറിന്റെ യാത്രയുടെ ഓരോ ഘട്ടത്തിലും ഏജന്റ് പണം തട്ടിയതായി കുല്‍ജീന്ദര്‍ വെളിപ്പെടുത്തി. ഹര്‍വീന്ദര്‍പോയ സമയം പാട്ടത്തിനെടുത്ത ഭൂമി കൃഷിചെയ്തും കന്നുകാലികളെ വളര്‍ത്തിയുമാണ് കുടുംബം ജീവിച്ചത്. ഹര്‍വീന്ദറിന്റെ പ്രായമായ മാതാപിതാക്കള്‍ 85 വയസുള്ള അച്ഛനും 70 വയസുള്ള അമ്മയും ഇപ്പോഴും വയലില്‍ പണിയെടുക്കുന്നു.


അതേസമയം കുറ്റവാളികളെ പോലെ ഇന്ത്യന്‍ പൗരന്മാരെ സൈനിക വിമാനത്തില്‍ കൊണ്ടുവന്ന് അമൃത്സറില്‍ ഇറക്കിവിട്ട അമേരിക്കന്‍ നടപടിയോട് ശക്തമായ പ്രതിഷേധമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയരുന്നത്. ട്രംപിന്റെ നടപടിയില്‍ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തികളായി മാറിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.


അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ ട്രംപിന്റെ ശക്തമായ നടപടികളെ അപലപിച്ച് കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ നടത്തിയ ഇടപെടല്‍ പോലും നരേന്ദ്ര മോദിക്ക് നടത്താനിയില്ലേയെന്നും വിമര്‍ശനം ഉയരുന്നു. ഇന്ത്യയിലേക്ക് അയച്ച പോലെ കൊളംബിയയിലേക്കും അനധികൃത കുടിയേറ്റക്കാരെ നിറച്ച വിമാനം ഇറക്കാന്‍ ട്രംപ് തീരുമാനിച്ചെങ്കിലും പ്രസിഡന്റ് ഗുസ്താവോ പെട്രോ അതിന് വിസമ്മതിക്കുകയും നാട്ടിലേക്ക് മടങ്ങുന്ന കുടിയേറ്റക്കാരെ കുറ്റവാളികളെപ്പോലെ പരിഗണിക്കാതെ സിവിലിയന്‍ വിമാനങ്ങളില്‍ അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.



അമേരിക്കന്‍ സൈനിക വിമാനത്തെ ഇന്ത്യയുടെ മണ്ണില്‍ ഇറങ്ങാന്‍ അനുവദിച്ചതിലും, നാടുകടത്തപ്പെട്ട് രാജ്യത്ത് എത്തിയവരെ വിമാനത്താവളത്തില്‍ നിന്ന് മധ്യമങ്ങളോടോ മറ്റുള്ളവരോടോ സംസാരിക്കാന്‍ പോലും അനുവദിക്കാതെ പോലീസ് വാഹനങ്ങളില്‍ അവരുടെ നാട്ടിലേക്ക് അയച്ചതിലും ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാം പക്ഷേ അത് യാത്ര വിമാനങ്ങളില്‍ അയക്കാമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ഉള്‍പ്പെടെ പ്രതികരിച്ചത്. അമേരിക്ക തിരച്ചയിച്ചവരെ വിമാനത്തില്‍ കെട്ടിയിട്ടാണ് കൊണ്ടു വന്നെന്ന് കൂടുതല്‍ പേര്‍ വെളിപ്പെടുത്തുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം ഈ മാസം 13 ന് തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനം നടത്തും.


Follow us on :

More in Related News